| Tuesday, 21st April 2026, 10:50 am

കടുത്ത ജാതി വിവേചനം: തമിഴ്നാട്ടില്‍ ക്ഷേത്ര പ്രവേശനം നിഷേധിച്ചതിനെതിരെ ഗ്രാമവാസികളുടെ പ്രതിഷേധം

ആദർശ് എം.കെ.

കരൂര്‍: തമിഴ്നാട്ടിലെ കരൂര്‍ ജില്ലയില്‍ ജാതി വിവേചനത്തെത്തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചതിനെതിരെ പ്രതിഷേധവുമായി ഗ്രാമവാസികള്‍.

പുഞ്ചൈ കടമ്പന്‍കുറിച്ചി ഗ്രാമത്തിലെ മാരിയമ്മന്‍ ക്ഷേത്രത്തിലാണ് ദേവേന്ദ്രകുല വെള്ളാളര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രവേശനം നിഷേധിച്ചത്. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഞായറാഴ്ച ഗ്രാമവാസികള്‍ ക്ഷേത്രത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തുകയായിരുന്നു.

ഗൗണ്ടര്‍ വിഭാഗത്തില്‍ പെട്ട സവര്‍ണ്ണ ഹിന്ദുക്കള്‍ തങ്ങളെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാനോ പൂജകള്‍ നടത്താനോ അനുവദിക്കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.

മുന്‍പ് ഇരുവിഭാഗങ്ങളും ചേര്‍ന്ന് ട്രസ്റ്റികളെ നാമനിര്‍ദേശം ചെയ്യുകയും വാര്‍ഷിക ഉത്സവങ്ങള്‍ക്കായി സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിരുന്നുവെന്ന് ദേവേന്ദ്രകുല വെള്ളാളര്‍ വിഭാഗത്തിന്റെ ഗ്രാമത്തലവന്‍ പൊന്‍ മുത്തുകുമാര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

എന്നാല്‍, കഴിഞ്ഞ ആറ്-ഏഴ് വര്‍ഷമായി തങ്ങളുടെ വിഹിതം സ്വീകരിക്കാന്‍ മറുവിഭാഗം തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, ക്ഷേത്രത്തിന് ചുറ്റും പുതുതായി മതിലും ഗ്രില്‍ ഗേറ്റും നിര്‍മിച്ചതോടെ തങ്ങള്‍ക്ക് അകത്തേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ക്ക് നീതി വേണം. അധികാരികള്‍ ഈ വിഷയത്തില്‍ ഇടപെടുകയും എല്ലാവര്‍ക്കും ഒരുപോലെ ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധന നടത്താനും സാധിക്കണം,’ പ്രദേശവാസികളിലൊരാളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കരൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനും ഡി.വൈ.എസ്.പിക്കും പരാതി നല്‍കിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച സമാധാന ചര്‍ച്ചകള്‍ നടന്നു. നിലവില്‍, തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ക്ഷേത്രത്തിന് പുറത്തുനിന്ന് പ്രാര്‍ത്ഥിക്കാനാണ് വാങ്കല്‍ പൊലീസ് ഗ്രാമവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Content highlight: Karur villagers are protesting against being banned from the temple on the grounds of caste discrimination.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more