| Sunday, 28th September 2025, 11:33 am

കരൂര്‍ ദുരന്തം; മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം മേധാവിയും നടനുമായ വിജയ്. തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

ടി.വി.കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് വിജയ് ധനസഹായം പ്രഖ്യാപിച്ചത്. നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, വിജയ് ഇന്ന് (ഞായര്‍) വൈകുന്നേരത്തോടെ കരൂരിലെത്തും. ചികിത്സയിൽ തുടരുന്നവരെ വിജയ് ആശുപത്രിയിലെത്തി സന്ദർശിക്കുമെന്നാണ് വിവരം.

ധനസഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള എക്‌സ് പോസ്റ്റില്‍, കരൂരിലെ അപകടത്തില്‍ അതിയായ വേദനയുണ്ടെന്നും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെയെന്നും വിജയ് പറഞ്ഞു.

നേരത്തെ തമിഴ്‌നാട് സര്‍ക്കാരും കരൂര്‍ ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവുമാണ് ധനസഹായം.

പണം നമുക്കുണ്ടായ മുറിവിന് പരിഹാരമാകില്ലെന്ന് അറിയാം. കൂടെയുണ്ടാകുമെന്നും വിജയ് അറിയിച്ചു. അതേസമയം കരൂരിലെ ദുരന്തത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ടി.വി.കെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി വി.പി. മതിയഴകന്‍ അടക്കമുള്ളവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കരൂര്‍ ടൗണ്‍ പൊലീസിന്റേതാണ് നടപടി.

നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസ്. നടന്‍ വിജയ്ക്കെതിരെയും കേസെടുക്കുമെന്ന് കരൂര്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സൂചന നല്‍കിയിരുന്നു.

ഉദയനിധി സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരും മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Content Highlight: Karur tragedy: Vijay announces Rs 20 lakh financial assistance to the families of the deceased

Latest Stories

We use cookies to give you the best possible experience. Learn more