ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് കാരണം ടി.വി.കെ സ്ഥാപകനും നടനുമായ വിജയ് വൈകിയെത്തിയതാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എ.കെ സ്റ്റാലിൻ. വിജയ് എത്തിയത് ഏഴ് മണിക്കൂർ വൈകിയാണെന്ന് സ്റ്റാലിൻ പറഞ്ഞു.
ദുരന്തത്തെകുറിച്ച് സ്റ്റാലിൻ സർക്കാരും പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമിയും തമ്മിൽ സഭയിൽ വാദപ്രതിവാദങ്ങൾ നടന്നു. പ്രതിപക്ഷം സഭയിൽ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തെ കുറിച്ചും ജനക്കൂട്ട നിയന്ത്രണത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾ സ്റ്റാലിൻ സർക്കാരിനുനേരെ ഉയർത്തി.
കാത്തുനിന്ന ജനക്കൂട്ടത്തിന് വെള്ളമോ ഭക്ഷണമോ നൽകാൻ സംഘാടകർ തയ്യാറായില്ലെന്നും ജനക്കൂട്ടത്തിന് സമീപം വാഹനം നിർത്തരുതെന്ന പൊലീസിന്റെ അഭ്യർത്ഥനയും ടി.വി .കെ സംഘാടകർ അവഗണിച്ചുവെന്നും സ്റ്റാലിൻ ആരോപിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ 606 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
‘വാഹനം അക്ഷയ ആശുപത്രിയും കടന്ന് നീങ്ങിയപ്പോൾ ഇരുവശത്തും തിങ്ങി നിറഞ്ഞിരുന്ന ആളുകൾ ആടിയുലഞ്ഞു. ആളുകൾ പരിഭ്രാന്തരായി. ജനങ്ങൾക്ക് ശ്വാസം മുട്ടുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും വീഴുകയും ചെയ്തു,’ വിജയിയുടെ പേര് പരാമർശിക്കാതെ സ്റ്റാലിൻ പറഞ്ഞു.
കരൂർ സംഭവത്തിന്റെ വീഡിയോകളും തെളിവുകളും വിശദീകരണങ്ങളും ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ടെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് കൃത്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ടി.വി.കെ റാലിയിലെ ജനപങ്കാളിത്തം മുൻകൂട്ടികാണുന്നതിൽ ഡി.എം. കെ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം പറഞ്ഞു.
സുരക്ഷാ ആശങ്കകൾ ഭരണകൂടം അവഗണിച്ചതും സർക്കാരിന്റെ അലസമായ മനോഭാവവുമാണ് തമിഴ്‌നാട് കണ്ട ഏറ്റവും വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് കരൂർ ദുരന്തത്തിൽ സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടത്. ദുരന്തത്തിൽ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
Content Highlight: Karur tragedy; Stalin blames Vijay’s late arrival; War of words in the Assembly