ന്യൂദല്‍ഹി: കരൂര്‍ ആള്‍ക്കൂട്ട ദുരന്തം ഉള്‍പ്പെടെയുള്ള കേസുകളില്‍ വാദം കേള്‍ക്കുന്നതിലും കേസ് ലിസ്റ്റ് ചെയ്യുന്നതിലും മദ്രാസ് ഹൈക്കോടതിക്ക് ‘എന്തോ തെറ്റ്’ സംഭവിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി. വിഷയത്തില്‍ കോടതിയുടെ മറുപടി ആരാഞ്ഞിട്ടുണ്ടെന്നും സുപ്രീം കോടതി വ്യാഴാഴ്ച പറഞ്ഞു.
കരൂരില്‍ ടി.വി.കെ പാര്‍ട്ടിയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ കൊല്ലപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി സംശയം പ്രകടിപ്പിച്ചത്.
‘ഹൈക്കോടതിയില്‍ എന്തോ ഒരു കാര്യം തെറ്റായി നടക്കുന്നുണ്ട്. ഹൈക്കോടതിയില്‍ സംഭവിക്കുന്നത് ശരിയായ കാര്യമല്ല.വിഷയത്തില്‍ കോടതി രജിസ്ട്രാര്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്, നമുക്ക് നോക്കാം,’ കോടതി പറഞ്ഞു.
മധുര ബെഞ്ചിന്റെ കീഴില്‍ വരുന്ന കരൂരിലെ ഒരു കേസ് എങ്ങനെയാണ് ചെന്നൈ ബെഞ്ച് പരിഗണിച്ചതെന്ന് സുപ്രീം കോടതി ചോദിച്ചു.
തമിഴ്‌നാട് പൊലീസിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു പ്രത്യേക അന്വേഷണസംഘത്തെ എങ്ങനെയാണ് രൂപീകരിച്ചത്? അതേദിവസം തന്നെ മധുര ബെഞ്ച് കേസ് കേന്ദ്ര ഏജന്‍സിയായ സി.ബി.ഐയ്ക്ക് കൈമാറുന്നത് വിസമ്മതിച്ചു.
എങ്ങനെയാണ് ഹൈക്കോടതിയുടെ രണ്ട് ബെഞ്ചുകളില്‍ നിന്ന് പരസ്പര വിരുദ്ധമായ ഉത്തരവുണ്ടായത്? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്
സുപ്രീംകോടതി ഉത്തരം തേടിയിരിക്കുന്നത്.
മദ്രാസ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചായിരുന്നു ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്‌ണോയി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ പരാമര്‍ശം. ഒക്ടോബറിലാണ് കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ട് തേടിയത്. കേസിലെ കക്ഷികള്‍ക്ക് റിപ്പോര്‍ട്ട് കൈമാറണമെന്നും പരമോന്നത കോടതി നിര്‍ദേശിച്ചു.
അതേസമയം, കേസില്‍ അന്വേഷണം നടത്താനായി നിയമിക്കപ്പെട്ട ഹൈക്കോടതി റിട്ട. ജഡ്ജി അരുണ ജഗദീശന്റെ ഏകാംഗ കമ്മീഷന്‍ സ്‌റ്റേ ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചു, കമ്മീഷന്‍ തുടരേണ്ടത് അത്യാവശ്യമാണെന്നും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ തടയുന്നതിന് സഹായകരമാകുമെന്നും സര്‍ക്കാര്‍ വാദിച്ചു.
കമ്മീഷന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് മദ്രാസ് ഹൈക്കോടതിയില്‍ കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് സംബന്ധിച്ച് പരിശോധന നടത്തുമെന്ന് സുപ്രീം കോടതി അറിയിച്ചു.
Content Highlight: Karur tragedy: ‘Something went wrong’ in Madras High Court proceedings: Supreme Court