കരൂര്‍: ടി.വി.കെ റാലിക്കിടെയുണ്ടായ മഹാദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ കരൂരില്‍ നിന്നും ചെന്നൈയിലേക്ക് കടന്ന് നടനും ടി.വി.കെ നേതാവുമായ വിജയ്.
റാലിക്കിടയിലെ തിക്കും തിരക്കും അപകടത്തിലേക്ക് വഴി മാറിയപ്പോള്‍ തന്നെ വേദി വിട്ട വിജയ്, വൈകാതെ കരൂരില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് കടന്നുകളഞ്ഞിരുന്നു. പിന്നീട് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്നും വിജയ് ചെന്നൈയിലേക്ക് പുറപ്പെടുകയായിരുന്നു.
കരൂരിലെ ദുരന്തത്തില്‍ വിജയ് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. വിമാനത്താവളത്തിലെത്തിയ വിജയ്‌യോട് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം അവഗണിച്ചു. വിജയ് ദുരന്തത്തോട് പ്രതികരിക്കാത്തതും സ്ഥലം വിട്ടതും വലിയ വിമര്‍ശനത്തിന് കാരണമായി.
വിജയ്‌യുടെ അനാസ്ഥയാണ് ദുരന്തത്തിന് വഴിയൊരുക്കിയതെന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്. വിജയ് യുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഡി.എം.കെയും കോണ്‍ഗ്രസും രംഗത്തെത്തി. സ്വമേധയാ കേസെടുക്കണമെന്ന് സിപി.ഐ.എം ആവശ്യപ്പെട്ടു.
ആറ് മണിക്കൂര്‍ വൈകി വേദിയിലെത്തിയ വിജയ് ക്ഷീണത്തോടെ കാത്തിരുന്ന ജനങ്ങള്‍ക്ക് നേരെ കുടിവെള്ള കുപ്പി എറിഞ്ഞിരുന്നു. ഇത് കൈക്കലാക്കാനായി ജനങ്ങള്‍ തിക്കും തിരക്കും കൂട്ടിയതാണ് വലിയ ദുരന്തത്തിന് വഴിയൊരുക്കിയത്.
പതിനായിരങ്ങള്‍ക്ക് മാത്രം സംഘടിക്കാന്‍ സാധിക്കുന്ന ചെറിയ പ്രദേശത്തേക്ക് രണ്ടര ലക്ഷത്തോളം ആളുകള്‍ ഒഴുകിയെത്തിയതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്.
തുടക്കത്തില്‍ തന്നെ റാലിക്കായി കണ്ടെത്തിയ പ്രദേശത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ വിജയും പാര്‍ട്ടിയായ ടി.വി.കെയും കോടതിയെ സമീപിച്ചാണ് റാലിക്കുള്ള അനുമതി വാങ്ങിയത്.
Content Highlight: Karur Stampede: Vijay Left the Town and flee to Chennai