| Monday, 29th September 2025, 8:17 am

മുന്‍കരുതലുണ്ടായില്ല, ഏകോപനം പാളി; കരൂര്‍ ദുരന്തത്തിലെ വീഴ്ചകളെണ്ണിപ്പറഞ്ഞ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കരൂര്‍ ദുരന്തത്തിന്റെ വീഴ്ചകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പരിപാടിക്കായി സ്ഥലം അനുവദിച്ചതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നും ആള്‍ക്കൂട്ടം തടിച്ചുകൂടിയപ്പോള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

പതിനായിരം പേര്‍ക്കാണ് റാലിയില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നതെങ്കിലും ടി.വി.കെ റാലിയുടെ സ്വഭാവം പരിഗണിച്ച് വേണ്ടത്ര സുരക്ഷയൊരുക്കുന്നതിലും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിലും വീഴ്ചയുണ്ടായെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അടിയന്തര സാഹചര്യം നേരിടാനും സാധിച്ചില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വേലുച്ചാമിപുരത്ത് മാത്രം 45,00 ആളുകളും ഫ്‌ളൈ ഓവറിന്റെ പരിസരത്ത് 15,000ഓളം ആളുകളുമാണ് പരിപാടിയില്‍ പങ്കെടുക്കാനായി കാത്തിരുന്നത്. വിജയ് എത്തിയതോടെ ഫ്‌ളൈ ഓവര്‍ പരിസരത്തുള്ളവരും വിജയ്‌ക്കൊപ്പം നീങ്ങി. ഈ ആളുകളെ ഉള്‍ക്കൊള്ളാന്‍ വേലുച്ചാമിപുരത്തിന് സാധിച്ചില്ല. ആളുകള്‍ തടിച്ചുകൂടിയാല്‍ നിയന്ത്രിക്കാനുള്ള ബദല്‍ സംവിധാനങ്ങളൊരുക്കുന്നതിലും വീഴ്ചയുണ്ടായി.

ആളുകളെ നിയന്ത്രിക്കുന്നതില്‍ ടി.വി.കെ ഒരുക്കിയ ക്രമീകരണങ്ങളും മതിയാകാതെ വന്നു. തിക്കും തിരക്കുമുണ്ടായപ്പോള്‍ നിയന്ത്രണത്തിനുണ്ടായിരുന്ന ഏകോപനം പാളി. മുന്നറിയിപ്പ് നല്‍കാനും ആവശ്യമായ സംവിധാനം ഇല്ലാതെയായി.

ടി.വി.കെ നേതാക്കള്‍ക്കും ആളുകളെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. പൊലീസിന് നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വന്നെന്നും അടിയന്തര സാഹചര്യം നേരിടാന്‍ പാകത്തിന് ഒന്നും ഉണ്ടായിരുന്നില്ലെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. ദുരന്ത ദിവസം ആശുപത്രിയിലെത്തി ചികിത്സ തേടിയ കരൂര്‍ സ്വദേശി കവിന്‍ ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.

പ്രാഥമിക ചികിത്സയ്ക്ക് പിന്നാലെ ഡിസ്ചാര്‍ജായ ഇയാള്‍ക്ക് വീട്ടിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ശേഷം സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ആശുപത്രിയില്‍ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.

നിലവില്‍ 110ലധികം പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്.

കരൂര്‍ ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ടി.വി.കെ നല്‍കിയ ഹരജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. ദുരന്തത്തില്‍ വലിയ തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐയോ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘമോ വേണമെന്നാണ് വിജയ്‌യുടെയും പാര്‍ട്ടിയുടെയും ആവശ്യം.

ദുരന്തം സംബന്ധിച്ച പ്രധാന തെളിവായ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെടാതിരിക്കാനുള്ള നടപടികളും കോടതിയുടെ മേല്‍നോട്ടത്തില്‍ ഉണ്ടാകണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ടി.വി.കെ റാലികള്‍ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കരൂര്‍ സ്വദേശി നല്‍കിയ ഹരജിയും കോടതി ഇന്ന് പരിഗണിക്കാന്‍ സാധ്യതയുണ്ട്. പൊലീസ് അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണവും പുരോഗമിക്കുകയാണ്.

Content Highlight: Karur Stampede: Intelligence report

We use cookies to give you the best possible experience. Learn more