പല തരത്തില്‍ ഒരുപാട് കഥകള്‍ പരീക്ഷിച്ചിട്ടും തിയേറ്ററില്‍ ഒരു ഗംഭീര തിരിച്ചുവരവ് നടത്താന്‍ സാധിക്കാത്ത താരമായാണ് കുറച്ചുകാലമായി സൂര്യയെക്കുറിച്ച് പലരും ഉന്നയിക്കുന്ന വിമര്‍ശനം. തമിഴ് പ്രേക്ഷകര്‍ക്ക് റിലേറ്റാകുന്ന രീതിയില്‍ ഓവര്‍ ദി ടോപ് ഫൈറ്റും മാസ് മസാല എലമെന്റുകളും ചേര്‍ത്തുള്ള തട്ടുപൊളിപ്പന്‍ സിനിമ വേണ്ടിവന്നു താരത്തിന് തിരിച്ചുവരാന്‍.
തമിഴ്‌നാട്ടില്‍ ഒരുപാട് ആരാധനാലയങ്ങളുള്ള കറുപ്പ് സാമി എന്ന ദൈവത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കോടതികളില്‍ കാശ് കൊടുത്താല്‍ മാത്രം നീതി നടപ്പാകുന്ന കാലത്ത് സാധാരണക്കാരെ രക്ഷിക്കാന്‍ സാക്ഷാല്‍ കറുപ്പ് സാമി അവതരിക്കുന്നതും മനുഷ്യനും ദൈവവും തമ്മിലുള്ള പോരാട്ടവുമാണ് കറുപ്പിന്റെ ഇതിവൃത്തം.
കറുപ്പ് സാമി എന്ന ദൈവമായിട്ടാണ് സൂര്യ ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദൈവമായതിനാല്‍ നായകന് എന്തും ചെയ്യാം, വില്ലനെ ഇടിച്ച് എത്ര ദൂരം വേണമെങ്കിലും പറത്താം എന്ന സ്വാതന്ത്ര്യം സംവിധായകന്‍ എടുത്തിട്ടുണ്ട്. അത് വെളിവാക്കുന്നതാണ് ചിത്രത്തിലെ ഓരോ ഫൈറ്റും. ഹാന്‍ഡ് ടു ഹാന്‍ഡ് കോമ്പാറ്റ് ഫൈറ്റുകള്‍ക്ക് പകരം നായകന്റെ നോട്ടത്തില്‍ തന്നെ വില്ലന്‍ അന്തരീക്ഷത്തില്‍ പറക്കുകയാണ്.
ഇത്രയും പവര്‍ഫുള്ളായിട്ടുള്ള നായകന്‍ എത്തുമ്പോള്‍ വില്ലന് അതിന്റെ പകുതി പോലും ശക്തിയില്ലാത്തത് ചിത്രത്തെ പിന്നോട്ട് വലിക്കുന്നുണ്ട്. ആദ്യപകുതിയില്‍ വില്ലനായ ആര്‍.ജെ ബാലാജി സ്‌കോര്‍ ചെയ്യുകയാണെങ്കില്‍ രണ്ടാം പകുതിയില്‍ വില്ലന് ഒട്ടും പ്രാധാന്യമില്ലാത്ത അവസ്ഥയായി. ക്ലൈമാക്‌സിലെ ഫൈറ്റില്‍ പോലും ഈയൊരു ഫാക്ടര്‍ മുഴച്ചുനില്‍ക്കുന്നുണ്ട്. ഒരു വശത്ത് സൂര്യ കത്തിക്കയറുമ്പോള്‍ അപ്പുറത്ത് ഒന്നും ചെയ്യാനില്ലാത്ത ആര്‍.ജെ ബാലാജിയാണെന്നത് പിന്നോട്ട് വലിക്കുന്നുണ്ട്.
എന്നിരുന്നാലും സൂര്യയുടെ ആരാധകര്‍ക്ക് രണ്ടര മണിക്കൂര്‍ തങ്ങളുടെ ഇഷ്ടനടന്റെ അഴിഞ്ഞാട്ടം കാണാനുള്ള വകുപ്പ് കറുപ്പിലുണ്ട്. കറുപ്പ് സാമിയായിട്ടുള്ള വരവെല്ലാം അള്‍ട്ടിമേറ്റ് രോമാഞ്ചം നല്‍കുന്ന സീനാണ്. സൂരറൈ പോട്ര്, വാരണം ആയിരം, ഗജിനി എന്നീ സിനിമകള്‍ പോലെ സൂര്യയിലെ അഭിനേതാവിന് വെല്ലുവിളിയുയര്‍ത്തുന്ന സീനുകളൊന്നും ചിത്രത്തിലില്ല. പകരം വരുന്ന സീനിലെല്ലാം മാക്‌സിമം സ്റ്റൈലിഷായും മാസായും സംവിധായകന്‍ സൂര്യയെ അവതരിപ്പിച്ചിട്ടുണ്ട്.
സെമി സ്പൂഫ് ഴോണറിലാണ് ചിത്രം ഒരുങ്ങിയത്. കുത്തഴിഞ്ഞ് കിടക്കുന്ന നീതിന്യായ വ്യവസ്ഥയെ രണ്ട് ദിവസം കൊണ്ട് മാറ്റിയെടുക്കുന്ന സീനും കോടതികളില്‍ ഇങ്ങനെയൊക്കെ ചെയ്യാനാകുമോ എന്നുള്ള ചിന്തകളും വന്നാല്‍ കറുപ്പ് ശരാശരിക്കും താഴെയുള്ള സിനിമയായി അനുഭവപ്പെടും.
ആര്‍.ജെ ബാലാജി സ്റ്റൈലില്‍ ഒരുപാട് റഫറന്‍സുകള്‍ ചിത്രത്തിലുണ്ട്. എല്ലാം കൃത്യമായി വര്‍ക്കായിട്ടുണ്ട്. ക്ലൈമാക്‌സിലെ രണ്ട് സര്‍പ്രൈസ് ഗെറ്റപ്പും അതിനുള്ള സ്റ്റേജ് സെറ്റിങ്ങുമെല്ലാം തിയേറ്ററുകളെ പൂരപ്പറമ്പാക്കിയെന്ന് പറയാം.
പെര്‍ഫോമന്‍സിന്റെ കാര്യത്തിലേക്ക് വന്നാല്‍ സൂര്യക്ക് ആകെ രണ്ട് ഇമോഷണല്‍ സീനുകള്‍ മാത്രമേയുള്ളൂ. ബാക്കിയെല്ലാ സീനുകളിലും മാസ് എന്‍ട്രി, ഡയലോഗ് ഫൈറ്റ് എന്നിവ മാത്രമാണ്. ആരാധകരെ ഹാപ്പിയാക്കാനായിട്ടാണ് ഇതെല്ലാം ചെയ്തതെന്ന് ഫോര്‍ത്ത് വാള്‍ ബ്രേക്കിങ് പോലെ സൂര്യ പറയുന്നുണ്ട്.
നായികയായെത്തിയ തൃഷക്ക് കഥയില്‍ വലുതായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്നാല്‍ ഒട്ടും വെറുപ്പിക്കാതെ തന്റെ ഭാഗം അത്യാവശ്യം നല്ല രീതിയില്‍ ചെയ്തു. 1983യിലെ ഡയലോഗ് കടമെടുത്താല്‍ ‘മേക്കപ്പ് ഇത്തിരി ഓവറാണോ’ എന്ന് മാത്രമേ തൃഷയുടെ കഥാപാത്രത്തെ കാണുമ്പോള്‍ ചോദിക്കാനുള്ളൂ.
മലയാളത്തില്‍ നിന്ന് ഒരു ലോഡ് കഥാപാത്രങ്ങളുണ്ട്. ഇന്ദ്രന്‍സ്, അനഘ രവി, ശിവദ, സ്വാസിക, ഉണ്ണിമായ പ്രസാദ്, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന മലയാളി താരങ്ങള്‍. ഇതില്‍ സ്വാസികക്ക് ബിരിയാണി തിന്നുകയല്ലാതെ വേറൊന്നും ചെയ്യാനില്ലായിരുന്നു. ശിവദ അത്യാവശ്യം നന്നായി പെര്‍ഫോം ചെയ്തപ്പോള്‍ ഒറ്റ സീനില്‍ മാത്രമാണ് അജു വര്‍ഗീസ് പ്രത്യക്ഷപ്പെട്ടത്.
ഇന്ദ്രന്‍സ്, അനഘ എന്നിവരുടെ കഥാപാത്രത്തിന്റെ ഇമോഷനിലൂടെയാണ് കഥയുടെ വേള്‍ഡ് സെറ്റിങ് നടത്തിയത്. ഇരുവരുടെയും പ്രകടനം ഗംഭീരമായിരുന്നു. അതില്‍ ഇന്ദ്രന്‍സ് തകര്‍ത്തുവാരി. ഇന്റര്‍വെല്ലിന് മുമ്പുള്ള സീനില്‍ ഇന്ദ്രന്‍സിലെ പെര്‍ഫോമര്‍ക്ക് മുന്നില്‍ സൂര്യ പോലും ഒന്നും ചെയ്യാനാകാതെ നില്‍ക്കുകയായിരുന്നു. അങ്ങ് തമിഴ്‌നാട്ടില്‍ പോയി തകര്‍ത്തു.
സൂര്യ കഴിഞ്ഞാല്‍ ഈ സിനിമയെ കത്തിച്ചത് സായ് അഭ്യങ്കറാണ്. വെറുമൊരു 21 വയസുകാരന്‍ സ്‌ക്രീനിന് തീയിടുന്ന കാഴ്ചക്കാണ് രണ്ടര മണിക്കൂര്‍ സാക്ഷ്യം വഹിച്ചത്. സൂര്യയുടെ ടൈറ്റില്‍ കാര്‍ഡില്‍ ‘ദി വണ്‍’ എന്ന ബി.ജി.എം മുതല്‍ സായ് കത്തിക്കുന്നുണ്ട്. ‘വെരപ്പാ’, ‘ഗോഡ് മോഡ്’, ‘രാതു രാസന്‍’ തുടങ്ങിയ ട്രാക്കുകളെല്ലാം തിയേറ്റര്‍ ഇളക്കിമറിച്ചു. സിനിമ കണ്ടിറങ്ങുമ്പോഴും സായ് ഒരുക്കിയ പാട്ടുകള്‍ തന്നെയാകും തലയില്‍. അനിരുദ്ധില്‍ നിന്ന് അടുത്ത ട്രെന്‍ഡ് സെറ്റര്‍ പട്ടം സായ് ഏറ്റെടുക്കാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല.
വിഷ്ണുവിന്റെ ഛായാഗ്രഹണം എടുത്തുപറയേണ്ടതാണ്. സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മാസ് മസാല സിനിമകള്‍ക്ക് ഫ്രെയിമുകള്‍ ഒരുക്കാന്‍ മറ്റാരുമില്ലെന്ന് ഒരിക്കല്‍ കൂടി വിഷ്ണു തെളിയിച്ചു. സൂര്യയെ കാണിക്കുന്ന ഓരോ ഫ്രെയിമും പക്കാ മാസ് ആയിട്ടുണ്ട്. അരുണ്‍ വെഞ്ഞാറമൂടിന്റെ ആര്‍ട്ട് ഡയറക്ഷനും ഗംഭീരം.
ഫൈനലി… സിനിമയുടെ ക്യാപ്റ്റന്‍ ആര്‍.ജെ ബാലാജി. അനൗണ്‍സ്‌മെന്റ് മുതല്‍ പലരും ബാലാജിയുടെ സംവിധാനത്തെ സംശയത്തോടെയായിരുന്നു കണ്ടത്. ഒറ്റക്ക് ഒരു മാസ് സിനിമ പുള്‍ ഓഫ് ചെയ്യാന്‍ കഴിയുമോ എന്ന് സംശയിച്ചവര്‍ക്ക് മുന്നില്‍ ഇനി നെഞ്ചും വിരിച്ച് നില്‍ക്കാം. ഇന്നത്തെ ദിവസം നിങ്ങളുടേതാണ്. മൊത്തത്തില്‍ ലോജിക്കെല്ലാം തട്ടുംപുറത്ത് വെച്ച് കാണാന്‍ പറ്റുന്ന തട്ടുപൊളിപ്പന്‍ മാസ് മസാല സിനിമ തന്നെയാണ് കറുപ്പ്.
Content Highlight: Karuppu movie review