| Monday, 8th June 2026, 6:40 pm

കറുപ്പനേ കൂടെ വാ... തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ കറുപ്പിന്റെ താണ്ഡവം ഇനി ഒ.ടി.ടിയില്‍, എവിടെ, എപ്പോള്‍ കാണാം?

അമര്‍നാഥ് എം.

തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് സൂര്യ നായകനായ കറുപ്പ്. ഏറെക്കാലമായി നല്ലൊരു തിയേറ്റര്‍ ഹിറ്റില്ലാത്ത സൂര്യയുടെ ബോക്‌സ് ഓഫീസിലെ തിരിച്ചുവരവാണ് കറുപ്പിലൂടെ സാധിച്ചത്. അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ പ്രതീക്ഷയൊന്നുമില്ലാതിരുന്ന ചിത്രം സൂര്യയുടെ ഏറ്റവും വലിയ ഹിറ്റായി മാറി.

റിലീസ് ചെയ്ത് മൂന്നാഴ്ച കൊണ്ട് 330 കോടിയിലേറെയാണ് ചിത്രം നേടിയത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 175 കോടിയോളവും കറുപ്പ് സ്വന്തമാക്കി. കറുപ്പിന് മുമ്പ് സൂര്യയുടെ ഏറ്റവും വലിയ ഹിറ്റായ സിങ്കം 2 വേള്‍ഡ്‌വൈഡായി നേടിയത് 120 കോടിയായിരുന്നു. ഈ കളക്ഷനെക്കാള്‍ കൂടുതല്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം സ്വന്തമാക്കിയതോടെ കറുപ്പ് ബോക്‌സ് ഓഫീസില്‍ ചരിത്രമെഴുതി.

കറുപ്പ് Photo: Prime Video In/ X.com

ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയിലേക്കെത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. ജൂണ്‍ 12 മുതല്‍ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. തിയേറ്ററിലെ സ്വീകാര്യത ഒ.ടി.ടിയിലും കറുപ്പ് ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ ചില ഭാഗങ്ങള്‍ ഒ.ടി.ടി റിലീസിന് ശേഷം ട്രോള്‍ മെറ്റീരിയലാകുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

മാസ് ആക്ഷന്‍ ഫാന്റസി ഴോണറിലാണ് കറുപ്പ് ഒരുങ്ങിയത്. തമിഴ്‌നാട്ടില്‍ ഒരുപാട് ഭക്തരുള്ള കറുപ്പ് സാമിയായാണ് സൂര്യ ഈ ചിത്രത്തില്‍ വേഷമിട്ടത്. അഞ്ച് വ്യത്യസ്ത ഗെറ്റപ്പില്‍ അവതരിച്ച സൂര്യയുടെ വണ്‍ മാന്‍ ഷോയാണ് കറുപ്പിനെ ഇത്ര ഗംഭീരമാക്കിയത്. ഏറെക്കാലത്തിന് ശേഷം സൂര്യ എന്ന സ്റ്റാറിന്റെ അഴിഞ്ഞാട്ടം കറുപ്പില്‍ കാണാന്‍ സാധിച്ചു.

എല്‍.കെ.ജി, മൂക്കുത്തി അമ്മന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍.ജെ ബാലാജി അണിയിച്ചൊരുക്കിയ കറുപ്പ് ഒരുപാട് പ്രതിസന്ധികള്‍ക്ക് ശേഷമാണ് തിയേറ്ററുകളിലെത്തിയത്. മെയ് 14ന് റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രം ആദ്യ ഷോ ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ക്യാന്‍സലാവുകയായിരുന്നു. നിര്‍മാതാവിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ കാരണമാണ് റിലീസ് മുടങ്ങിയത്. ഒടുവില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച ശേഷം തിയേറ്ററിലെത്തിയ കറുപ്പ് ചരിത്രവിജയമായി മാറി.

തമിഴ്‌നാട്ടിലെ ഒരു കോടതിയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നീതി നല്‍കേണ്ട കോടതിയില്‍ സാധാരണക്കാരുടെ വിശ്വാസം നഷ്ടപ്പെടുമ്പോള്‍ അവരെ രക്ഷിക്കാനും നിയമവ്യവസ്ഥയെ നന്നാക്കാനുമായി കറുപ്പ് സാമി പ്രത്യക്ഷപ്പെടുന്നതാണ് ചിത്രത്തിന്റെ കഥ. മലയാളികളായ ഇന്ദ്രന്‍സും അനഘ രവിയും ഗംഭീര പ്രകടനമാണ് കറുപ്പില്‍ കാഴ്ചവെച്ചത്. കറുപ്പ് സാമിയുടെ ആട്ടം ഒ.ടി.ടിയിലെത്താന്‍ സിനിമാലോകം കാത്തിരിക്കുകയാണ്.

Content Highlight: Karuppu movie OTT release date announced

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more