| Friday, 22nd May 2026, 5:32 pm

വർഷങ്ങൾക്ക് ശേഷം കേരളത്തിലും ബോക്സ് ഓഫീസ് തൂക്കി സൂര്യ

കെ.എസ് ഷാബിന

തമിഴ് സിനിമാ ലോകത്തെ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ് സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്നു. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ഈ മാസ് ആക്ഷൻ എന്റർടൈനർ ആഗോളതലത്തിൽ ചരിത്ര വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രമായി മാറിക്കൊണ്ടിരിക്കുന്ന ‘കറുപ്പ്’, റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് 207 കോടിയിലധികം രൂപയാണ് ലോകവ്യാപകമായി വാരിക്കൂട്ടിയത്.

തമിഴ്‌നാടിന് പുറമെ കേരളത്തിലും വലിയ തരംഗമാണ് ചിത്രം സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ നിന്ന് മാത്രം പത്ത് കോടിയിലധികം രൂപയാണ് ചിത്രം ഗ്രോസ് കളക്ഷനായി നേടിയത്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഒരു സൂര്യ ചിത്രം കേരള ബോക്സ് ഓഫീസിൽ ഇത്രത്തോളം വലിയ ലാഭവും ഗംഭീര കളക്ഷനും നേടുന്നത് ഇതാദ്യമായാണ്. കേരളത്തിലെ സിനിമാ പ്രേമികൾക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങൾ നേടിയതിനിടയിലാണ് ഇത്രയും കളക്ഷൻ ചിത്രം സ്വന്തമാക്കിയത്.

കറുപ്പ്.Photo:The Hindu

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇരുവരും തങ്ങളുടെ കരിയറിൽ ഇതുവരെ ചെയ്യാത്ത തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലും മേക്ക്ഓവറിലുമാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മാസ് ഘടകങ്ങളും ആക്ഷനും നിറഞ്ഞ ഒരു കംപ്ലീറ്റ് പാക്കേജാണ് ആർ.ജെ. ബാലാജി പ്രേക്ഷകർക്കായി തിയേറ്ററുകളിൽ ഒരുക്കിയിരിക്കുന്നത്. വൈറൽ ഗാനങ്ങളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയനായ യുവ സംഗീതസംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് ആവേശം കൂട്ടുന്ന പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക പങ്കുവെച്ച വാക്കുകളും ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ‘കറുപ്പ്’ വെറുമൊരു കൊമേഴ്‌സ്യൽ സിനിമ മാത്രമല്ലെന്നും അതിനൊരു മനോഹരമായ ആത്മാവുണ്ടെന്നുമാണ് ജ്യോതിക അഭിപ്രായപ്പെട്ടത്. പ്രത്യേകിച്ച് സിനിമയുടെ അവസാന പത്ത് മിനിറ്റിൽ സൂര്യ പുറത്തെടുത്തത് അതിഗംഭീര പ്രകടനമാണെന്നും തിയേറ്ററുകളിൽ അത് പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നും ജ്യോതിക കൂട്ടിച്ചേർത്തു.

കറുപ്പ്.Photo:News 18

ഒരു സാധാരണ ആക്ഷൻ ചിത്രത്തിനപ്പുറം വൈകാരികമായ നിമിഷങ്ങളും സൂര്യ-തൃഷ കൂട്ടുകെട്ടിന്റെ കെമിസ്ട്രിയും കൊണ്ട് ‘കറുപ്പ്’ പ്രേക്ഷകർക്ക് തിയേറ്ററുകളിൽ ഒരു വലിയ ആഘോഷാനുഭവമാണ് സമ്മാനിക്കുന്നത്. വരും ദിവസങ്ങളിലും മികച്ച കളക്ഷനോടെ ചിത്രം തമിഴ് സിനിമയിലെ പുതിയ റെക്കോർഡുകൾ കുറിക്കുമെന്നതിൽ സംശയമില്ല. മുഴുനീള ആക്ഷനും സൂര്യയുടെ തകർപ്പൻ പെർഫോമൻസും കാണാൻ തിയേറ്ററുകളിലേക്ക് ജനപ്രവാഹം തുടരുകയാണ്.

Content Highlight: Karuppu Movie breaks box office collection in kerala

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more