| Monday, 1st June 2026, 10:50 pm

തമിഴ്‌നാട്ടില്‍ മാത്രം ഒരുകോടി ടിക്കറ്റുകള്‍... വിജയ്‌യുടെ കോട്ടയില്‍ കയറി കറുപ്പ് നടത്തിയത് റെക്കോഡ് വേട്ട

അമര്‍നാഥ് എം.

കംബാക്കില്‍ നല്‍കിയ അടിക്ക് കനം കൂടിയപ്പോള്‍ ബോക്‌സ് ഓഫീസിന് ബട്ടര്‍ഫ്‌ളൈ എഫക്ട് ലഭിച്ചിരിക്കുകയാണ്. 13 വര്‍ഷമായി ക്ലീന്‍ ഹിറ്റില്ലെന്ന പരിഹാസത്തിന് ഒരൊറ്റ സിനിമയിലൂടെ സൂര്യ മറുപടി നല്‍കിയപ്പോള്‍ ആരാധകര്‍ പോലും അത്ഭുതപ്പെട്ടു. അനൗണ്‍സ്‌മെന്റ് മുതല്‍ ഭൂരിഭാഗം പേര്‍ക്കും പ്രതീക്ഷയില്ലാതിരുന്ന ചിത്രം ചരിത്രവിജയമായി മാറിക്കഴിഞ്ഞു.

ആര്‍.ജെ ബാലാജി അണിയിച്ചൊരുക്കിയ കറുപ്പ് മൂന്നാം വാരവും കടന്ന് കുതിക്കുമ്പോള്‍ 300 കോടിയിലേറെ നേടിയിരിക്കുകയാണ്. കറുപ്പിന് മുമ്പ് സൂര്യയുടെ ഏറ്റവും വലിയ ഹിറ്റായ സിങ്കം 2ന്റെ വേള്‍ഡ്‌വൈഡ് കളക്ഷന്‍ ഡബിള്‍ മാര്‍ജിനിലാണ് തൂക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 150 കോടിയോളവും ചിത്രം സ്വന്തമാക്കി.

ഇപ്പോഴിതാ മറ്റൊരു റെക്കോഡും കറുപ്പ് നേടിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ മാത്രം ഒരു കോടി ഫുട്ഫാള്‍സ് (വിറ്റഴിച്ച ടിക്കറ്റുകള്‍) കറുപ്പ് സ്വന്തമാക്കിയെന്നാണ് പുതിയ വാര്‍ത്ത. ഈ നേട്ടം സ്വന്തമാക്കുന്ന സൂര്യയുടെ ആദ്യചിത്രം കൂടിയാണ് കറുപ്പ്. കൊവിഡിന് ശേഷം ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ചിത്രമാണ് കറുപ്പ്. ലിയോ, വിക്രം, അമരന്‍, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങിയവയാണ് ലിസ്റ്റിലെ മറ്റ് ചിത്രങ്ങള്‍.

ഒരു കോടി ടിക്കറ്റുകള്‍ക്ക് പുറമെ മറ്റൊരു പ്രത്യേക നേട്ടവും കറുപ്പ് സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈ രോഹിണി മള്‍ട്ടിപ്ലെക്‌സില്‍ നിന്ന് മാത്രം ഒരുലക്ഷം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റുപോയത്. തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ കോട്ട എന്നറിയപ്പെടുന്ന തിയേറ്ററാണ് രോഹിണി മള്‍ട്ടിപ്ലെക്‌സ്. കറുപ്പിന് മുമ്പ് ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റുപോയത് വിജയ് ചിത്രം ലിയോയ്ക്കാണ്.

75000 ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റുപോയിരുന്നു. വിജയ്ക്ക് പോലും നേടാനാകാത്ത റെക്കോഡ് വിജയ്‌യുടെ കോട്ടയില്‍ നിന്ന് സൂര്യ നേടിയിരിക്കുകയാണ്. ആരാധകര്‍ പോലും ഇത്തരമൊരു തിരിച്ചുവരവ് ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവിലാണ് കറുപ്പ് തിയേറ്ററുകളിലെത്തിയത്. നിര്‍മാതാവിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം പറഞ്ഞദിവസം പ്രദര്‍ശനം നടത്താന്‍ ചിത്രത്തിന് സാധിച്ചില്ല.

സൂര്യ തന്റെ കൈയില്‍ നിന്ന് 30 കോടിയിലേറെ നല്‍കിയാണ് ചിത്രം പുറത്തിറക്കിയത്. വന്‍ വിജയമായതിന് പിന്നാലെ കറുപ്പിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സൂര്യ മഹീന്ദ്ര BE 6 കാര്‍ സമ്മാനമായി നല്‍കിയിരുന്നു. ക്യാമറമാന്‍ ജി.കെ. വിഷ്ണു, എഡിറ്റര്‍ കലൈവാണന്‍, സംഗീത സംവിധായകന്‍ സായ് അഭ്യങ്കര്‍ എന്നിവര്‍ക്കാണ് സൂര്യ കാര്‍ സമ്മാനിച്ചത്.

സൂര്യയുടെ തിരിച്ചുവരവില്‍ പല സൂപ്പര്‍താരങ്ങളുടെയും കരിയര്‍ ബെസ്റ്റ് കളക്ഷന്‍ തകര്‍ന്നുവീണിട്ടുണ്ട്. സൂപ്പര്‍താരം അജിത്തിന്റെ കരിയര്‍ ബെസ്റ്റ് കളക്ഷനാണ് കറുപ്പിലൂടെ സൂര്യ മറികടന്നത്. അടുത്തൊന്നും വലിയ റിലീസില്ലാത്തതിനാല്‍ 350 കോടിയെങ്കിലും കറുപ്പ് സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍.

Content Highlight: Karuppu got One crore footfalls from Tamilnadu

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more