| Sunday, 17th May 2026, 9:47 am

കണ്ണുങ്കളാ, ചെല്ലങ്കളാ, സാമീങ്കളാ... തിയേറ്റര്‍ പൂരപ്പറമ്പാക്കി അന്‍ബാന ഫാന്‍സ്... ബോക്‌സ് ഓഫീസിന് തീയിട്ട് കറുപ്പ്

അമര്‍നാഥ് എം.

ഒരുപാട് കാലത്തെ കാത്തിരിപ്പിനൊടുവില്‍ സൂര്യയുടെ ആരാധകര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് കറുപ്പ് സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അനൗണ്‍സ്‌മെന്റ് മുതല്‍ ഒട്ടും ഹൈപ്പില്ലാതിരുന്ന ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുമെന്നാണ് കണക്കുകൂട്ടല്‍.

റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ ഗംഭീര കളക്ഷനാണ് കറുപ്പിന് ലഭിക്കുന്നത്. 75 കോടിക്ക് മുകളിലാണ് ഇതുവരെ ചിത്രം നേടിയത്. സൂര്യയുടെ മുന്‍ചിത്രമായ റെട്രോയുടെ ഫൈനല്‍ കളക്ഷനാണ് വെറും രണ്ട് ദിവസത്തില്‍ കറുപ്പ് മറികടന്നത്. ഞായറാഴ്ച കൊണ്ട് ചിത്രം 100 കോടി നേടുമെന്നും ആദ്യ ആഴ്ചയില്‍ തന്നെ റെക്കോഡ് കളക്ഷന്‍ നേടുമെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷം പങ്കുവെച്ചുകൊണ്ട് കഴിഞ്ഞദിവസം സൂര്യ ഷെയര്‍ ചെയ്ത ലൈവ് വീഡിയോയും സിനിമാപേജുകളില്‍ ചര്‍ച്ചയായി. ‘കണ്ണുങ്കളാ, ചെല്ലങ്കളാ, എന്‍ സാമിങ്കളാ’ എന്ന് ആരാധകരെ വിശേഷിപ്പിച്ചുകൊണ്ടാണ് സൂര്യ വീഡിയോ ആരംഭിച്ചത്. പ്രതിസന്ധികള്‍ താണ്ടിയെത്തിയ ചിത്രം വിജയമാക്കിയ ഓരോരുത്തര്‍ക്കും താരം നന്ദി അറിയിച്ചു.

തമിഴില്‍ ഈ വര്‍ഷം ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമായും കറുപ്പ് മാറി. ശിവകാര്‍ത്തികേയന്‍ നായകനായ പരാശക്തിയായിരുന്നു ഇന്നലെ വരെ ഒന്നാം സ്ഥാനത്ത്. വന്‍ താരനിരയുമായെത്തിയ പരാശക്തി പരാജയമായിരുന്നു. ബോക്‌സ് ഓഫീസ് പ്രകടനത്തിന്റെ പേരില്‍ ഒരുപാട് കാലമായി വിമര്‍ശനം നേരിട്ട സൂര്യയുടെ ഗംഭീര തിരിച്ചുവരവിനാണ് ഇപ്പോള്‍ സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്.

സെമി സ്പൂഫ് ആക്ഷന്‍ ഫാന്റസി ഴോണറിലൊരുങ്ങിയ കറുപ്പ് തിയേറ്ററുകളെ പൂരപ്പറമ്പാക്കുകയാണ്. സൂര്യയുടെ ഇന്‍ട്രോ സീന്‍ തിയേറ്ററുകളെ ഇളക്കിമറിച്ചപ്പോള്‍ രണ്ടാം പകുതിയിലെ ‘ഗോഡ് മോഡ്’ എന്ന ഗാനത്തിന് എല്ലാവരും ഒരുപോലെ ചുവടുവെക്കുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കങ്കുവയുടെ വന്‍ പരാജയത്തിന് ശേഷം അധികം എക്‌സ്പീരിയന്‍സില്ലാത്ത ആര്‍.ജെ ബാലാജിക്ക് സൂര്യ കൈകൊടുത്തത് എന്തിനായിരുന്നു എന്നാണ് അനൗണ്‍സ്‌മെന്റ് മുതല്‍ പലരും ഉയര്‍ത്തിയ ചോദ്യം. എന്നാല്‍ അതിനെല്ലാമുള്ള മറുപടിയാണ് കറുപ്പിലൂടെ ബാലാജി നല്‍കിയത്. കറുപ്പിലൂടെ ലഭിച്ച റീച്ച് ഉപയോഗിച്ച് തമിഴ് സിനിമയില്‍ നഷ്ടപ്പെട്ട സ്ഥാനം സൂര്യ തിരിച്ചുപിടിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Karuppu crossed lifetime collection of Retro movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more