അനൗണ്‍സ്‌മെന്റ് മുതല്‍ കടുത്ത ആരാധകര്‍ പോലും പ്രതീക്ഷ വെക്കാതിരുന്ന ഒരു സൂര്യ ചിത്രം ബോക്‌സ് ഓഫീസിന്റെ അടിവേരിളക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് സര്‍പ്രൈസ് ബ്ലോക്ക്ബസ്റ്ററിലേക്കാണ് കുതിക്കുന്നത്. റിലീസ് ചെയ്ത് നാലാം ദിവസത്തിലേക്ക് കടക്കുമ്പോഴും പലയിടത്തും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്.
തമിഴ്, തെലുങ്ക് പ്രേക്ഷകര്‍ക്ക് വര്‍ക്കാകുന്ന രീതിയില്‍ മാസ് മസാല എന്റര്‍ടൈനറായാണ് ബാലാജി കറുപ്പ് ഒരുക്കിയത്. തമിഴ്‌നാട്ടില്‍ ഒരുപാട് ആരാധനലായങ്ങളുള്ള കറുപ്പ് സാമി എന്ന ദൈവമായാണ് സൂര്യ ഈ ചിത്രത്തില്‍ വേഷമിടുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ റെക്കോഡ് കളക്ഷനാണ് കറുപ്പ് സ്വന്തമാക്കിയത്.
120 കോടിയിലേറെയാണ് ചിത്രത്തിന്റെ കളക്ഷന്‍. സൂര്യയുടെ കരിയറിലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ കൂടിയാണിത്. 2013ല്‍ പുറത്തിറങ്ങിയ സിങ്കം 2ന്റെ കളക്ഷനാണ് കറുപ്പിലൂടെ മറികടന്നത്. കരിയറിലെ ആദ്യത്തെ 150, 200 കോടി ക്ലബ്ബ് കറുപ്പിലൂടെ തുറക്കുമെന്നാണ് കണക്കുകൂട്ടല്‍. തിയേറ്റര്‍ ഹിറ്റില്ലാത്ത 13 വര്‍ഷത്തിന്റെ എല്ലാ ക്ഷീണവും ഈ സിനിമയോടെ മാറിയിരിക്കുകയാണ്.
വീക്കെന്‍ഡിന് ശേഷമുള്ള തിങ്കളാഴ്ച ചിത്രത്തിന് വളരെ പ്രധാനപ്പെട്ടതാണ്. പ്രവൃത്തിദിനമായതിനാല്‍ കളക്ഷനില്‍ ചെറിയ ഇടിവ് വരാന്‍ സാധ്യതയുണ്ടെന്നാണ് കണക്കൂകുട്ടല്‍. എന്നാല്‍ പല സ്‌ക്രീനുകളിലും ചിത്രം ഫാസ്റ്റ് ഫില്ലിങ്ങാണ് കാണിക്കുന്നത്. തിങ്കളാഴ്ചയിലെ അഡ്വാന്‍സ് സെയില്‍ ഇതിനോടകം 10 കോടി പിന്നിട്ടുകഴിഞ്ഞു.
പല തരത്തിലുള്ള പരീക്ഷണം നടത്തിയെങ്കിലും അതൊന്നും വര്‍ക്കാകാത്ത അവസ്ഥയായിരുന്നു സൂര്യക്ക്. വന്‍ ഹൈപ്പിലെത്തിയ പല സിനിമകളും നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിട്ടു. ആര്‍ക്കും വലിയ പ്രതീക്ഷയില്ലാതിരുന്ന ബാലാജിയുമായുള്ള പ്രൊജക്ടിലൂടെ സൂര്യ തിരിച്ചുവരവ് നടത്തിയത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു.
കറുപ്പിന്റെ വിജയം ഇനി വരാനുള്ള സിനിമകളിലും ആവര്‍ത്തിക്കുക എന്നതാണ് സൂര്യയെ സംബന്ധിച്ച് വലിയ ടാസ്‌ക്. വെങ്കി അട്‌ലൂരിയുമായി കൈകോര്‍ക്കുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സാണ് അടുത്ത റിലീസ്. മമിത ബൈജു നായികയായെത്തുന്ന ചിത്രം ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. ജിത്തു മാധവന്‍ അണിയിച്ചൊരുക്കുന്ന സൂര്യ 47 ഈ വര്‍ഷം തന്നെ തിയേറ്ററുകളിലെത്തിയേക്കും. നഷ്ടപ്പെട്ട ബോക്‌സ് ഓഫീസ് പവര്‍ സൂര്യ തിരിച്ചുപിടിക്കുകയാണ്.
Content Highlight: Karuppu crossed 100 crore collection within three days
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ