| Sunday, 31st May 2026, 4:46 pm

കാണുന്നതുപോലെ എളുപ്പമല്ലാട്ടാ ഇങ്ങനെ പെര്‍ഫോം ചെയ്യാന്‍... കറുപ്പുസാമിക്ക് വേണ്ടി സൂര്യ നടത്തിയ കഷ്ടപ്പാടുകള്‍ വൈറല്‍

അമര്‍നാഥ് എം.

സൗത്ത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് തമിഴ് താരം സൂര്യ. തിയേറ്റര്‍ ഹിറ്റില്ലാത്ത 13 വര്‍ഷത്തെ കാത്തിരിപ്പ് ഒരൊറ്റ സിനിമയിലൂടെ തീര്‍ത്തിരിക്കുകയാണ് താരം. ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് ബോക്‌സ് ഓഫീസില്‍ നിന്ന് 300 കോടിയിലധികം നേടി കുതിപ്പ് തുടരുകയാണ്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് കൂടിയാണ് കറുപ്പ്.

തമിഴ്‌നാട്ടില്‍ ഒരുപാട് വിശ്വാസികളുള്ള കറുപ്പ് സാമിയുടെ കഥയാണ് ചിത്രം പറയുന്നത്. സൂര്യയാണ് കറുപ്പ് സാമിയായി വേഷമിടുന്നത്. സാധാരണക്കാര്‍ക്ക് നീതി ലഭിക്കാത്ത സമയത്ത് അവരെ രക്ഷിക്കാനായി കറുപ്പ് സാമി പ്രത്യക്ഷപ്പെടുന്നതാണ് ചിത്രത്തിന്റെ കഥ. ദൈവമായതിനാല്‍ അസാധ്യമായ പലതും സൂര്യയുടെ കഥാപാത്രം ചെയ്യുന്നുണ്ട്. അത്തരത്തിലൊന്നായിരുന്നു ക്ലൈമാക്‌സില്‍ കറുപ്പ് സാമിയായിട്ടുള്ള പെര്‍ഫോമന്‍സ്.

സൂര്യ Photo: Dream Warrior Pictures/ Facebook

പാന്‍ ഇന്ത്യന്‍ ഹിറ്റായ കാന്താരയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ നായകനെ ദൈവമായി അവതരിപ്പിക്കുകയാണ് കറുപ്പില്‍. ദൈവത്തിന്റെ ഗെറ്റപ്പില്‍ സൂര്യ പ്രത്യക്ഷപ്പെടുന്ന ഭാഗങ്ങള്‍ ട്രോള്‍ മെറ്റീരിയലാകുമെന്നായിരുന്നു റിലീസിന് മുമ്പ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ തിയേറ്ററില്‍ മികച്ച പ്രതികരണമായിരുന്നു ഈ സീനിന് ലഭിച്ചത്. ഇപ്പോഴിതാ ഈ രംഗത്തിനായി സൂര്യ തയാറെടുക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.

ദേഹം മൊത്തം കറുത്ത ചായം തേച്ച് സൂര്യ പെര്‍ഫോം ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. റിലീസ് സമയത്ത് ഈ ഭാഗം ചെയ്തത് സൂര്യക്ക് പകരം കാര്‍ത്തിയാണെന്നും ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പ് ചെയ്‌തെന്നും ചിലര്‍ ആരോപിച്ചിരുന്നു. അതിനെല്ലാം മറുപടി കൂടെയാണ് ഈ വീഡിയോ.

മറ്റാര് ചെയ്താലും ട്രോള്‍ മെറ്റീരിയലാകാന്‍ സാധ്യതയുള്ള പെര്‍ഫോമന്‍സാണ് ഇതെന്നും സൂര്യ ഇത് ഗംഭീരമാക്കിയെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. കഥയിലും കഥാപാത്രത്തിലും സൂര്യ വെച്ചിരുന്ന വിശ്വാസമാണ് സിനിമക്കും ഈ സീനിനുമെല്ലാം ലഭിക്കുന്ന കൈയടിയെന്ന് ആരാധകര്‍ കമന്റ് പങ്കുവെക്കുകയാണ്.

അനൗണ്‍സ്‌മെന്റ് സമയം മുതല്‍ ആരാധകര്‍ക്ക് കറുപ്പില്‍ വലിയ വിശ്വാസമില്ലായിരുന്നു. കങ്കുവയുടെ പരാജയത്തിന് തൊട്ടുപിന്നാലെ അനൗണ്‍സ് ചെയ്ത ചിത്രം ആര്‍.ജെ ബാലാജി എങ്ങനെ അവതരിപ്പിക്കുമെന്നായിരുന്നു പലരും ഉറ്റുനോക്കിയത്. ആരാധകരെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് കറുപ്പ് ബ്ലോക്ക്ബസ്റ്ററാക്കിയത്. തന്റെ സ്റ്റാര്‍ഡവും ബോക്‌സ് ഓഫീസ് പവറും എവിടെയും പോയിട്ടില്ലെന്ന് കറുപ്പിലൂടെ സൂര്യ തെളിയിച്ചിരിക്കുകയാണ്.

Content Highlight: Karuppu Climax BTS video viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more