പി എസ് റംഷാദ്
നടന്റെ സ്ത്രീലിംഗമാണു നടി. പുരുഷന്‍ അഭിനേതാവാണെങ്കില്‍ സ്ത്രീ അഭിനേത്രിയായി. ഗായകനു ഗായിക, കവിക്കു കവയിത്രി. അങ്ങനെ ഒട്ടുമിക്ക വാക്കുകള്‍ക്കുമുണ്ട് പുരുഷ, സ്ത്രീഭാവങ്ങള്‍ . എന്നാല്‍ അങ്ങനെയല്ലാത്ത ചിലതുമുണ്ട്. അതുകൊണ്ടാണ് പ്രതിഭാ പാട്ടീല്‍ ഇന്ത്യയുടെ പ്രസിഡന്റായപ്പോള്‍ മലയാളത്തിലെ മാധ്യമങ്ങള്‍ കുഴഞ്ഞുപോയത്. രാഷ്ട്രപതിക്ക് പകരം രാഷ്ട്രപത്‌നി എന്നൊരു പ്രയോഗമില്ല. ജവഹര്‍ലാല്‍ നെഹ്രുവിനെയും ലാല്‍ബഹദൂര്‍ ശാസ്ത്രിയെയും പോലെ ഇന്ദിരാഗാന്ധിയും പ്രധാനമന്ത്രി തന്നെയായിരുന്നു, പ്രധാനമന്ത്രിണിയായില്ല. അത്തരമൊരു വക്കാണ് പിന്‍ഗാമി. അല്ലെങ്കില്‍ കേരളത്തിലെ കരുണാകരപക്ഷ കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോഴൊരു പിന്‍ഗാമിനിയെ കിട്ടുമായിരുന്നു. ഏതായാലും പത്മജ വേണുഗോപാല്‍ പിന്‍ഗാമി തന്നെയാണ്. കെ മുരളീധരനായിരുന്നെങ്കിലെന്ന പോലെതന്നെ.
ഈ പിന്‍ഗാമി, പിന്‍ഗാമി എന്നൊക്കെപ്പറയുന്നതിനു ചില മിനിമം യോഗ്യതകളൊളൊക്കെ വേണമെന്നാണു വെയ്പ്. ഏല്‍പിക്കുന്നത് അധികാരത്തിന്റെ ചെങ്കോലും കീരീടവുമായതുകൊണ്ട് അത് കാക്കകൊത്തിപ്പോകാതെ സംരക്ഷിക്കാന്‍ കഴിയണം. രാജവാഴ്ചക്കാലത്തെക്കാര്യമാണിത്. കുറഞ്ഞതൊരു നാട്ടുരാജ്യമെങ്കിലും കാല്‍ക്കീഴിലുണ്ടെങ്കിലത്തെക്കാര്യം. നാലതിര്‍ത്തികള്‍, പ്രജകളുടെ ക്ഷേമം, മാനം തുടങ്ങിയവയൊക്കെ സംരക്ഷിച്ചു പാലിക്കേണ്ടത് പിന്‍ഗാമിയുടെ കടമയാണ്. അതുകൊണ്ട് നോക്കീം കണ്ടുമൊക്കെയല്ലാതെ ആരും, ഒരു രാജാവും പിന്‍ഗാമികളെ നിശ്ചയിക്കാറുണ്ടായിരുന്നില്ല. അതു മകനായാലും മകളായാലും. എന്നാലോ പിന്‍ഗാമിയാകാന്‍ വേണ്ടി വഴക്കും വക്കാണവും കൊല്ലും കൊലയുമൊക്കെ ചരിത്രത്തിലെമ്പാടുമുണ്ടായിട്ടുണ്ട്. വലിയ വലിയ ബൃഹദ് ഗ്രന്ഥങ്ങള്‍ തപ്പിപ്പോകേണ്ടതില്ല അതറിയാന്‍. പത്തു രൂപ കൊടുത്ത് അമര്‍ചിത്രകഥയുടെ പഴയ ലക്കങ്ങള്‍ വാങ്ങിച്ചു വായിച്ചാല്‍ മതി.
ഏതായാലും അതങ്ങു പ്രഖ്യാപിച്ചു. പത്മജ കെ.കരുണാകരന്റെ പിന്‍ഗാമി. എന്നുവച്ചാല്‍ ലീഡറുടെ ചെങ്കോലും കിരീടവും ഇനി പത്മജക്ക്. തിരുവനന്തപുരത്ത് നന്തന്‍കോട്ടെ കല്യാണി വീട്ടില്‍ പത്മജയും ശിങ്കിടികളും ഒരു യോഗം ചേരുന്നു, ഒരു കടലാസും പേനയുമെടുക്കുന്നു, പിന്‍ഗാമി എന്നെഴുതി വയ്ക്കുന്നു, ചാനലുകാരെ വിളിച്ച് എക്‌സ്‌ക്ലൂസീവ് ആയി പറഞ്ഞുകൊടുക്കുന്നു. അടുത്ത നിമിഷ മുതല്‍ ഇപ്പോള്‍ കിട്ടിയത്, ബ്രേക്കിങ് ന്യൂസ്, ജസ്റ്റ് ഇന്‍ തുടങ്ങിയ വിവിധ തലക്കെട്ടുകളുടെ അകമ്പടിയോടെ ചാനലുകള്‍ അത് നാട്ടുകാര്‍ക്ക് കൊടുക്കുന്നു. ഇത്രകാലവും പലകോലത്തിലും രൂപത്തിലും കിട്ടിക്കൊണ്ടിരുന്നത് നാട്ടുകാര്‍ക്ക് തന്നെയായിരുന്നതുകൊണ്ട് അവരില്‍ പലരുമത് അത്ര കാര്യമാക്കിയില്ല. രാത്രി ഒമ്പതു മണിയായപ്പോഴേക്കും സ്ഥിതി മാറി. ന്യൂസ് അവര്‍, ന്യൂസ് നൈറ്റ്, കൗണ്ടര്‍ പോയന്റ്… ചര്‍ച്ചയോടു ചര്‍ച്ച. അപ്പോള്‍ പ്രജകള്‍ക്കും തോന്നിത്തുടങ്ങി. എന്തോ വലിയ കാര്യം സംഭവിച്ചിരിക്കുന്നു. ചിലപ്പോള്‍ ഇതിലും വലുത് വരാനിരുന്ന നേരത്തായിരിക്കുമെന്ന് ആശ്വസിക്കുകയല്ലാതെ വേറെ വഴിയില്ലല്ലോ.
എങ്കിലും പിന്‍ഗാമിക്കു കിട്ടാന്‍പോകുന്ന ചെങ്കോലിന്റെയും കിരീടത്തിന്റെയും കാര്യമോര്‍ത്ത് അവര്‍ക്ക് ചിരി വരാതിരുന്നുമില്ല. മന്ത്രിമാരും എം എല്‍ എമാരുമൊക്കെയായി വലിയൊരു സൈന്യവും കൊള്ളാവുന്ന വകുപ്പുകളില്‍ നിന്ന് മാസപ്പടിയുമൊക്കെയായി പ്രതാപവാനായി വാണിരുന്ന ലീഡറുടെ ഈ റിട്ടയര്‍മെന്റാനന്തര വിശ്രമ കാലത്ത് എന്തിന്റെ പിന്‍ഗാമിയാണാവോ ഈ തൃപ്പുത്രി എന്നൊരു സംശയം സ്വാഭാവികം.
പക്ഷേ, കാര്യം മനസിലാക്കാതെയുള്ള സംശയമാണത്. നാലു കഴുക്കോലും പൊട്ടിപ്പൊളിഞ്ഞ തിണ്ണയും മാത്രമുള്ള പഴയ തറവാടാണ് ഐ ഗ്രൂപ്പ് എന്നതൊക്കെ ശരി. എം എല്‍ എമാരുമില്ല, മന്ത്രിമാരുമില്ല. നാലാള്‍ കേട്ടാലറിയുന്ന ഒരു നേതാവു പോലുമില്ല കൂടെ. ഒക്കെ ശരി. പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പ് വരാന്‍ ഇനി ഒരു വര്‍ഷമേയുള്ളു ബാക്കിയെന്നോര്‍ക്കണം. കെ പി സി സിയിലൊരു ജനറല്‍ സെക്രട്ടറി സ്ഥാനം, കോണ്‍ഗ്രസിന്റെ പേരില്‍ ഏതു കുറ്റിച്ചൂല് നിന്നാലും ജയിച്ചു കയറാന്‍ കഴിയുന്നൊരു സീറ്റ്, കൂടെ നില്‍ക്കുന്നവര്‍ക്കൊക്കെ സ്വന്തം മുഖം വച്ചു പോസ്റ്ററടിക്കാനും പത്തു കാശുണ്ടാക്കാനും പറ്റിയ സീറ്റുകളായാലും മതി, ജയിക്കണമെന്നില്ല. സംഘടനാ തിരഞ്ഞെടുപ്പില്‍ ബൂത്ത് പ്രസിഡന്റ് മുതല്‍ മുകളിലോട്ടു പദവികളങ്ങനെ കെടക്കുകയല്ലേ. ഏതെങ്കിലുമൊക്കെ ആര്‍ക്കെങ്കിലുമൊക്കെ കിട്ടിയാല്‍ ഉപകാരം. ജയിച്ചു വരുമ്പോള്‍ പിന്‍ഗാമിക്ക് ഒരു മന്ത്രിക്കസേര കിട്ടിയാല്‍ പെരുത്ത് സന്തോഷം. അത്രയൊക്കെയേ വേണ്ടു. അല്ലാതെ അഛനെപ്പോലെ മുഖ്യമന്ത്രിയാകണം, ചേട്ടനെപ്പോലെ കെ പി സി സി പ്രസിഡന്റാകണം എന്നൊന്നും വാശി പിടിക്കുന്നില്ലല്ലോ. ആ വിനയഭാവത്തെയെങ്കിലും മാനിക്കാതിരിക്കില്ല ഓസിയും കൂടെയുള്ളവരും. അതിനാണ് മുന്നേ കൂട്ടി പിന്‍ഗാമിയായി സ്വയം പ്രഖ്യാപിച്ചത്. ഒരു അഡ്രസൊക്കെ വേണ്ടേ. അപ്പുറത്ത് നിരന്നു നില്‍ക്കുന്നത് ഗഡാഗഡിയന്‍മാരാണെന്നു കൂടി ഓര്‍ക്കണം.
എം എല്‍ എയാകാന്‍ നോക്കിയിട്ടു കഴിഞ്ഞ തവണ നടന്നില്ല. കെ പി സി സി ഭാരവാഹിയാകാന്‍ നോക്കിയിട്ട് നിര്‍വാഹക സമിതി വരെയേ എത്തിയുള്ളു. എന്നാല്‍ പിന്നെ മഹിളാ കോണ്‍ഗ്രസിനെ നയിക്കാന്‍ തയ്യാറാണ്, പക്ഷേ നിര്‍ബന്ധിക്കണം എന്നു പറഞ്ഞു. ആരും നിര്‍ബന്ധിച്ചില്ല. ഇടിച്ചുകയറി നോക്കി. ആ ആലപ്പുഴക്കാരി മോള്‍ ഡല്‍ഹീച്ചെന്ന് മുഹ്‌സിനാജിയെ മാത്രമല്ല സോണിയാജിയെ വരെ വശീകരിച്ചതുകൊണ്ട് അതും കിട്ടിയില്ല. പിന്നെയല്ലേ മനസിലായത്. പിന്‍ഗാമിയല്ലാത്തിന്റെ കുഴപ്പമാണിതൊക്കെ. ഇനി ആ കുഴപ്പം വേണ്ട.