| Saturday, 18th July 2026, 4:48 pm

അദ്ദേഹം സമ്മര്‍ദത്തിലായതായി തോന്നി; സൂപ്പര്‍ താരത്തിന് പിന്തുണയുമായി കരുണ്‍ നായര്‍

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം കരുണ്‍ നായര്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ മത്സരത്തില്‍ 47 പന്തില്‍ 26 റണ്‍സായിരുന്നു രോഹിത് നേടിയത്. എന്നാല്‍ രോഹിത്തിന് പതിയെ കളിക്കേണ്ടി വന്ന സാഹചര്യങ്ങളെ ബഹുമാനിക്കണെമന്നാണ് കരുണ്‍സായര്‍ പറഞ്ഞത്. എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാത്ത രോഹിത് ശര്‍മ കുറച്ച് സമയം എടുത്ത് ഇന്നിങ്‌സ് കെട്ടിപ്പടുക്കുമെന്ന് പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു.

‘സാഹചര്യങ്ങള്‍ വളരെ പ്രധാനമാണ്. പിച്ചിലെയും മത്സരത്തിലെയും സാഹചര്യങ്ങളെ ബഹുമാനിക്കണം. മത്സരത്തില്‍ പന്ത് സീം ചെയ്യുകയും അല്‍പം മൂവ് ചെയ്യുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാത്ത രോഹിത് ശര്‍മ കുറച്ച് സമയം എടുത്ത് ഇന്നിങ്‌സ് കെട്ടിപ്പടുക്കുമെന്ന് പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്.

അതിനെക്കുറിച്ച് അദ്ദേഹത്തിനും ബോധ്യമുണ്ട്, അദ്ദേഹം അതിനെക്കുറിച്ച് സ്വയം വിലയിരുത്തുകയും ചെയ്യും. ഒരു ഘട്ടത്തിന് ശേഷം, പ്രത്യേകിച്ച് സാം കറന്റെ ഓവര്‍ കഴിഞ്ഞപ്പോള്‍, അദ്ദേഹം സമ്മര്‍ദത്തിലായതായി തോന്നി. അതൊഴിച്ചാല്‍, അദ്ദേഹത്തിന്റെ ഇന്നിങ്‌സിന്റെ ടെംപോ നല്ലതായിരുന്നുവെന്നാണ് എനിക്ക് തോന്നിയത്.രോഹിത് ശർമ

സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് എനിക്ക് വലിയ ആശങ്കയില്ല. എന്നാല്‍ സാധാരണയായി 26 റണ്‍സിലെത്തിയാല്‍ അവിടെ നിന്ന് അദ്ദേഹം അര്‍ധസെഞ്ച്വറിയിലേക്ക് മുന്നേറാറുണ്ട്. ഇത്തവണ അത് സംഭവിക്കാതിരുന്നതാണ് അദ്ദേഹത്തെ ആശങ്കപ്പെടുത്തുന്ന കാര്യം,’ സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ‘ഗെയിം പ്ലാന്‍’ പരിപാടിയില്‍ കരുണ്‍ നായര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം മത്സരത്തിന് പിന്നാലെ 2027 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ ലിസ്റ്റില്‍ രോഹിത് ശര്‍മ ഉണ്ടാകില്ലെന്ന പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. ഇതോടെ ഇംഗ്ലണ്ടിനെതി മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തില്‍ രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ രോഹിത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും. പുറത്ത് വരുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ബി.സി.സി.ഐ സെക്രട്ടറി പറഞ്ഞിരുന്നു.

ജൂലൈ 19നാണ് സീരീസ് ഡിസൈഡര്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചപ്പോള്‍ സോഫിയ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. നിര്‍ണായക മത്സരത്തില്‍ എന്ത് വില കൊടുത്തും വിജയം സ്വന്തമാക്കാനാണ് ഇരു ടീമുകളും ലക്ഷ്യംവെക്കുന്നത്.

Content Highlight: Karun Nair Talking About Rohit Sharma

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more