| Monday, 13th January 2025, 1:29 pm

ഐ.പി.എല്ലില്‍ രണ്ട് വര്‍ഷം പുറത്തിരുന്നവന്‍, തൂക്കിയത് വെടിക്കെട്ട് റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

വിജയ് ഹസാരെ ട്രോഫിയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ രാജസ്ഥാനെതിരെ തകര്‍പ്പന്‍ വിജയമാണ് വിദര്‍ഭ സ്വന്തമാക്കിയത്. മോട്ടി ബാഗ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 9 വിക്കറ്റിനാണ് വിദര്‍ഭയുടെ വിജയം.

മത്സരത്തില്‍ ടോസ് നേടിയ വിദര്‍ഭ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിദര്‍ഭ 39 പന്തുകള്‍ അവശേഷിക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സ് നേടി ലക്ഷ്യം മറികടക്കുകയായിരുന്നു.

വിദര്‍ഭയ്ക്കുവേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ആയ ധ്രുവ് ഷോറെയും ക്യാപ്റ്റന്‍ കരുണ്‍ നായരുമാണ്. ധ്രുവ് 131 പന്തില്‍ നിന്ന് 10 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 118 റണ്‍സ് നേടി പുറത്താകാതെ സെഞ്ച്വറി നേടിയാണ് അമ്പരപ്പിച്ചത്. ക്യാപ്റ്റന്‍ കരുണ്‍ നായര്‍ 82 പന്തില്‍ നിന്ന് 13 ഫോര്‍ 5 സിക്‌സും ഉള്‍പ്പെടെ 122 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ മാത്രമല്ല താരത്തിന്റെ വെടിക്കെട്ട് പ്രകടനം. കഴിഞ്ഞ ആറ് ഇന്നിങ്‌സില്‍ നിന്നും അഞ്ച് സെഞ്ച്വറികളാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്.

വിജയ് ഹസാരെ ട്രോഫിയിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാനാണ് കരുണ്‍ നായര്‍ക്ക് സാധിച്ചത്. അഞ്ച് സെഞ്ച്വറിയോടെ ടൂര്‍ണമെന്റില്‍ എന്‍. ജഗതീശന്‍ നേടിയ റെക്കോഡിനൊപ്പമെത്താനും താരത്തിന് സാധിച്ചു. 2021-22 സീസണിലാണ് ജഗതീശന്‍ വിജയ്ഹസാരെയിലെ ഒരു സീസണില്‍ അഞ്ച് സെഞ്ച്വറി നേടിയത്.

സീസണില്‍ 112*, 44*, 163*, 111*, 112, 122* എന്നിങ്ങനെയാണ് താരം  സ്‌കോര്‍ ചെയ്തത്. ലിസ്റ്റ് എയില്‍ 105 മത്സരത്തില്‍ നിന്ന് 3013 റണ്‍സാണ് കരുണ്‍ ഇതുവരെ നേടിയത്. ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ആറ് മത്സരത്തില്‍ നിന്ന് 374 റണ്‍സാണ് താരം നേടിയത്.

നിലവില്‍ താരത്തെ 2025 ഐ.പി.എല്‍ മെഗാ ലേലത്തില്‍  ദല്‍ഹി ക്യാപിറ്റല്‍സ് ആണ് സ്വന്തമാക്കിയത്. 50 ലക്ഷം രൂപക്കാണ് താരത്തെ ദല്‍ഹി നേടിയത്. അവസാനമായി താരം ഐ.പി.എല്‍ കളിച്ചത് 2022ലാണ്. രാജസ്ഥാന് വേണ്ടിയായിരുന്ന താരം അവസാനമായി കളിച്ചത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന കരുണ്‍ നായരുടെ പേരില്‍ സന്തോഷിക്കുകയാണ് ഇപ്പോള്‍ ക്യാപിറ്റല്‍സ്.

രാജസ്ഥാന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് കാര്‍ത്തിക് ശര്‍മയാണ്. 61 പന്തില്‍ 62 റണ്‍സാണ് താരം നേടിയത്. ശുഭം ഗര്‍വാള്‍ 59 പന്തില്‍ 59 റണ്‍സും നേടി. വിദര്‍ഭക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് യാഷ് താക്കൂറാണ് 10 ഓവറില്‍ 39 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്.

Content Highlight: Karun Nair In Great Record Achievement In List A Cricket

We use cookies to give you the best possible experience. Learn more