| Sunday, 2nd November 2025, 2:01 pm

ഇരട്ട സെഞ്ച്വറി കരുത്തുമായി കരുണ്‍; കേരളത്തിനെതിരെ കര്‍ണാടക കൂറ്റന്‍ സ്‌കോറിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ഇരട്ട സെഞ്ച്വറിയുമായി തിളങ്ങി കരുണ്‍ നായര്‍. തിരുവനന്തപുരം കെ.സി.എ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ താരത്തിന്റെ കരുത്തില്‍ കര്‍ണാടക കൂറ്റന്‍ സ്‌കോറിലേക്ക് മുന്നേറുകയാണ്. നിലവില്‍ 138 ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 477 എന്ന നിലയിലാണ്. കരുണിനൊപ്പം സെഞ്ച്വറിയുമായി സമരണ്‍ രവിചന്ദ്രനും ക്രീസിലുണ്ട്.

രണ്ടാം ദിവസം മൂന്നിന് 319 എന്ന നിലയിലാണ് കര്‍ണാടക ബാറ്റിങ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഒന്നിച്ച കരുണ്‍ നായര്‍ – സമരണ്‍ രവിചന്ദ്രന്‍ സഖ്യം തന്നെയാണ് ടീമിനായി ബാറ്റിങ് പുനരാംഭിച്ചത്. ഇരുവരും ചേര്‍ന്ന് ഇന്ന് സ്‌കോര്‍ ബോര്‍ഡിലേക്ക് 158 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

മത്സരത്തിന്റെ ഒന്നാം ദിവസം തന്നെ സെഞ്ച്വറി പൂര്‍ത്തിയാക്കിയ കരുണ്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിന് ശേഷമാണ് ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. നിലവില്‍ താരത്തിന് 386 പന്തില്‍ 233 റണ്‍സാണുള്ളത്. രണ്ട് സിക്സും 25 ഫോറുമാണ് കര്‍ണാടക താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

മറുവശത്ത് സമരണ്‍ 297 പന്തില്‍ 150 റണ്‍സുമായി താരത്തിനൊപ്പം ക്രീസില്‍ ഉറച്ച് നില്‍ക്കുന്നുണ്ട്. ഒരു സിക്സും 12 ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.

നേരത്തെ, മത്സരത്തില്‍ ടോസ് നേടിയ കര്‍ണാടക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, രണ്ട് ഓപ്പണര്‍മാരെയും വളരെ പെട്ടെന്ന് തന്നെ മടക്കി കേരള കര്‍ണാടകയെ ഞെട്ടിച്ചിരുന്നു.

എട്ടാം ഓവറില്‍ രണ്ടിന് 13 എന്ന നിലയിലായ കര്‍ണാടകയെ പിന്നീട് ഒത്തുചേര്‍ന്ന കരുണ്‍ നായരും കെ.എല്‍ ശ്രീചിത്തും കൂടി ടീമിനെ തിരികെ കൊണ്ടുവരികയായിരുന്നു.

ഈ സഖ്യം 123 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്താണ് പിരിഞ്ഞത്. അതിന് ശേഷമാണ് ആര്‍. സമരണ്‍ ബാറ്റിങ്ങിനെത്തിയത്. ഇവരാണ് ഇപ്പോള്‍ കേരളത്തിനെതിരെ ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുന്നത്.

Content Highlight: Karun Nair score double century in Ranji Trophy against Kerala Cricket Team

Latest Stories

We use cookies to give you the best possible experience. Learn more