| Saturday, 31st May 2025, 6:35 pm

സെഞ്ച്വറിക്കും മേലെ ഡബിള്‍ സെഞ്ച്വറി; ക്രിക്കറ്റ് ഇവന് മറ്റൊരു അവസരം കൂടി നല്‍കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് നടക്കുന്ന അണ്‍ഒഫീഷ്യല്‍ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറിയുമായി കരുണ്‍ നായര്‍. സെന്റ് ലോറന്‍സ്, കാന്റര്‍ബറിയിലെ സ്പിറ്റ്ഫയര്‍ ഗ്രൗണ്ടില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെയാണ് കരുണ്‍ നായര്‍ ഡബിള്‍ സെഞ്ച്വറിയുമായി തിളങ്ങിയത്.

നേരിട്ട 85ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ കരുണ്‍ 155ാം പന്തിലാണ് ട്രിപ്പിള്‍ ഡിജിറ്റ് തൊട്ടത്. കരിയറിലെ 24ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണ് താരം ഇംഗ്ലണ്ട് ലയണ്‍സിനെതിരെ അടിച്ചെടുത്തത്.

എന്നാല്‍ സെഞ്ച്വറിയിലും അവസാനിപ്പിക്കാതെ ബാറ്റിങ് തുടര്‍ന്ന താരം ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് കൈപിടിച്ചുനടത്തുന്നത്.

281 പന്ത് നേരിട്ട് 204 റണ്‍സ് നേടിയാണ് കരുണ്‍ പുറത്തായത്. 26 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

അതേസമയം, നിലവില്‍ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 534 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ എ. 27 പന്തില്‍ 16 റണ്‍സുമായി അന്‍ഷുല്‍ കാംബോജും രണ്ട് പന്തില്‍ ഒരു റണ്ണുമായി ഹര്‍ഷിത് റാണയുമാണ് ക്രീസില്‍.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ-യ്ക്ക് തുടക്കത്തിലേ പാളിയിരുന്നു. ടീം സ്‌കോര്‍ 12ല്‍ നില്‍ക്കവെ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ പുറത്തായി. 17 പന്തില്‍ എട്ട് റണ്‍സാണ് താരം സ്വന്തമാക്കിയത്.

അധികം വൈകാതെ 55 പന്തില്‍ 24 റണ്‍സടിച്ച യശസ്വി ജെയ്സ്വാളും മടങ്ങി. എഡ്ഡി ജാക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജെയിംസ് റ്യൂവിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

നാലാം വിക്കറ്റില്‍ സര്‍ഫറാസ് ഖാനെത്തിയതോടെ ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തി. മൂന്നാം വിക്കറ്റില്‍ 182 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കരുണ്‍ നായരും സര്‍ഫറാസ് ഖാനും ഇന്ത്യയ്ക്ക് തുണയായി.

ധ്രുവ് ജുറെല്‍ 120 പന്തില്‍ 94 റണ്‍സുമായി മികച്ച പ്രകടനം കാഴ്ചവെച്ചു. അജിത് സിങ് ഡാലെയുടെ പന്തില്‍ ബെന്‍ മെക്കിന്നിക്ക് ക്യാച്ച് നല്‍കിയാണ് അര്‍ഹിച്ച സെഞ്ച്വറിക്ക് ആറ് റണ്‍സകലെ ജുറെല്‍ പുറത്തായത്.

ഹര്‍ഷ് ദുബെ (47 പന്തില്‍ 32), ഷര്‍ദുല്‍ താക്കൂര്‍ (32 പന്തില്‍ 27), നീതീഷ് കുമാര്‍ റെഡ്ഡി (22 പന്തില്‍ ഏഴ്) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായിട്ടുണ്ട്.

ഇന്ത്യ എ പ്ലെയിങ് ഇലവന്‍

അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ഷര്‍ദുല്‍ താക്കൂര്‍, ഹര്‍ഷ് ദുബെ, അന്‍ഷുല്‍ കാംബോജ്, ഹര്‍ഷിത് റാണ, മുകേഷ് കുമാര്‍.

ഇംഗ്ലണ്ട് ലയണ്‍സ് പ്ലെയിങ് ഇലവന്‍

ജെയിംസ് റ്യൂ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), തോമസ് ഹെയ്ന്‍സ്, ബെന്‍ മെക്കിന്നി, എമിലിയോ ഗേ, മാക്സ് ഹോള്‍ഡണ്‍, ഡാന്‍ മൂസ്‌ലി, രെഹന്‍ അഹമ്മദ്, സമാന്‍ അക്തര്‍, എഡ്ഡി ജാക്കി, ജോഷ് ഹള്‍, അജീത് സിങ് ഡാലെ.

Content Highlight: Karun Nair completed double century against England Lions

We use cookies to give you the best possible experience. Learn more