| Sunday, 3rd May 2026, 2:56 pm

ചിന്നത്തലയെ വെട്ടി വീഴ്ത്തി കാര്‍ത്തിക്; ചെന്നൈയുടെ ചരിത്രത്തില്‍ ഇവന്‍ രണ്ടാമന്‍!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ രണ്ടാം മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിങ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കാണ് ചെന്നൈയുടെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടിക്ക് ഇറങ്ങിയ ചെന്നൈ 18.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വിജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയരാനും ചെന്നൈക്ക് സാധിച്ചു. എട്ട് പോയിന്റാണ് ചെന്നൈയുടെ പക്കലുള്ളത്.

ക്യാപ്റ്റന് ഋതുരാജ് ഗെയ്ക്വാദിന്റെയും കാര്‍ത്തിക് ശര്‍മയുടെയും അര്‍ധ സെഞ്ച്വറി മികവിലാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്. 48 പന്തില്‍ പുറത്താവാതെ 67 റണ്‍സ് നേടിയാണ് ചെന്നൈ ക്യാപ്റ്റന്‍ തിളങ്ങിയത്. അഞ്ച് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതായിരുന്നു ചെന്നൈ ക്യാപ്റ്റന്റെ ഇന്നിങ്‌സ്.

ഗെയ്ക്വാദിന് പുറമെ 40 പന്തില്‍ നാല് ഫോറുകളും മൂന്ന് സിക്‌സുകളും അടക്കം പുറത്താവാതെ 54 റണ്‍സ് നേടിയാണ് കാര്‍ത്തിക് ശര്‍മ ചെന്നൈക്ക് വിജയം സമ്മാനിച്ചത്. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ കാര്‍ത്തിക് നേരിട്ട 39ാം ഓവറിലാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഐ.പി.എല്ലില്‍ താരത്തിന്റെ ആദ്യത്തെ അര്‍ധ സെഞ്ച്വറിയാണിത്. ഇതിന് പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് കാര്‍ത്തിക്.

ഐ.പി.എല്ലില്‍ ചെന്നൈക്ക് വേണ്ടി അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം എന്ന നേട്ടമാണ് കാര്‍ത്തിക് ശര്‍മ സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌നയെ മറികടന്നാണ് താരം മുന്നേറിയത്. 2008ല്‍ മുംബൈക്കെതിരെ 21 വയസും 148 ദിവസവുമായപ്പോഴാണ് താരം ഫിഫ്റ്റി നേടുന്നത്. ആയുഷ് മാഹ്‌ത്രെയാണ് ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത്. 17 വയസും 291 വയസുമായപ്പോഴാണ് മാഹ്‌ത്രെ ആദ്യ ഫിഫ്റ്റി നേടുന്നത്. 2025ല്‍ ആര്‍.സി.ബിക്കെതിരെയാണ് താരം ഫിഫ്റ്റി നേടുന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ നമന്‍ ധിറിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഭേദപ്പെട്ട ടോട്ടല്‍ സ്വന്തമാക്കിയത്. 37 പന്തുകളില്‍ നിന്നും 57 റണ്‍സാണ് നമന്‍ അടിച്ചെടുത്തത്. നാല് ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. റിയാന്‍ റിക്കല്‍ട്ടണും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു. 24 പന്തില്‍ 37 റണ്‍സാണ് റിക്കല്‍ട്ടണ്‍ അടിച്ചെടുത്തത്.

മത്സരത്തില്‍ ചെന്നൈ ബൗളിങ്ങില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തത് അന്‍ഷുല്‍ കാംബോജാണ്. നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റുകളും ജെയ്മി ഓവര്‍ട്ടണ്‍, രാമകൃഷ്ണ ഘോഷ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മെയ് അഞ്ചിന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ക്യാപ്പിറ്റല്‍സിന്റെ തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. മറുഭാഗത്ത് മെയ് നാലിന് നടക്കുന്ന മത്സരത്തില്‍ മുംബൈ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെയും നേരിടും. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെയാണ് വേദി.

Content Highlight: Kartik Sharma Surpass Suresh Raina In Great Record Achievement

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more