| Monday, 23rd February 2026, 12:55 pm

കൂടുതൽ ഫെയിം, ഗ്ലാമർ, പ്രതിഫലം അതൊക്കെയാണ് എന്നെയും ആകർഷിച്ചത്; അഭിനയിച്ചതിൽ ഏറ്റവും വെറുത്ത സിനിമയുണ്ട്: കാർത്തിക മാത്യു

നന്ദന എം.സി

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളും തമിഴ് പ്രേക്ഷകരും ഒരുപോലെ ശ്രദ്ധിച്ച നടിയാണ് കാർത്തിക മാത്യു. മലയാളത്തിൽ നിന്ന് തമിഴിലേക്ക് കടന്ന് ശ്രദ്ധ നേടിയ താരം ‘വെള്ളിനക്ഷത്രം’ എന്ന ചിത്രത്തിലൂടെയാണ് കൂടുതൽ സുപരിചിതയായത്. വിവാഹത്തിന് പിന്നാലെ അഭിനയ ലോകത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും, പഴയൊരു അഭിമുഖത്തിലെ തുറന്നുപറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.

പണ്ടൊരിക്കൽ അമൃത ടി.വി ക്ക് നൽകിയ അഭിമുഖത്തിലാണ് കാർത്തിക തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. സിനിമയിൽ അഭിനയിക്കണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും, ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കാൻ മാത്രമായിരുന്നു വീട്ടുകാർ അനുവാദം നൽകിയതെന്നും താരം പറയുന്നു.

എന്നാൽ പിന്നീട് കൂടുതൽ അവസരങ്ങൾ വന്നപ്പോൾ മാതാപിതാക്കൾ തന്നെ പൂർണ്ണ പിന്തുണയുമായി കൂടെ നിന്നുവെന്നും കാർത്തിക വ്യക്തമാക്കുന്നു. ലൊക്കേഷനുകളിലേക്ക് അച്ഛനും അമ്മയും ഒപ്പം വരാറുണ്ടായിരുന്നുവെന്നതും താരം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സാധാരണ ജീവിതം, പഠനം, ഒരു സ്ഥിര ജോലി എന്നതായിരുന്നു തന്റെ ആദ്യ പ്രതീക്ഷ. എന്നാൽ സിനിമയിലെ തിരക്കേറിയ ജീവിതം എല്ലാം മാറ്റിമറിച്ചു. ഒരേസമയം രണ്ടുമൂന്ന് സിനിമകൾ ചെയ്യുമ്പോഴാണ് യഥാർത്ഥ തിരക്ക് അനുഭവപ്പെട്ടതെന്നും, ഓടിയെത്താൻ പോലും പ്രയാസമുണ്ടായിരുന്നുവെന്നും താരം ചിരിച്ചുകൊണ്ട് ഓർക്കുന്നു. എന്നിരുന്നാലും അതെല്ലാം ആസ്വദിച്ചാണ് ചെയ്തതെന്ന് താരം കൂട്ടിച്ചേർത്തു.

‘മലയാളത്തിൽ നിന്ന് വന്നാലും തമിഴാണ് ഇപ്പോൾ കൂടുതലും ചെയ്യുന്നത്. കൂടുതൽ ഫെയിം, ഗ്ലാമർ, പ്രതിഫലം അതൊക്കെയാണ് എന്നെയും ആകർഷിച്ചത്. ഇവിടെ നിന്നും നല്ല ക്യാരക്ടറുകളൊന്നും കിട്ടുന്നുണ്ടായിരുന്നില്ല. അതിപ്പോൾ നമുക്ക് തുറന്ന് പറഞ്ഞല്ലേ പറ്റുള്ളൂ. ആഗ്രഹിച്ച പോലെ, പ്രതീക്ഷിക്കുന്നത് പോലെ വിളിക്കുന്നില്ല. വിളിക്കാതെ എന്താണ് ചെയ്യുക. ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ സിനിമയുണ്ട്. ആ പേര് പറയാൻ പറ്റില്ല.

തമിഴിൽ ചെല്ലുമ്പോൾ അവർ നമ്മളെ കൊണ്ടുനടക്കും. ഒരു കാരവാൻ തരും, നമ്മളെ അതിൽ കൊണ്ടിരുത്തും. ഇടയ്ക്ക് ഞാനൊരു ഓട്ടോയിൽ ഇരുന്നപ്പോൾ എന്താ മാഡം ഇവിടെ, എന്തേലും പ്രശ്‌നമുണ്ടോ എന്നായിരുന്നു ചോദ്യം. തരുന്നത് നീയായിട്ട് ഇല്ലാതാക്കണ്ടെന്നായിരുന്നു അച്ഛനും അമ്മയും പറഞ്ഞത്,’ കാർത്തിക പറഞ്ഞു.

കാർത്തിക മാത്യു, Photo: YouTube/ Screengrab

തമിഴിലേക്ക് പോയതിന് ശേഷം തന്റെ വേഷത്തിൽ വന്ന മാറ്റങ്ങൾക്കുറിച്ചും കാർത്തിക തുറന്നു പറഞ്ഞു. ഗ്രാമത്തിൽ നിന്നെത്തിയ ഒരു നാടൻ പെൺകുട്ടി സിനിമയിൽ എത്തിയപ്പോൾ വന്ന മാറ്റങ്ങളാണ് പലർക്കും ചർച്ചയായതെന്നും, തമിഴിൽ അഭിനയിക്കുമ്പോൾ മോഡേൺ വേഷങ്ങൾ ധരിക്കാമോ എന്നായിരുന്നു ചോദിച്ചതെന്നും താരം പറയുന്നു. ആ സാഹചര്യത്തിലാണ് ഗ്ലാമറസ് വേഷങ്ങൾക്ക് തയ്യാറായതെന്നും വ്യക്തമാക്കി.

ഇപ്പോൾ തമിഴ് സിനിമകൾ ചെയ്യില്ലെന്നാണ് തന്റെ തീരുമാനമെന്നും, തെലുങ്കിൽ നിന്നുമുള്ള അവസരങ്ങൾ പോലും ഗ്ലാമർ നിർദേശങ്ങളാൽ താൻ നിരസിച്ചതായും കാർത്തിക അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

വർഷങ്ങൾക്കിപ്പുറം വീണ്ടും വൈറലായ ഈ അഭിമുഖം, കാർത്തികയുടെ സിനിമാ ജീവിതത്തിലെ ഉയർച്ചകളും വിവാദങ്ങളുമൊക്കെയായി പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.

Content Highlight: Karthika Mathew’s old interview goes viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാ

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more