| Friday, 30th October 2026, 9:42 am

രജിനി സാറടക്കമുള്ള താരങ്ങള്‍ക്ക് കഥയില്‍ പ്രശ്‌നമുണ്ടായിരുന്നില്ല, ആരാധകര്‍ക്കാണ് പ്രശ്‌നം: കാര്‍ത്തിക് സുബ്ബരാജ്

അശ്വിന്‍ രാജേന്ദ്രന്‍

2012ല്‍ പുറത്തിറങ്ങിയ പിസ്സ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്. മാസ് മസാല കൊമേഷ്യല്‍ സിനിമകള്‍ക്ക് പ്രാധാന്യം നല്‍കിയ തമിഴ് സിനിമാ പ്രേമികള്‍ക്ക് മുന്നില്‍ തന്റേതായ രീതിയില്‍ കഥ പറയാനും നിരൂപക പ്രശംസ പിടിച്ചുപറ്റാനും താരത്തിന് സാധിച്ചിരുന്നു. ജിഗര്‍ത്തണ്ട, ഇരൈവി തുടങ്ങി ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ തമിഴില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ കാര്‍ത്തിക്കിന്റേതായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഡൊറോത്തി.

ഡൊറോത്തി. Photo: X.com

ഒക്ടോബര്‍ 23ന് നെറ്റ്ഫ്ളിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സനന്തിന്റെയും റിഷികാന്തിന്റെയും പ്രകടനങ്ങള്‍ക്കൊപ്പം കീര്‍ത്തി സുരേഷിന്റെ കഥാപാത്രവും ശ്രദ്ധ നേടുന്നുണ്ട്. 1990കളിലെ ഗ്രാമീണ തമിഴ്‌നാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ സൗഹൃദം, ജാതിവിവേചനം, പുരുഷത്വത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണകള്‍, ക്വിയര്‍ ഐഡന്റിറ്റി തുടങ്ങിയ വിഷയങ്ങളാണ് കടന്നുവരുന്നത്. ബാല്യകാല സുഹൃത്തുക്കളായ സുബ്ബുവിന്റെയും കാര്‍ത്തിയുടെയും ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.

ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തമിഴിലെ സൂപ്പര്‍താരങ്ങളെ വെച്ച് താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ്. രജിനികാന്ത്, സൂര്യ, വിക്രം, ധനുഷ് തുടങ്ങിയവരൊന്നും കഥയില്‍ കോംപ്രമൈസ് ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ആരാധകര്‍ക്കാണ് ഇത് ആവശ്യമെന്നും സംവിധായകന്‍ പറയുന്നു.

‘വലിയ സ്റ്റാര്‍സിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ കഥയില്‍ കോംപ്രമൈസ് ചെയ്തിട്ടില്ല. കാരണം ഞാന്‍ അതിന് മുമ്പ് ചെയ്തുവെച്ച ചിത്രങ്ങള്‍ കണ്ടതിന് ശേഷമാണ് അവര്‍ നമ്മളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ വരുന്നത്. തലൈവരുടെ (രജിനികാന്ത്) കാര്യം തന്നെ എടുക്കാം. ഞാനദ്ദേഹത്തിന്റെ ആരാധകനാണ് എന്ന കാരണത്താലല്ല എന്റെ ചിത്രം ചെയ്യാമെന്ന് അദ്ദേഹം തീരുമാനിച്ചത്.

എന്റെ ചിത്രങ്ങളായ പിസ്സ, ജിഗര്‍ത്തണ്ട, ഇരൈവി തുടങ്ങിയവയെല്ലാം അദ്ദേഹം കാണുകയും ഞാന്‍ കഥ പറയുന്ന രീതി അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തപ്പോഴാണ് എന്റെ കൈയില്‍ രജിനി സാറിന് പറ്റിയ സ്‌ക്രിപ്റ്റ് ഉണ്ടോ എന്ന് ചോദിക്കുന്നത്. ഞാന്‍ പോയി കഥ പറയുമ്പോഴും എന്തെങ്കിലും യുണീക്ക് ആയിട്ടുള്ളത് ഉണ്ടോ എന്നാണ് രജിനി സാര്‍ നോക്കുന്നത്.

Photo: The Hindu

അത്തരത്തില്‍ നമ്മള്‍ ഒരു കഥ പോയി പറയുമ്പോള്‍ അവിടെ ക്രിയേറ്റീവ് കോംപ്രമൈസ് ഉണ്ടാകുന്നില്ല. രജിനി സാര്‍ മാത്രമല്ല ധനുഷ് സാര്‍, വിക്രം സാര്‍, സൂര്യ സാര്‍ തുടങ്ങി എല്ലാവരും അങ്ങനെയാണ്. താരങ്ങള്‍ക്ക് വേണ്ടി അവിടെ ഒരു ക്രിയേറ്റീവ് കോംപ്രമൈസ് നടക്കുന്നില്ല. പക്ഷേ ചില സമയങ്ങളില്‍ ആരാധകര്‍ക്കാണ് ഈ പ്രശ്‌നം ഉണ്ടാകുന്നത്,’ കാര്‍ത്തിക് പറഞ്ഞു.

Content Highlight: Karthik Subbaraj talks abouthis film with star actors

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more