| Thursday, 29th October 2026, 7:16 am

ആയിരം കോടി നേടാനായി മാത്രം ആര്‍ക്കും ഒരു ചിത്രം ചെയ്യാന്‍ സാധിക്കില്ല, അത് ഒരു പ്രതിഭാസമാണ്: കാര്‍ത്തിക് സുബ്ബരാജ്

അശ്വിന്‍ രാജേന്ദ്രന്‍

2012ല്‍ പുറത്തിറങ്ങിയ പിസ്സ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്. മാസ് മസാല കൊമേഷ്യല്‍ സിനിമകള്‍ക്ക് പ്രാധാന്യം നല്‍കിയ തമിഴ് സിനിമാ പ്രേമികള്‍ക്ക് മുന്നില്‍ തന്റേതായ രീതിയില്‍ കഥ പറയാനും നിരൂപക പ്രശംസ പിടിച്ചുപറ്റാനും താരത്തിന് സാധിച്ചിരുന്നു. ജിഗര്‍ത്തണ്ട, ഇരൈവി തുടങ്ങി ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ തമിഴില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ കാര്‍ത്തിക്കിന്റേതായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഡൊറോത്തി.

കാര്‍ത്തിക് സുബ്ബരാജ് സൂര്യയ്‌ക്കൊപ്പം. Photo: Screen

ഒക്ടോബര്‍ 23ന് നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സനന്തിന്റെയും റിഷികാന്തിന്റെയും പ്രകടനങ്ങള്‍ക്കൊപ്പം കീര്‍ത്തി സുരേഷിന്റെ കഥാപാത്രവും ശ്രദ്ധ നേടുന്നുണ്ട്. 1990കളിലെ ഗ്രാമീണ തമിഴ്നാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ സൗഹൃദം, ജാതിവിവേചനം, പുരുഷത്വത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണകള്‍, ക്വിയര്‍ ഐഡന്റിറ്റി തുടങ്ങിയ വിഷയങ്ങളാണ് കടന്നുവരുന്നത്. ബാല്യകാല സുഹൃത്തുക്കളായ സുബ്ബുവിന്റെയും കാര്‍ത്തിയുടെയും ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.

ചിത്രത്തിനെതിരെ തുടക്കത്തില്‍ വലിയ സൈബര്‍ അറ്റാക്കുകള്‍ ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് തമിഴിലെ മുന്‍നിര സംവിധായകരും അഭിനേതാക്കളും കാര്‍ത്തിക് സുബ്ബരാജിനും ഡൊറോത്തിയ്ക്കും പ്രശംസയുമായി രംഗത്തെത്തുകയായിരുന്നു. ചത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആയിരം കോടി ചിത്രങ്ങളെ കുറിച്ചും തമിഴില്‍ നിന്നും ആയിരം കോടി ചിത്രമില്ലാത്തതിനെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍.

‘ആര്‍ക്കും ഒരു ആയിരം കോടി ചിത്രം പ്ലാന്‍ ചെയ്ത് ഒരു ആയിരം കോടി കളക്ഷന്‍ നേടാന്‍ സാധിക്കില്ല. ഏത് ചിത്രത്തിന്റെ കാര്യമെടുത്താലും അത് നാച്ചുറലായി നടക്കേണ്ട ഒരു പ്രതിഭാസമാണ്. തമിഴ് ഇന്‍ഡസ്ട്രിയ്ക്ക് ഒരു ആയിരം കോടി ചിത്രം വേണമെന്ന് വിചാരിച്ച് നിങ്ങള്‍ ഒരു ചിത്രമെടുത്താല്‍ ഒരിക്കലും ആ മാര്‍ക്ക് പിന്നിടാന്‍ സാധിക്കില്ല. കെ.ജി.എഫ് ആയാലും പുഷ്പ ആയാലും അവരൊന്നും ആയിരം കോടി ലക്ഷ്യം വെച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

ഡൊറോത്തി. Photo: X.com

തീര്‍ച്ചയായും ആ ചിത്രങ്ങള്‍ വലിയ വിജയമാകുമെന്നും ഒരുപാട് കളക്ഷന്‍ നേടുമെന്നും അവര്‍ക്ക് അറിയാമായിരിക്കും. പക്ഷേ പെട്ടെന്ന് ഇന്ത്യയിലും രാജ്യത്തിന് പുറത്തുമുള്ള ആളുകള്‍ക്ക് ചിത്രം ഇഷ്ടപ്പെടുമ്പോഴാണ് ഈ പ്രതിഭാസം നടക്കുന്നത്. അതൊരു മാജിക്കായാണ് എനിക്ക് തോന്നുന്നത്. അത് നിങ്ങള്‍ക്ക് പ്ലാന്‍ ചെയ്യാന്‍ സാധിക്കില്ല,’ കാര്‍ത്തിക്ക് സുബ്ബരാജ് പറഞ്ഞു.

Content Highlight: Karthik Subbaraj talks about 1000 crore movies

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more