ഡൊറോത്തി കണ്ടുകഴിയുന്ന പ്രേക്ഷകന്റെ മനസിൽ ബാക്കി നിൽക്കുന്ന ഒരാളാണ് ജീവ സുബ്രമണ്യൻ അവതരിപ്പിച്ച ട്രാൻസ്ജെൻഡർ അമ്മ എന്ന കഥാപാത്രം. സുബ്ബുവിനെ ചേർത്തു നിർത്തുന്നതും സ്വത്വമാറ്റത്തിന് സഹായിക്കുന്നതും ആ കഥാപാത്രമാണ്. സനന്തിന്റെയും റിഷികാന്തിന്റെയും കീർത്തി സുരേഷിന്റെയും പ്രകടനങ്ങൾക്കൊപ്പം ജീവ സുബ്രഹ്മണ്യത്തിന്റെ കഥാപാത്രവും ശ്രദ്ധ നേടുന്നുണ്ട്.
ചിത്രവുമായി ബന്ധപ്പെട്ട് സിനി ഉലഗത്തിനു നല്കിയ അഭിമുഖത്തില് ഡൊറോത്തി എന്ന സിനിമയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ജീവ സുബ്രമണ്യൻ.
‘എൻ്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഈ സിനിമ, യഥാർത്ഥത്തിൽ ഇതൊരു നാഴികക്കല്ലാണെന്ന് പറയാം. ഞങ്ങൾക്ക് പ്രേക്ഷകരിൽ വിശ്വാസമുണ്ടായിരുന്നു. കാരണം കാനഡയിലെ ടൊറന്റോയിൽ ഈ ചിത്രം പ്രദർശിപ്പിച്ചപ്പോൾ ഞങ്ങൾ പ്രേക്ഷകർക്കിടയിൽ ഒരു മൈക്രോഫോൺ കൈമാറുകയും അത് ഒരു സംഭാഷണത്തിന് വഴിയൊരുക്കുകയും ചെയ്തു.
അപ്പോൾ സദസ്സിലുണ്ടായിരുന്ന ഒരാൾ ചോദിച്ചു, ‘എത്രത്തോളം ആത്മവിശ്വാസത്തോടെയാണ് നിങ്ങൾ ഇത് ചെയ്തത്’എന്ന്, അതിന് കാർത്തിക് സുബ്ബരാജ് ‘എന്റെ തമിഴ് ജനതയിലുള്ള വിശ്വാസത്തിന്റെ പുറത്താണ് ഞാൻ ഇത് ചെയ്തത്’ എന്നായിരുന്നു മറുപടി നൽകിയത്. അവർ ഇതിനെ ആഘോഷമാക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, അതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യം പോലുമുണ്ടായിരുന്നില്ല,’ നടി പറഞ്ഞു.
ഡൊറോത്തി.Photo.Screen Grab/Instagram.com
‘ഇനി ഒരു 10 വർഷം കഴിഞ്ഞാൽ നിങ്ങളെല്ലാവരും ഞങ്ങളെ സാധാരണക്കാരായി കാണും പകരം നിങ്ങളെപ്പോലെയുള്ളവരെയാണ് ആളുകൾ വിചിത്രമായി നോക്കുക,’ എന്ന സിനിമയിലെ ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെടുകയും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
തുടക്കത്തിൽ വളരെ വികാരഭരിതയായാണ് വൈറലായ ഡയലോഗുള്ള ആ രംഗം ചിത്രീകരിച്ചതെന്നും താനപ്പോൾ കരഞ്ഞു പോയെന്നും നടി പറഞ്ഞു. കാർത്തിക് എങ്ങനെ ചെയ്യണമെന്ന് അഭിനയിച്ച് കാണിച്ചുവെന്നും ആ ഡയലോഗ് പഠിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു.
‘അതിനുശേഷം സംവിധായകൻ ചോദിച്ചു, ‘ഇതൊന്നു കൂടി ഹാസ്യാത്മകമാക്കാൻ പറ്റുമോ, നമുക്ക് ഹാസ്യവും വികാരവും ചേർന്ന ഒരു മിശ്രിതം വേണം. അതായത് ഉള്ളിൽ ആഴത്തിൽ കിടക്കുന്ന ഒരുതരം നിരാശയും അതിൽ പ്രതിഫലിക്കണം. എന്നാൽ കരയാനും പാടില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്.
അന്ന് എനിക്ക് ആ ഡയലോഗിന്റെ അർത്ഥം അറിയില്ലായിരുന്നു. എന്നാൽ പിന്നീട് സാർ അതുകൊണ്ട് യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നതെന്ന് എനിക്ക് വിശദീകരിച്ചു തന്നു. അക്കാലത്ത് ‘തിരുനങ്കൈ’ (ട്രാൻസ്ജെൻഡർ) എന്ന പേര് നമുക്കുണ്ടായിരുന്നില്ല എന്ന് അദ്ദേഹമാണ് പറഞ്ഞ് തന്നത്,’ നടി പറഞ്ഞു.
Content Highlight: Karthik Subbaraj stated that what Dorothy did was based on her trust in the Tamil people said Jeeva Subramaniam.