| Wednesday, 30th September 2026, 11:15 pm

ആ രണ്ട് സിനിമകള്‍ക്കും രജിനി സാര്‍ ഓക്കെ പറഞ്ഞില്ല, ഹിറ്റായപ്പോള്‍ എന്നോട് പരിഭവം പറഞ്ഞു: കാര്‍ത്തിക് സുബ്ബരാജ്

അമര്‍നാഥ് എം.

തമിഴ് സിനിമയുടെ ഗതി മാറ്റിയ സംവിധായകരിലൊരാളാണ് കാര്‍ത്തിക് സുബ്ബരാജ്. ആദ്യചിത്രമായ പിസ്സ മുതല്‍ ഓരോ സിനിമയിലും വ്യത്യസ്തമായ കഥ പറച്ചില്‍ കൊണ്ട് പ്രേക്ഷകപ്രീതി നേടാന്‍ കാര്‍ത്തിക്കിന് സാധിച്ചിട്ടുണ്ട്. പേട്ടയിലൂടെ മാസ് സിനിമകളും തനിക്ക് ചേരുമെന്ന് കാര്‍ത്തിക് സുബ്ബരാജ് തെളിയിച്ചു. ഏറ്റവും പുതിയ ചിത്രമായ ഡൊറോത്തിക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കാര്‍ത്തിക്കിന്റെ കരിയറിലെ ആദ്യ മാസ് ചിത്രമായ പേട്ട ഇന്നും പലരുടെയും ഫേവറെറ്റാണ്. ഇഷ്ടനടനായ രജിനികാന്തിനെ താന്‍ കാണാനാഗ്രഹിച്ച രീതിയില്‍ പ്രസന്റ് ചെയ്യുകയായിരുന്നു പേട്ടയിലൂടെ കാര്‍ത്തിക് സുബ്ബരാജ്. പേട്ടക്ക് ശേഷം ഈ കോമ്പോ ഒന്നിച്ചിട്ടില്ല. എന്നാല്‍ തന്റെ പല സിനിമകളുടെയും കഥ ആദ്യം പറയുന്നത് രജിനിയോടായിരിക്കുമെന്ന് പറയുകയാണ് കാര്‍ത്തിക് സുബ്ബരാജ്.

ഒരുപാട് പ്രശംസ ലഭിച്ച ജിഗര്‍തണ്ട ഡബിള്‍ എക്‌സ്, മഹാന്‍ എന്നീ സിനിമകളുടെ വണ്‍ലൈന്‍ ആലോചിച്ചപ്പോള്‍ രജിനികാന്തായിരുന്നു മനസിലെന്ന് കാര്‍ത്തിക് മുമ്പ് പറഞ്ഞിട്ടുണ്ട്. ആ കഥകള്‍ക്ക് എന്തുകൊണ്ട് രജിനി ഓക്കെ പറഞ്ഞില്ലെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്.

‘സത്യം പറഞ്ഞാല്‍ ജിഗര്‍തണ്ട ഡബിള് എക്‌സ്, മഹാന്‍ എന്നീ സിനിമകളുടെ വണ്‍ലൈന്‍ ആദ്യം രജിനി സാറിനോടായിരുന്നു പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കാണുന്ന രീതിയിലായിരുന്ന അന്ന് അദ്ദേഹത്തോട് പറഞ്ഞത്. ജിഗര്‍തണ്ടയുടെ കഥ പറഞ്ഞപ്പോള്‍ ഗ്യാങ്‌സ്റ്റര്‍ vs ഫിലിംമേക്കര്‍ എലമെന്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദിവാസികള്‍, ആന തുടങ്ങിയ കാര്യങ്ങള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്.

മഹാന്റെ കാര്യത്തിലും ഇങ്ങനെ തന്നെയായിരുന്നു. രണ്ട് സിനിമകളും ഹിറ്റായപ്പോള്‍ രജിനി സാര്‍ എന്നെ വിളിച്ചിട്ട് ‘ഈ സിനിമയൊന്നും എന്നെ വെച്ച് ചെയ്തില്ലല്ലോ’ എന്ന് ചോദിച്ചു. അദ്ദേഹത്തോട് പറഞ്ഞ കഥയായിരുന്നു ഇതെന്ന് ഓര്‍മിപ്പിച്ചപ്പോള്‍ ‘എന്നോട് പറഞ്ഞപ്പോള്‍ ഈ കാര്യങ്ങളൊന്നും ഉണ്ടായില്ല. അതൊക്കെ ഉണ്ടായിരുന്നെങ്കില്‍ ഓക്കെ പറഞ്ഞേനെ’ എന്നായിരുന്നു മറുപടി,’ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

അതേസമയം ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നെന്ന് പലരും ഡൊറോത്തിയെ വിശേഷിപ്പിക്കുകയാണ്. ടൊറന്റോ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ഡൊറോത്തി ശക്തമായ രാഷ്ട്രീയമാണ് സംസാരിക്കുന്നത്. സനന്ത്, റിഷികാന്ത്, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാനവേഷം കൈകാര്യം ചെയ്ത ചിത്രം കേരളത്തിലും മികച്ച പ്രതികരണമാണ് സ്വന്തമാക്കുന്നത്.

Content Highlight: Karthik Subbaraj saying why he didn’t cast Rajnikanth for Mahaan and Jigarthanda

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more