| Wednesday, 12th November 2025, 11:24 am

മാസും കൊമേഴ്‌സ്യലും തത്കാലത്തേക്ക് ഇല്ല, പരീക്ഷണ സിനിമകളിലേക്ക് മടങ്ങാന്‍ കാര്‍ത്തിക് സുബ്ബരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ടുശീലിച്ച രീതികളില്‍ നിന്ന് തമിഴ് സിനിമയെ മറ്റൊരു പാതയിലേക്ക് നടത്തിയ സംവിധായകരിലൊരാളാണ് കാര്‍ത്തിക് സുബ്ബരാജ്. ആദ്യചിത്രമായ പിസ്സ മുതല്‍ അത് തെളിയിക്കപ്പെട്ടതാണ്. പിന്നീട് ചുരുങ്ങിയ സമയം കൊണ്ട് തമിഴിലെ മികച്ച സംവിധായകരിലൊരാളായി കാര്‍ത്തിക് മാറി. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു.

മധുരയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. കഴിഞ്ഞ കുറച്ചു കാലങ്ങളായി മാസ് കൊമേഴ്‌സ്യല്‍ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കാര്‍ത്തിക് ഇത്തവണ തന്റെ പഴയ ട്രാക്കിലേക്ക് തിരിച്ചുപോവുകയാണെന്നാണ് സൂചന. കൊമേഴ്‌സ്യല്‍ സാധ്യതകള്‍ക്ക് മുന്‍തൂക്കം നല്കാതെ പരീക്ഷണ സിനിമയായാണ് പുതിയ പ്രൊജക്ട് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്റെ പ്രൊഡക്ഷന്‍ ഹൗസായ സ്റ്റോണ്‍ ബെഞ്ച് സിനിമാസിനൊപ്പം ബോളിവുഡിലെ വമ്പന്മാരായ സിഖ്യ എന്റര്‍ടൈന്മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിഖ്യ ഭാഗമാകുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത്. സൂര്യ നായകനായ സൂരറൈ പോട്രിന്റെ സഹ നിര്‍മാതാക്കള്‍ സിഖ്യയായിരുന്നു. പുതിയ ചിത്രവും ക്വാളിറ്റിയുള്ളതാകുമെന്നാണ് പ്രതീക്ഷ.

2023ല്‍ ഓസ്‌കര്‍ വേദിയില്‍ തിളങ്ങിയ ദി എലഫന്റ് വിസ്പറേഴ്‌സ് എന്ന ഡോക്യുമെന്ററിയുടെ നിര്‍മാതാക്കളും സിഖ്യയായിരുന്നു. മികച്ച കണ്ടന്റുകള്‍ തെരഞ്ഞെടുത്ത് നിര്‍മിക്കുന്ന സിഖ്യ ഇത്തവണയും നിരാശപ്പെടുത്തില്ലെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിലെ താരങ്ങള്‍ ആരൊക്കെയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

ഓരോ സിനിമയിലും പുതുതായി എന്തെങ്കിലും പരീക്ഷിക്കുന്ന കാര്‍ത്തിക് സുബ്ബരാജ് പേട്ടയിലൂടെയാണ് കൊമേഴ്‌സ്യല്‍ സിനിമകളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചത്. പിന്നീട് കാര്‍ത്തിക്കിന്റെ സ്റ്റൈലിലുള്ള മാസ് കൊമേഴ്‌സ്യല്‍ സിനിമകള്‍ക്ക് പ്രത്യേക ഫാന്‍ബേസ് തന്നെ ഉണ്ടായി വന്നു. റെട്രോക്ക് ശേഷം താന്‍ കൊമേഴ്‌സ്യല്‍ സിനിമകളില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

വന്‍ ഹൈപ്പിലെത്തിയ റെട്രോക്ക് പ്രതീക്ഷകള്‍ കാക്കാനായില്ല. റിലീസിന് മുമ്പ് പുറത്തുവിട്ട ഒരോ അപ്‌ഡേറ്റും ഹൈപ്പ് ഉയര്‍ത്തുന്നവയായിരുന്നു. എന്നാല്‍ അവസാന അരമണിക്കൂറില്‍ ചിത്രം കൈയില്‍ നിന്ന് പോവുകയായിരുന്നു. പഴയ ട്രാക്കിലേക്ക് തിരിച്ചുപോകുന്ന കാര്‍ത്തിക് സുബ്ബരാജ് തമിഴ് സിനിമയെ മറ്റൊരു തലത്തിലെത്തിക്കുമെന്നാണ് കരുതുന്നത്.

Content Highlight: Karthik Subbaraj’s new movie shoot started last day

We use cookies to give you the best possible experience. Learn more