| Saturday, 26th September 2026, 7:10 am

തമിഴ് സംസ്‌കാരത്തെ നശിപ്പിച്ചു, സ്വവര്‍ഗാനുരാഗത്തെക്കുറിച്ച് സിനിമയെടുത്തതിന് പിന്നാലെ കാര്‍ത്തിക് സുബ്ബരാജിന് സൈബര്‍ അറ്റാക്ക്

അമര്‍നാഥ് എം.

തമിഴിലെ ഏറ്റവും പ്രോമിസിങ്ങായിട്ടുള്ള സംവിധായകരിലൊരാളാണ് കാര്‍ത്തിക് സുബ്ബരാജ്. ഓരോ സിനിമയും പ്രേക്ഷകര്‍ക്ക് വ്യത്യസ്ത അനുഭവമാകണമെന്ന് കരുതുന്ന കാര്‍ത്തിക്കിന് സിനിമാപേജുകളില്‍ വലിയ ഫാന്‍ബേസുണ്ട്. മാസ് മസാല കൊമേഷ്‌സ്യല്‍ സിനിമകളില്‍ നിന്ന് മാറി ശക്തമായ രാഷ്ട്രീയം പലപ്പോഴും കാര്‍ത്തിക് സുബ്ബരാജ് തന്റെ സിനിമകളിലൂടെ പറയാറുണ്ട്.

കാര്‍ത്തിക്കിന്റെ ഏറ്റവും പുതിയ ചിത്രമായ ഡൊറോത്തി തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. LGBTQ പ്രമേയമായി വന്ന ഡൊറോത്തി സോ കോള്‍ഡ് തമിഴ് ആചാര സംരക്ഷകരെ പ്രകോപിപ്പിച്ചു. എക്‌സ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ഡൊറോത്തിക്കെതിരെയും കാര്‍ത്തിക് സുബ്ബരാജിനെതിരെയും വലിയ രീതിയില്‍ സൈബര്‍ അറ്റാക്ക് നടക്കുകയാണ്.

1980 കാലഘട്ടത്തില്‍ മധുരൈയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. കാര്‍ത്തി, സുബ്ബു എന്നീ രണ്ട് സുഹൃത്തുക്കളുടെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രം ഹോമോഫോബിയയെ വലിച്ചുകീറിയതാണ് ഇക്കൂട്ടരെ പ്രകോപിപ്പിച്ചത്. ക്ലൈമാക്‌സിലെ പ്രധാനപ്പെട്ട ഒരു സീനിന്റെ തിയേറ്റര്‍ ക്ലിപ്പ് ഷൂട്ട് ചെയ്ത് കേട്ടാലറക്കുന്ന ഭാഷയില്‍ സംവിധായകനെയും പ്രധാന താരങ്ങളെയും തെറി വിളിക്കുന്ന പല പോസ്റ്റുകളും ഇതിനോടകം ചര്‍ച്ചയായി.

സിനിമ എന്ന പേരില്‍ തമിഴ് സംസ്‌കാരത്തെ അപമാനിച്ചെന്നാണ് കാര്‍ത്തിക് സുബ്ബരാജിനെതിരെയുള്ള പ്രധാന ആരോപണം. ആണും ആണും തമ്മില്‍ പ്രണയിക്കുന്നത് കാണിച്ച സംവിധായകനെ തമിഴ് ജനത അടുപ്പിക്കരുതെന്നാണ് ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നത്. നായകവേഷങ്ങള്‍ ചെയ്ത സനത്, റിഷികാന്ത് എന്നിവര്‍ക്കെതിരെയും സൈബര്‍ അറ്റാക്ക് നടക്കുന്നുണ്ട്.

എന്നാല്‍ തമിഴ് പേജുകളില്‍ നിന്ന് വ്യത്യസ്തമായാണ് മലയാളം സിനിമാപേജുകള്‍ ഡൊറോത്തിയെ കണ്ടത്. പൃഥ്വിരാജ്, നിവിന്‍ പോളി, മമ്മൂട്ടി എന്നീ സൂപ്പര്‍താരങ്ങള്‍ യാതൊരു മടിയും കൂടാതെ സ്വവര്‍ഗാനുരാഗം പ്രമേയമായ കഥാപാത്രങ്ങളെ സ്‌ക്രീനില്‍ അവതരിപ്പിച്ചപ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചവരാണ് മലയാളികളെന്നും അത്തരമൊരു ചിന്താഗതി തമിഴ് സിനിമാപ്രേമികള്‍ക്ക് ഇല്ലെന്നും മലയാളം പേജുകള്‍ അഭിപ്രായപ്പെടുന്നു.

നായകന്‍ പത്തുപേരെ ഇടിച്ചിടുന്ന, അല്‍പവസ്ത്രം ധരിച്ച നായികയോടൊപ്പം ആടിപ്പാടുന്ന സിനിമകള്‍ മാത്രം കണ്ട് കൈയടിക്കാന്‍ മാത്രമേ തമിഴ് സിനിമാപ്രേമികള്‍ക്ക് സാധിക്കുള്ളൂവെന്നും പരിഹാസമുണ്ട്. ഡൊറോത്തി പോലെ ഡെയറിങ്ങായിട്ടുള്ള കഥകള്‍ ചെയ്യാനും അതിനെ സ്വീകരിക്കാനും സാധിക്കാത്ത തമിഴ് ഓഡിയന്‍സ് ഇന്ത്യയിലെ ഏറ്റവും മോശം പ്രേക്ഷകരാണെന്നും കമന്റുകളുണ്ട്.

Content Highlight: Karthik Subbaraj getting cyber attack for LGBTQ content in Dorothy movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more