| Tuesday, 21st April 2026, 5:00 pm

ഡുവാ ലിപ എന്റെ ക്രഷായിരുന്നു, ആ ഒരൊറ്റ സംഭവത്തോടെ അവരോട് ദേഷ്യമായി: കാര്‍ത്തിക്

അമര്‍നാഥ് എം.

പടത്തോടൊപ്പം പാട്ടുകളും ഹിറ്റാവുക എന്ന അപൂര്‍വ നേട്ടമാണ് വാഴ 2 സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിലെ ഒമ്പത് പാട്ടുകളും ഒന്നിനൊന്ന് മികച്ചതാവുകയും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തില്‍ ചാര്‍ട്ബസ്റ്ററായ ഗാനമാണ് ‘അട ബൊമ്മാലേ’. ഷൈനയുടെ പിന്നാലെ നടക്കുന്ന സമയത്ത് ഹാഷിര്‍ പാടുന്ന പാട്ടാണിത്.

സിനിമ കണ്ടിറങ്ങിയ പലരും അന്വേഷിച്ചത് ഈ പാട്ട് എഴുതിയത് ആരാണെന്നാണ്. സ്റ്റാന്‍ഡപ്പ് കോമഡികളിലൂടെയും പിക്കപ്പ് ലൈന്‍ വീഡിയോകളിലൂടെയും ശ്രദ്ധ നേടിയ കാര്‍ത്തിക്കാണ് ഈ പാട്ടിന്റെ വരികള്‍ ചിട്ടപ്പെടുത്തിയത്. പാട്ടിലെ വരികളെക്കുറിച്ചും പാട്ടെഴുത്തിലേക്ക് കടന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് കാര്‍ത്തിക്.

കാര്‍ത്തിക് Photo: Screen grab/ Club FM

അച്ഛനും പാട്ടെഴുതുന്നയാളാണെന്ന് കാര്‍ത്തിക് പറഞ്ഞു. തനിക്ക് ഏറ്റവുമധികം മോട്ടിവേഷന്‍ തന്നിരുന്നത് അച്ഛനും ചേച്ചിയുമാണെന്നും എന്ത് കാര്യത്തിനും കട്ട സപ്പോര്‍ട്ടാണെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. ജെന്‍ സീ തലമുറക്ക് ഇഷ്ടമാകുന്ന തരത്തിലാണ് പലപ്പോഴും വരികളെഴുതാന്‍ ശ്രദ്ധിക്കുന്നതെന്നും കാര്‍ത്തിക് പറയുന്നു.

‘പാട്ടെഴുതുമ്പോള്‍ എനിക്കുള്ള നിര്‍ബന്ധം എന്താണെന്ന് വെച്ചാല്‍ ക്ലീഷേ വാക്കുകള്‍ പരമാവധി ഒഴിവാക്കണമെന്ന് മാത്രമാണ്. ഞാന്‍ കൂടുതലും കേള്‍ക്കാറുള്ളത് പഴയ പാട്ടാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകളാണ് എനിക്കിഷ്ടം. ആ പാട്ടിലൊക്കെയുള്ള വാക്കുകള്‍ ഒഴിവാക്കാനും പുതിയ എന്തെങ്കിലും കൊണ്ടുവരാനും ശ്രമിക്കും. അങ്ങനെയാണ് ഡുവാ ലിപയൊക്കെ പാട്ടിലേക്ക് എത്തിയത്.

എന്റെ പഴയ ക്രഷായിരുന്നു ഡുവ ലിപ. അവരുടെ പാട്ടൊക്കെ കേട്ട് വലിയ ക്രേസ് തോന്നിയിരുന്നു. ആ സമയത്ത് ഡുവ ലിപയുടെ പാട്ടിന്റെ വരികളൊക്കെ എഴുതിയ വീഡിയോയൊക്കെ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാറുണ്ടായിരുന്നു. അങ്ങനെ നൂറ് വീഡിയോകള്‍ ആയപ്പോള്‍ എല്ലാ വീഡിയോയും കോപിറൈറ്റടിച്ച് പോയി. അന്ന് എനിക്ക് ഡുവ ലിപയോട് ദേഷ്യം തോന്നി. ഞാന്‍ എന്നിട്ട് മെസേജൊക്കെ അയച്ചിരുന്നു,’ കാര്‍ത്തിക് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ഹിറ്റായ പല പാട്ടുകളും കാര്‍ത്തിക്കിന്റെ തൂലികയില്‍ പിറന്നവയാണ്. ‘ഡെലൂലു ഡെലൂലു’, ‘പ്രേമവതി’ ( അതിഭീകര കാമുകന്‍), ‘ലോക്കല്‍ സിഗ്മ ബോയ്‌സ്’ (പ്രകമ്പനം) എന്നീ പാട്ടുകള്‍ വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ ആ ലിസ്റ്റിലേക്ക് വാഴ 2ലെ ‘അട ബൊമ്മാലേ’യും ഉള്‍പ്പെട്ടിരിക്കുകയാണ്.

Content Highlight: Karthik about ada bommale song from Vaazha 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more