നടൻ രവി മോഹനെ കുറിച്ച് സംസാരിക്കുകയാണ് കാർത്തി. സിനിമയിൽ വരണമെന്ന് ആഗ്രഹിച്ച സമയത്ത് ഫൈറ്റ് പഠിക്കാൻ വേണ്ടി ഒരു ക്ലാസിൽ ചേർന്നിരുന്നുവെന്നും അവിടെ വെച്ചാണ് ആദ്യമായി രവി മോഹനെ കാണുന്നതെന്നും കാർത്തി പറയുന്നു. രവി മോഹന്റെ പ്രൊഡക്ഷൻ ഹൗസ് ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രവി അണ്ണനെ ഞാൻ ആദ്യമായി കാണുന്നത് ഫൈറ്റ് ക്ലാസിൽ വെച്ചാണ്. സിനിമയിൽ വരണമെന്ന് ആഗ്രഹിച്ച സമയത്താണ് ഞാൻ അവിടെ പോയി ചേരുന്നത്. ഞങ്ങൾ ഒരടി വെച്ചാൽ രവി അണ്ണൻ അഞ്ചടി ചാടും. അതുകണ്ടപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. ഇത്രയും കഴിവുള്ള ആളുകളുടെ കൂടെയാണോ ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നതെന്ന് തോന്നിപ്പോയി.
അവിടുത്തെ ക്ലാസ് കഴിഞ്ഞാൽ ഞങ്ങളെ കൂട്ടികൊണ്ടുപോയി ജ്യൂസ് ഒക്കെ വാങ്ങിത്തരും. ഞങ്ങൾ പൈസ കൊടുത്താലും അത് വാങ്ങിക്കാതെ ചെറിയ ചെക്കാ, അടങ്ങിയിരുന്നു ജ്യൂസ് കുടിക്കെന്ന് പറയും. അന്നുതൊട്ട് ഞാനും രവിയണ്ണനും അടുത്ത സുഹൃത്തുക്കളാണ്,’ കാർത്തി പറഞ്ഞു.
പിന്നീട് തന്നെക്കാൾ പ്രായം കുറഞ്ഞ ആളാണ് രവി മോഹൻ എന്ന് മനസിലായെന്നും അതിന് ശേഷം അണ്ണാ എന്ന് വിളിച്ചിട്ടില്ലെന്നും കാർത്തി കൂട്ടിച്ചേർത്തു. രവിയുടെ എല്ലാ സിനിമയും താൻ കാണാറുണ്ടെന്നും ആ സിനിമകളിലെയെല്ലാം ഓരോ ഡീറ്റിയൽസും നോക്കിവെച്ച് വിളിച്ച് സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘പൊന്നിയൻ സെൽവൻ എന്ന സിനിമ അനൗൺസ് ചെയ്തപ്പോൾ മുതൽ രാജകുമാരനായി ആരായിരിക്കും അഭിനയിക്കുക എന്ന ചർച്ച നടന്നിരുന്നു. അതിന് പറ്റിയ ആൾ തന്നെയാണ് രവി. ഒരു രാജകുമാരൻ ആകാനുള്ള എല്ലാ ലക്ഷണവും അവനുണ്ട്. മനസുകൊണ്ടുപോലും ഒരാൾക്കും മോശം നടക്കണമെന്ന് വിചാരിക്കാത്ത ആളാണ് രവി. അവൻ ഒരിക്കലും അങ്ങനെയല്ല. രവിയെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് എപ്പോഴും സന്തോഷവും അഭിമാനവുമാണ്,’ കാർത്തി പറയുന്നു.
Content Highlight: Karthi talks about Ravi Mohan