| Thursday, 10th July 2025, 10:21 pm

എന്നെങ്കിലും ആ മലയാളസിനിമ പോലൊന്ന് സംവിധാനം ചെയ്യാന്‍ സാധിച്ചാല്‍ അതില്‍ ഞാന്‍ അഭിമാനിക്കും: കാര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരിലൊരാളാണ് കാര്‍ത്തി. സൂര്യയുടെ അനിയന്‍ എന്ന മേല്‍വിലാസത്തിലൂടെയാണ് കാര്‍ത്തി സിനിമയിലേക്കെത്തിയത്. എന്നാല്‍ ആദ്യചിത്രമായ പരുത്തിവീരനിലെ പ്രകടനത്തിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ കാര്‍ത്തിക്ക് സാധിച്ചു. മികച്ച സ്‌ക്രിപ്റ്റ് സെലക്ഷനിലൂടെ തമിഴ് സിനിമയുടെ മുന്‍നിരയില്‍ കാര്‍ത്തിയും ഇടംപിടിച്ചു.

അടുത്തിടെ നടന്ന ആനന്ദ വികടന്‍ സിനി അവാര്‍ഡിനിടെ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. സംവിധായകനാകാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് താരം പറഞ്ഞ വാക്കുകള്‍ ആരാധകരെ ആവേശത്തിലാക്കി. സംവിധാനം ചെയ്യണമെന്ന ആഗ്രഹം തനിക്കുണ്ടെന്ന് കാര്‍ത്തി പറഞ്ഞു.

എന്നെങ്കിലും അതിന് അവസരം ലഭിച്ചാല്‍ ആദ്യം ശ്രദ്ധിക്കുക അതിന്റെ കഥയായിരിക്കുമെന്നും താന്‍ അഭിനയിക്കുന്ന സിനിമയാണെങ്കിലും അത് തന്നെയാണ് ആദ്യം ശ്രദ്ധിക്കുകയെന്നും താരം കൂട്ടിച്ചേര്‍ത്തു. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ കണ്ടപ്പോള്‍ ഒരു ട്വീറ്റ് താന്‍ ഇട്ടിരുന്നെന്നും അതുപോലൊരു സിനിമ ചെയ്യാന്‍ സാധിച്ചാല്‍ അതില്‍ താന്‍ അഭിമാനിക്കുമെന്നും നടന്‍ പറയുന്നു.

‘സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഞാന്‍ പണ്ടും പറഞ്ഞിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായിട്ടാണല്ലോ ഞാന്‍ വന്നത്. ഉടനെയൊന്നും സംവിധാനം ചെയ്യണമെന്ന് എനിക്കില്ല. അതിന്റേതായ സമയമാകുമ്പോള്‍ എല്ലാം നടക്കുമെന്നാണ് കരുതുന്നത്. ഓടിപ്പിടിച്ച് പടം സംവിധാനം ചെയ്യണമെന്നൊന്നും എനിക്കില്ല. അത് ശരിയാകില്ലെന്ന് ഉറപ്പാണ്.

അങ്ങനെ ഒരു പടം സംവിധാനം ചെയ്യുന്നുണ്ടെങ്കില്‍ ആദ്യം നോക്കുന്നത് കഥയായിരിക്കും. കാരണം, എന്നെത്തേടി ഒരു സിനിമ വരുമ്പോള്‍ ഞാന്‍ നോക്കുന്നത് കഥ നല്ലതാണോ എന്ന് തന്നെയാണ്. ഏത് തരത്തിലുള്ള സിനിമയാകും ചെയ്യുകയെന്ന് ഉറപ്പ് പറയാനാകില്ല. പണ്ട് കുമ്പളങ്ങി നൈറ്റ്‌സ് റിലീസായ സമയത്ത് ഞാന്‍ ഒരു ട്വീറ്റ് ഇട്ടിരുന്നു. ‘ഇതുപോലെ ഒരു സിനിമ സംവിധാനം ചെയ്യാന്‍ സാധിച്ചാല്‍ അതില്‍ ഞാന്‍ അഭിമാനിക്കും’ എന്നായിരുന്നു പറഞ്ഞത്. അതേ കാര്യം തന്നെയായിരുന്നു ഇപ്പോഴും മനസില്‍,’ കാര്‍ത്തി പറയുന്നു.

കാര്‍ത്തി നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ട് ഇന്ന് ആരംഭിച്ചു. നടനായും സംവിധായകനായും തിളങ്ങിയ തമിഴ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം നായകനാകുന്നത്. മാര്‍ഷല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക.

Content Highlight: Karthi says he will feel proud if he direct a movie like Kumbalangi Nights

We use cookies to give you the best possible experience. Learn more