തമിഴിലെ താരസഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. കരിയറിന്റെ തുടക്കത്തില്‍ അഭിനയത്തിന്റെ പേരില്‍ സൂര്യക്ക് വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുണ്ടായിരുന്നെങ്കിലും അതിനെ മറികടന്ന് തമിഴിലെ മികച്ച നടന്മാരുടെ പട്ടികയില്‍ സൂര്യ ഇടംപിടിച്ചു. അമീര്‍ സംവിധാനം ചെയ്ത പരുത്തിവീരനിലൂടെ കാര്‍ത്തിയും സിനിമാലോകത്തേക്ക് തന്റെ വരവറിയിക്കുകയും ചെറിയ സമയം കൊണ്ട് തന്റേതായ സ്ഥാനം നേടുകയും ചെയ്തു.
ഇരുവരും ഒന്നിച്ച് മുഴുനീള സിനിമ എന്നത് ഒരുപാട് കാലമായി ആരാധകരുടെ ആഗ്രഹമാണ്. കാര്‍ത്തി നായകനായ കടൈക്കുട്ടി സിങ്കത്തില്‍ സൂര്യ അതിഥിവേഷത്തിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കങ്കുവയില്‍ കാര്‍ത്തി അതിഥിവേഷം ചെയ്തിരുന്നെങ്കിലും ഇരുവരും തമ്മില്‍ കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നില്ല. താനും സൂര്യയും ഒരുമിച്ചുള്ള പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കുകയാണ് കാര്‍ത്തി.
സൂര്യയോടൊപ്പം എങ്ങനെ അഭിനയിക്കുമെന്ന് ആലോചിച്ച് താന്‍ ഒരുപാട് പേടിച്ചിരുന്നെന്ന് കാര്‍ത്തി പറഞ്ഞു. എന്നാല്‍ പിന്നീട് ഒരുഘട്ടത്തില്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്ന് തങ്ങള്‍ രണ്ടുപേരും ആഗ്രഹിച്ചെന്നും അത് നല്ലൊരു മെമ്മറിയായിരിക്കുമെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു. താനും സൂര്യയും സ്‌ക്രിപ്റ്റ് തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ ചൂസിയായതിനാല്‍ അത് വളരെ പ്രയാസമുള്ള കാര്യമാണെന്നും അദ്ദേഹം പറയുന്നു. ഗൗതം വാസുദേവ് മേനോനുമായി സംസാരിക്കുകയായിരുന്നു കാര്‍ത്തി.
‘ചേട്ടനും ഞാനും ഒന്നിച്ച് അഭിനയിക്കില്ല എന്നൊന്നുമില്ല. സത്യം പറഞ്ഞാല്‍ ആദ്യമെല്ലാം ചേട്ടന്റെ കൂടെ അഭിനയിക്കണമെന്ന് പറയുമ്പോള്‍ പേടിയായിരുന്നു. പക്ഷേ, ഒരു സ്റ്റേജ് എത്തിയപ്പോള്‍ ഒരുമിച്ച് ഒരു പടം ചെയ്താലോ എന്ന് ഞങ്ങള്‍ രണ്ടുപേര്‍ക്കും തോന്നി. കാരണം, അത് നല്ലൊരു മെമ്മറിയാണ്. അതിന് വേണ്ടി ചെറിയ ശ്രമങ്ങള്‍ നടത്തി.
സ്‌ക്രിപ്റ്റ് തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഞാനും ചേട്ടനും ഭയങ്കര പിക്കിയാണ്. വളരെ ശ്രദ്ധിച്ച് മാത്രമാണ് ഓരോ സിനിമയും സെലക്ട് ചെയ്യുന്നത്. അതുകൊണ്ട് ഒരുമിച്ചുള്ള ഒരു സിനിമ എന്ന് പറയുമ്പോള്‍ അതിന്റേതായ ചില കോംപ്ലിക്കേഷനുകളുണ്ട്. അത്രയും ശ്രദ്ധിച്ച് മാത്രമേ ഒരുമിച്ചുള്ള സിനിമ ചെയ്യുള്ളൂവെന്ന് ഉറപ്പാണ്.
അത് മാത്രമല്ല, എന്നെയും ചേട്ടനെയും വെച്ച് ഒരു സിനിമ ചെയ്യാമെന്ന ഐഡിയ രാജമൗലി സാര്‍ പങ്കുവെച്ചിരുന്നു. ഒരുപാട് കാലം മുമ്പായിരുന്നു അത്. എന്തൊക്കെയോ ചില കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. ഇപ്പോള്‍ എല്ലാവരും പറയുന്നത് ദില്ലിയും റോളക്‌സും ഒന്നിച്ച് വരണമെന്നാണ്. അതും അധികം വൈകാതെ നടക്കും,’ കാര്‍ത്തി പറയുന്നു.
Content Highlight: Karthi saying Rajamouli pitched an idea of a film with him and Suriya