| Friday, 14th October 2022, 11:01 pm

ഇരട്ട ഗെറ്റപ്പില്‍ കാര്‍ത്തി, നായികയായി രജിഷ; സര്‍ദാറിന്റെ ട്രെയ്‌ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാര്‍ത്തി നായകനായെത്തുന്ന സര്‍ദാറിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് കാര്‍ത്തി എത്തുന്നത്. വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന കാര്‍ത്തിയുടെ മികച്ചപ്രകടനമായിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലറില്‍ നിന്നും മനസിലാകുന്നത്.

വിജയ് പ്രകാശ് എന്ന പൊലീസ് ഇന്‍സ്‌പെക്ടറായും സര്‍ദാര്‍ എന്ന മറ്റൊരു കഥാപാത്രമായും കാര്‍ത്തിയെ ട്രെയ്‌ലറില്‍ കാണാം. ട്രെയ്‌ലറിന്റെ ദൃശ്യങ്ങളും പശ്ചാത്തല സ്‌കോറും ഗംഭീരമാണ്.

രഹസ്യങ്ങളുള്ള ഒരു സുപ്രധാന ഫയല്‍ അപ്രത്യക്ഷമാകുന്നതിനെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ. ഒക്ടോബര്‍ 21നാണ് ചിത്രം റിലീസിനെത്തുന്നത്. ദീപാവലി റിലീസായി എത്തുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് പ്രിന്‍സ് പിക്ചേഴ്സിന്റ ബാനറില്‍ എസ്. ലക്ഷ്മണ്‍ കുമാറാണ്.

കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. പി.എസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷി ഖന്ന, മലയാളി താരം രജിഷ വിജയന്‍ എന്നിവരാണ് നായികമാര്‍. രജിഷ വിജയന്‍ ചിത്രത്തില്‍ വ്യത്യസ്തമായ കഥാപാത്രമായാണ് എത്തുന്നത്.

കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റര്‍ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവന്‍, മുരളി ശര്‍മ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

വിദേശരാജ്യങ്ങളിലടക്കം ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘സര്‍ദാര്‍’ കാര്‍ത്തിക്ക് വലിയ ഹിറ്റ് സമ്മാനിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്തായാലും കാര്‍ത്തി അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളെ സംവിധായകന്‍ എങ്ങനെ ബന്ധിപ്പിക്കുന്നു എന്ന് കണ്ടറിയണം.

നാഗാര്‍ജുനയുടെ അന്നപൂര്‍ണ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്യുക. ഫോര്‍ച്യൂണ്‍ സിനിമാസാണ് കേരളത്തില്‍ ചിത്രമെത്തിക്കുന്നത്.

ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ജോര്‍ജ്.സി വില്യംസ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റൂബനാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ദിലീപ് സബ്ബരായനാണ് സാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ഷോബി പോള്‍ രാജ് ആണ് നൃത്തസംവിധാനം.

content highlight: karthi sardar movie trailer out

We use cookies to give you the best possible experience. Learn more