| Tuesday, 12th May 2026, 9:08 am

ബാഹുബലിയിലെ പ്രഭാസിനെപ്പോലെയാണ് ഈ സിനിമയില്‍ ചേട്ടന്റെ പെര്‍ഫോമന്‍സ്, വേറെ ആര്‍ക്കും ഇത് ചെയ്യാനാകില്ല: കാര്‍ത്തി

അമര്‍നാഥ് എം.

അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ക്ക് പോലും അധികം പ്രതീക്ഷയില്ലാതിരുന്ന ചിത്രമാണ് കറുപ്പ്. സൂര്യയെ നായകനാക്കി ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹൈപ്പ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ദീപാവലിക്ക് പുറത്തിറങ്ങുമെന്നറിയിച്ച ചിത്രം ഒരുപാട് വൈകിയ ശേഷം ഈ മാസമാണ് തിയേറ്ററുകളിലെത്തുന്നത്.

കഴിഞ്ഞദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കഥയെക്കുറിച്ച് അധികം സൂചന തരാത്ത ട്രെയ്‌ലറില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള പെര്‍ഫോമന്‍സായിരുന്നു സൂര്യയുടേത്. തമിഴ്‌നാട്ടിലെ പ്രാദേശിക ദൈവമായ കറുപ്പുസ്വാമിയുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥയെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്.

കാര്‍ത്തി Photo: Screen grab/ Mana Stars

കഴിഞ്ഞദിവസം ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് ഹൈദരബാദില്‍ വെച്ച് നടന്നിരുന്നു. കറുപ്പിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം തമിഴ് താരം കാര്‍ത്തിയും തെലുങ്ക് സംവിധായകന്‍ വെങ്കി അട്‌ലൂരിയും പങ്കെടുത്തു. ഇവന്റില്‍ കറുപ്പിനെക്കുറിച്ച് കാര്‍ത്തി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഈയടുത്ത് വന്നതില്‍ ഏറ്റവും വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് കറുപ്പിന്റേതാണന്ന് പറഞ്ഞുകൊണ്ടാണ് കാര്‍ത്തി ആരംഭിച്ചത്.

‘ചേട്ടനെ ഇങ്ങനെയൊരു ലുക്കില്‍ ആരും കണ്ടിട്ടില്ല. കൈയിലെ ആ അരിവാളും ചുണ്ടില്‍ വെച്ചിരിക്കുന്ന സിഗാറുമെല്ലാം വെറൈറ്റിയായിരുന്നു. ഈ സിനിമ എന്തായാലും ഫസ്റ്റ് ഡേ തന്നെ കണ്ടിരിക്കും. ഇപ്പോള്‍ ഹൈദരബാദിലാണ് എനിക്ക് ഷൂട്ടിങ്. അതുകൊണ്ട് തെലുങ്ക് വേര്‍ഷന്‍ കാണണമെന്നാണ് എന്റെ ആഗ്രഹം. വലിയ പ്രതീക്ഷയാണ് ഈ സിനിമയില്‍.

ഈ സിനിമയുടെ ഫൈനല്‍ കട്ട് കാണാന്‍ സാധിച്ചിരുന്നു. ചേട്ടന്‍ ഗംഭീര പെര്‍ഫോമന്‍സാണ് കാഴ്ച വെച്ചിരിക്കുന്നത്. കറുപ്പുസ്വാമിയായിട്ടുള്ള പെര്‍ഫോമന്‍സ് വേറെ ലെവലാകുമെന്ന് ഉറപ്പാണ്. ബാഹുബലിയില്‍ പ്രഭാസ് ആ ശിവലിംഗം എടുത്തുപൊക്കുന്നതുപോലെ ചില സാധനങ്ങള്‍ ഈ സിനിമയിലുമുണ്ട്. ചേട്ടനല്ലാതെ വേറെ ആര്‍ക്കും ഇത് ചെയ്യാനാകില്ല. എല്ലാവര്‍ക്കും ഈ സിനിമ ഇഷ്ടമാകുമെന്നാണ് കരുതുന്നത്,’ കാര്‍ത്തി പറഞ്ഞു.

വന്‍ താരനിരയാണ് കറുപ്പില്‍ അണിനിരക്കുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. ആര്‍.ജെ ബാലാജിയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇന്ദ്രന്‍സ്, സ്വാസിക, അനഘ രവി, ശിവദ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സായ് അഭ്യങ്കര്‍ ഈണമിട്ട പാട്ടുകള്‍ ഇതിനോടകം ചാര്‍ട്ട്ബസ്റ്ററായി മാറിക്കഴിഞ്ഞു. സമീപകാലത്ത് വലിയ ഹിറ്റുകളില്ലാത്ത സൂര്യ ഈ സിനിമയിലൂടെ തിരിച്ചുവരുമെന്നാണ് കരുതുന്നത്.

Content Highlight: Karthi comparing Suriya’s performance in Karuppu with Bahubali

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more