കാര്‍ത്തിയും കല്യാണി പ്രിയദര്‍ശനും ആദ്യമായി ഒന്നിക്കുന്ന തമിഴ് ചിത്രം ‘മാര്‍ഷല്‍’ ഈ വര്‍ഷം ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. ‘ടാനക്കാരന്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ തമിഴ്, സംവിധാനം ചെയ്യുന്ന മാര്‍ഷല്‍ പീരിയഡ് ഡ്രാമയയാണ് ഒരുങ്ങുന്നത്.
കാര്‍ത്തിയും കല്യാണിയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ സത്യരാജ്, പ്രഭു, ലാല്‍, ജോണ്‍ കൊക്കന്‍, ഈശ്വരി റാവു എന്നിങ്ങനെ വന്‍താരനിര തന്നെയുണ്ട്. 1960-കളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ്ചി ത്രത്തിന് അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ ഹൈപ്പുണ്ടായിരുന്നു.
സിനിമയ്ക്കായി കാര്‍ത്തി നടത്തിയ മേക്ക് ഓവറും പങ്കുവെച്ച ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അഞ്ച് ഭാഷകളിലായി റിലീസിനെത്തുന്ന ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ചിത്രത്തിന്റേതായി വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അടുത്തിടെ ജെ.എഫ്.ഡബ്ല്യു. പരിപാടിയില്‍ തമിഴ്, മാര്‍ഷലിന്റെ രണ്ട് ഷെഡ്യൂളുകള്‍ താന്‍ പൂര്‍ത്തിയാക്കിയെന്നും ഏകദേശം 43 ദിവസത്തെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയെന്നും വെളിപ്പെടുത്തിയിരുന്നു. ദീപാവലിക്ക് റിലീസ് ചെയ്യാനാണ് തങ്ങള്‍ പദ്ധതിയിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ നവംബറില്‍, തമിഴ്നാട്ടിലെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ ഒരു സാങ്കേതിക പ്രവര്‍ത്തകന്‍ മരിച്ചതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ നിര്‍ത്തിവെച്ചിരുന്നു.
സിനിമയെ കുറിച്ചുള്ള മറ്റ് അപ്‌ഡേറ്റുകളൊന്നും വന്നിട്ടില്ല. ആല്‍ബം സോങ്ങുകളിലൂടെ തമിഴില്‍ സെന്‍സേഷനായി മാറിയ സായ് അഭ്യങ്കറാണ് മാര്‍ഷലിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
നിരവധി വമ്പന്‍ പ്രൊജക്റ്റുകളുമായി തമിഴില്‍ തിരക്കിലാണ് സായ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ഫിലോമിന്‍ രാജാണ്.
അരുണ്‍ വെഞ്ഞാറമൂടാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍. പ്രകാശ് ബാബു, എസ്.ആര്‍. പ്രഭു എന്നിവര്‍ക്കൊപ്പം ഇഷാന്‍ സക്‌സേന, സുനില്‍ ഷാ, രാജ സുബ്രഹ്‌മണ്യന്‍ എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
തമിഴിന്റെ ആദ്യ സംവിധാന സംരംഭമായ ‘താനാക്കാരന്‍’ നേരിട്ട് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്തത്. അതിനാല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന അദ്ദേഹത്തിന്റെ ആദ്യ ചിത്രമായിരിക്കും ‘മാര്‍ഷല്‍’.
Content Highlight: Karthi and Kalyani Priyadarshan’s film Marshal, is reportedly set to hit theaters for a Diwali