| Wednesday, 9th September 2026, 11:12 am

മകളല്ല, ഇനി അനിയത്തിയാക്കേണ്ടി വരും... കൈതിയിലെ അമുതയെ കണ്ട് അന്തംവിട്ട് കാര്‍ത്തി; പറഞ്ഞ സമയത്ത് സിനിമ ചെയ്യാത്തതിന് ലോകേഷിന് ട്രോള്‍

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ സ്‌കോപ്പുണ്ടായിരുന്ന പ്രൊജക്ടായിരുന്നു ലോകേഷ് പരിചയപ്പെടുത്തിയ സിനിമാറ്റിക് യൂണിവേഴ്‌സ്. സിനിമാപ്രേമികള്‍ എല്‍.സി.യു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്) എന്ന് പേരിട്ട ഈയൊരു ആശയം കൈതിയിലൂടെയാണ് ആരംഭിച്ചത്. പിന്നാലെയെത്തിയ വിക്രം കൈതിയുമായി കണക്ട് ചെയ്ത് അവതരിപ്പിച്ചത് ആരാധകരെ അത്ഭുതപ്പെടുത്തി.

എന്നാല്‍ പ്രോപ്പര്‍ പ്ലാനിങ്ങില്ലാതെ, മറ്റ് പ്രൊജക്ടുകള്‍ക്ക് അമിതമായ പ്രാധാന്യം നല്‍കിയതോടെ എല്‍.സി.യുവിന്റെ ഭാവി അവതാളത്തിലായി. കൂലി പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നതോടെ ലോകേഷിന്റെ എല്‍.സി.യു ലൈനപ്പ് സ്‌കാമെന്ന് വിശേഷിക്കപ്പെട്ടു. ആറ് വര്‍ഷത്തോളമായി വരുമെന്ന് അറിയിക്കുന്ന കൈതി 2 അനിശ്ചിതമായി നീണ്ടുപോവുകയാണ്.

കുറച്ച് കാലമായി ആരും മൈന്‍ഡ് ചെയ്യാത്ത കൈതി 2 കഴിഞ്ഞദിവസം വീണ്ടും ചര്‍ച്ചയായി. കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2ന്റെ പ്രീ റിലീസ് ഇവന്റിന് പിന്നാലെയാണ് കൈതി 2 ചര്‍ച്ചയായത്. കൈതിയില്‍ കാര്‍ത്തിയുടെ മകളായി വേഷമിട്ട ബേബി മോണിക്ക ചടങ്ങിനിടെ താരത്തിന്റെയടുത്തേക്ക് സര്‍പ്രൈസായി വന്നതിന്റെ വീഡിയോ ഇതിനോടകം വൈറലായി.

കൈതിയിലെ സീനുകള്‍ സ്‌ക്രീനില്‍ കാണുന്നതിനിടെ മോണിക്ക കാര്‍ത്തിയുടെ പിന്നിലൂടെ വന്ന് കെട്ടിപ്പിടിക്കുന്ന വീഡിയോയാണ് വൈറലായത്. കൈതിയില്‍ കാര്‍ത്തി എടുത്തുകൊണ്ടുനടന്ന മോണിക്ക ഇപ്പോള്‍ കാര്‍ത്തിയുടെ തോളിനൊപ്പം വളര്‍ന്നതാണ് പലരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. ഇതിന് പിന്നാലെയാണ് കൈതി 2നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചത്. മകളായിട്ടല്ല, കാര്‍ത്തിയുടെ അനിയത്തിയായി മോണിക്കയെ കാസ്റ്റ് ചെയ്യാമെന്നാണ് പലരുടെയും കമന്റ്.

കൈതി നിര്‍ത്തിയ പോയിന്റില്‍ നിന്ന് രണ്ടാം ഭാഗം തുടങ്ങാന്‍ യാതൊരു സാധ്യതയുമില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. ഇനി ഈ പ്രൊജക്ട് ചെയ്യുകയാണെങ്കില്‍ കാര്‍ത്തിയുടെ ദില്ലി എന്ന കഥാപാത്രത്തെ കിളവനാക്കുകയോ മോണിക്കയെ ഡീ ഏജ് ചെയ്യുകയോ വേണമെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു. ഒരിക്കലും നടക്കാത്ത പ്രൊജക്ടിന്റെ പേരില്‍ ലോകേഷ് ആളുകളെ പറ്റിച്ചെന്നും വിമര്‍ശനങ്ങളുണ്ട്.

വന്‍ ഹൈപ്പിലെത്തിയ കൂലി പരാജയമായതിന് പിന്നാലെ ലോകേഷിന് നേരെ വലിയ സൈബര്‍ അറ്റാക്കാണ് നടന്നത്. മാസങ്ങളോളം സോഷ്യല്‍ മീഡിയ ലോകേഷിനെ വറുത്തെടുത്തിരുന്നു. അടുത്തിടെ റിലീസായ ഡി.സിയിലൂടെ ലോകേഷ് തനിക്ക് നേരെയുള്ള ട്രോളുകള്‍ക്ക് അവസാനം കുറിച്ചു. അപ്പോഴും എല്‍.സി.യു എന്ന പൊട്ടന്‍ഷ്യല്‍ പ്രൊജക്ട് വൈകുകയാണ്.

ലിയോയ്ക്ക് ശേഷം കൈതി 2 ആരംഭിക്കുമെന്നായിരുന്നു ലോകേഷ് ആദ്യം പറഞ്ഞത്. എന്നാല്‍ ഇതിനിടയില്‍ കൂലിയും ഡി.സിയും കാരണം രണ്ടര വര്‍ഷം കൈതി 2 ലേറ്റായി. കൂലിക്ക് ശേഷം കൈതി 2 ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും ലോകേഷ് തെലുങ്കിലേക്ക് ചേക്കേറി. എല്‍.സി.യുവിലെ ബാക്കി സിനിമകള്‍ വരുമെന്ന പ്രതീക്ഷ ഇതോടെ പലര്‍ക്കും നഷ്ടമായിരിക്കുകയാണ്.

Content Highlight: Karthi and Baby Monica video viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more