| Wednesday, 22nd April 2020, 7:02 pm

ഡോ. സൈമണിന്റെ ശവസംസ്‌കാരം തടസ്സപ്പെടുത്തിയത് തമിഴ് സമൂഹത്തെ കുറിച്ച് ഭയപ്പാടുണ്ടാക്കുമെന്ന് കാര്‍ത്തി; 'ഇനിയൊരിക്കലും ആ തെറ്റ് ആവര്‍ത്തിക്കരുത്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡോ. സൈമണിന്റെ ശവസംസ്‌കാര ചടങ്ങ് തടസ്സപ്പെടുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി നടന്‍ കാര്‍ത്തി. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ കാര്‍ത്തി ഇത്തരമൊരു കാര്യത്തിലൂടെ തമിഴ് സമൂഹത്തെ കുറിച്ച് ഭയപ്പാടുണ്ടാക്കാനാണ് സഹായിക്കുക എന്നും പറഞ്ഞു.

ഇനിയൊരിക്കലും ഇത്തരമൊരു തെറ്റ് ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത ഉണ്ടാവണമെന്നും സൈമണിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വിഷമത്തില്‍ പങ്ക് ചേരണമെന്നും കാര്‍ത്തി പറഞ്ഞു.

കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്‌കരിക്കാന്‍ പ്രദേശവാസികള്‍ അനുവദിച്ചിരുന്നില്ല. ചെന്നൈയിലെ ആശുപത്രിയില്‍വെച്ചായിരുന്നു ഇദ്ദേഹം കൊവിഡ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞത്.

കൊവിഡ് പോസിറ്റീവാണെന്ന് പരിശോധനാ ഫലം വന്നതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായ ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചത്. ചികിത്സ തുടരവെ ഞായറാഴ്ച വൈകീട്ട് ഹൃദയാഘാതം സംഭവിക്കുകയും തുടര്‍ന്ന് ഇദ്ദേഹം മരണത്തിന കീഴങ്ങുകയുമായിരുന്നു.

ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കില്‍പൗകിലെ സെമിത്തേരിയിലേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. മൃതദേഹം സെമിത്തേരിയില്‍ എത്തിക്കുമ്പോഴേക്കും കൊവിഡ് ബാധിച്ച് മരിച്ചയാളെ സംസ്‌കരിക്കാന്‍ കൊണ്ടുവരുന്നു എന്ന വാര്‍ത്ത പ്രദേശവാസികള്‍ക്കിടയില്‍ പ്രചരിച്ചു. മൃതദേഹം ഇവിടെ സംസ്‌കരിക്കാന്‍ അനുവദിക്കരുതെന്ന സന്ദേശവും അതോടൊപ്പമുണ്ടായിരുന്നു.

ഇതോടെ മൃതദേഹുമായി എത്തിയ ആംബുലന്‍സ് പ്രദേശ വാസികള്‍ ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് ഇവര്‍ കല്ലുകളും വടികളും ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകരെയും ആംബുലന്‍സിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെയും സംഘം മര്‍ദ്ദിച്ചു.

കല്ലേറില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. ആംബുലന്‍സിലുണ്ടായിരുന്ന ഡോക്ടറുടെ കുടുംബാംഗങ്ങള്‍ ആക്രമണത്തിനിടെ ഓടി രക്ഷപെടുകയായിരുന്നെന്നാണ് വിവരം.

ആക്രമണത്തെത്തുടര്‍ന്ന് പൊലീസിന്റെ സംരക്ഷണയില്‍ മൃതദേഹം മറ്റൊരിടത്ത് സംസ്‌കരിക്കാന്‍ തീരുമാനിച്ചെങ്കിലും ആംബുലന്‍സ് ഡൈവര്‍ക്കേറ്റ പരിക്ക് തിരിച്ചടിയായി. തുടര്‍ന്ന് ഹെര്‍ക്കുലീസിന്റെ സുഹൃത്തായ മറ്റൊരു ഡോക്ടര്‍ ആംബുലന്‍സ് ഓടിക്കാന്‍ തയ്യാറാവുകയായിരുന്നു. മൃതദേഹം പൊലീസിന്റെ സംരക്ഷണയില്‍ സംസ്‌കരിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more