സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും വിരമിക്കലിന് കാരണം ബി.സി.സി.ഐയുടെ രാഷ്ട്രീയമാണെന്ന് മുന്‍ ഇന്ത്യന്‍ താരം കാര്‍സണ്‍ ഗ്രവി. കോഹ്‌ലിയ്ക്ക് കുറച്ച് കാലം കൂടെ ടെസ്റ്റില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ വിരമിക്കാന്‍ താരത്തെ ആരോ നിര്‍ബന്ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിക്കി ലാല്‍വാനി ഷോയില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ പേസര്‍.
‘ബി.സി.സി.ഐയിലെ രാഷ്ട്രീയം കാരണമാണ് വിരാട് കോഹ്‌ലി വിരമിച്ചതെന്ന് ഞാന്‍ കരുതുന്നു. രോഹിത് ശര്‍മ പോലും ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിച്ചു. അവരോട് പോകാന്‍ ആവശ്യപ്പെട്ടു. തുടരാന്‍ അവര്‍ ആഗ്രഹിച്ചു, പക്ഷേ ബി.സി.സി.ഐക്കും സെലക്ടര്‍മാര്‍ക്കും വ്യത്യസ്തമായ അഭിപ്രായമായിരുന്നു,’ ഗ്രവി പറഞ്ഞു.
വിരാട് കോഹ്‌ലിയെ പോലെയൊരു സൂപ്പര്‍ താരം വിടവാങ്ങല്‍ മത്സരം അര്‍ഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘വിരാട് കോഹ്‌ലി രണ്ടുവര്‍ഷം കൂടെ കളിക്കേണ്ടതായിരുന്നു. പക്ഷേ ആരോ അദ്ദേഹത്തെ വിരമിക്കാന്‍ നിര്‍ബന്ധിച്ചു. അദ്ദേഹത്തിന് വിടവാങ്ങല്‍ നല്‍കിയില്ല. അദ്ദേഹത്തെപ്പോലുള്ള ഒരു മികച്ച കളിക്കാരന്‍ ഗംഭീരമായ വിടവാങ്ങല്‍ അര്‍ഹിച്ചിരുന്നു. ബി.സി.സി.ഐക്കും ഇന്ത്യന്‍ ക്രിക്കറ്റിനും ആരാധകര്‍ക്കും വേണ്ടി അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത്,’ ഗ്രവി പറഞ്ഞു.
2025 മെയ് മാസത്തിലാണ് വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് തൊട്ട് മുമ്പായിരുന്നു ഇരുവരുടെയും പടിയിറക്കം. ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന രോഹിത്താണ് തന്റെ വിരമിക്കല്‍ ആരാധകരെ ആദ്യം അറിയിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇതിന് പിന്നാലെ കോഹ്‌ലിയും തന്റെ ഇഷ്ട ഫോര്‍മാറ്റിനോട് വിട ചൊല്ലി. രോഹിത്തിന്റെ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കകമായിരുന്നു താരത്തിന്റെയും പടിയിറക്കം. സോഷ്യല്‍ മീഡിയയിലൂടെ തന്നെയായിരുന്നു കോഹ്‌ലിയും ഇക്കാര്യം അറിയിച്ചത്.
ഇരുവരും റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഒരുമിച്ച് വിട പറഞ്ഞ വാര്‍ത്ത വളരെ ഞെട്ടലോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ കേട്ടത്. ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയില്‍ ഇരുവരും കളിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയായിരുന്നു ഇരുവരും പടിയിറങ്ങിയത്.
Content Highlight: Karsan Ghavi says that petty politics of BCCI is the reason behind the retirement of Virat Kohli and Rohit Sharma