ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പുറത്തുവിട്ട കണക്കുകളില്‍ പൊരുത്തക്കേട് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പട്ടികയില്‍ നിന്ന് നീക്കം ചെയ്ത വോട്ടര്‍മാരുടെ എണ്ണത്തിലാണ് പൊരുത്തക്കേട് കണ്ടെത്തിയത്.
സംസ്ഥാനത്ത് പട്ടികയില്‍ നിന്ന് നീക്കം ചെയ്ത വോട്ടര്‍മാരുടെ എണ്ണത്തില്‍ ഏകദേശം 6,000 പേരുടെ വ്യത്യാസമുള്ളതായാണ് കണ്ടെത്തിയത്. 2026 ജൂണ്‍ 16 മുതല്‍ ഓഗസ്റ്റ് 23 വരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതിനായി 67,307 ഫോം ഏഴ് അപേക്ഷകളാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതെന്ന് ഇന്ന് (സെപ്തംബര്‍ 26 ശനി) പുറത്തിറക്കിയ എസ്.ഐ.ആര്‍ അന്തിമ കരട് വോട്ടര്‍ പട്ടികയില്‍ പറയുന്നു.
എന്നാല്‍ 61,130 ഫോം ഏഴ് അപേക്ഷകള്‍ മാത്രമാണ് ലഭിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തതെന്നുമാണ് ഇന്നല കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ് പങ്കുവെച്ച കണക്കുകളില്‍ പറയുന്നത്.
ഇക്കാര്യത്തില്‍ പിശക് വന്നതായി ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പേര് നീക്കം ചെയ്യുന്നതിനുള്ള അപേക്ഷകള്‍ നിരസിക്കാനുള്ള സാഹചര്യങ്ങള്‍ വളരെ കുറവാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിഷയത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. അന്‍ബുക്കുമാര്‍ പ്രതികരിച്ചു.
2026 ജൂണ്‍ ആറ് മുതല്‍ സെപ്റ്റംബര്‍ 24 വരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആകെ 19,48,164 അപേക്ഷാ ഫോമുകളാണ് ലഭിച്ചതെന്നാണ് കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ് പങ്കുവെച്ച കണക്ക്. ഇതില്‍ 7,70,988 എണ്ണം പേര് ചേര്‍ക്കുന്നതിനുള്ള ‘ഫോം-ആറും, 4,551 എണ്ണം പ്രവാസി വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കുന്നതിനുള്ള ‘ഫോം ആറ് എയും 11,11,495 എണ്ണം തിരുത്തലുകള്‍ വരുത്തുന്നതിനുള്ള ‘ഫോം എട്ടും ആയിരുന്നു.
ഏറ്റവും കൂടുതല്‍ പേരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ബിദര്‍ മണ്ഡലത്തിലാണെന്ന് സെപ്റ്റംബര്‍ 25-ന് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 5,154 പേരാണ് മണ്ഡലത്തില്‍ നിന്ന് ഇത്തരത്തില്‍ പുറത്താക്കപ്പെട്ടത്. ശിവമോഗയില്‍ നിന്ന് 3,181 പേരെയും തുമകുരുവില്‍ നിന്ന് 3,171 പേരെയു ബംഗളൂരു അര്‍ബന്‍ മണ്ഡലത്തില്‍ നിന്ന് 2,318 പേരെയും ഇത്തരത്തില്‍ പുറത്താക്കി.
എന്നാല്‍ കരട് വോട്ടര്‍ പട്ടികയില്‍ ഈ കണക്കുകള്‍ വ്യത്യസ്തമാണ്. 2026 ജൂണ്‍ 16 മുതല്‍ ഓഗസ്റ്റ് 23 വരെയുള്ള കാലയളവില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 14,67,929 അപേക്ഷാ ഫോമുകള്‍ ലഭിച്ചതായി കരട് വോട്ടര്‍ പട്ടിക വ്യക്തമാക്കുന്നു. ഇതില്‍ 4,73,354 എണ്ണം ആറും 3,880 ഫോം ആറ് എയും 67,307 എണ്ണം ഫോം ഏഴും, 9,23,388 എണ്ണം ഫോം എട്ടുമാണെന്നുമാണ് കരട് വോട്ടര്‍ പട്ടികയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
Content Highlight: Karnataka SIR reveals around 6000 voters found missing from deleted data