| Thursday, 17th May 2018, 4:37 pm

ഒരു കോണ്‍ഗ്രസ് എം.എല്‍.എയെ കൂടി ബി.ജെ.പി കടത്തി; കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: അത്യന്തം നാടകീയ രംഗങ്ങള്‍ അരങ്ങേറുന്ന കര്‍ണാടകയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി റിസോര്‍ട്ട് വിട്ടുപോയതായി റിപ്പോര്‍ട്ട്. ഇന്നലെ പിന്തുണ അറിയിച്ച് ഒപ്പിട്ടിരുന്ന ആനന്ദ് സിങ് പാട്ടീലാണ് കോണ്‍ഗ്രസ് ക്യാമ്പ് വിട്ടത്. നേരത്തേ, വിജയനഗര്‍ എം.എല്‍.എ ആനന്ദ് സിങ് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ പങ്കെടുത്തിരുന്നില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ ആനന്ദ് സിങ്ങിനെ തട്ടിയെടുത്തുവെന്നാണ് ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ ആരോപണം.

അതിനിടെ, കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിനു പിന്തുണ അറിയിച്ച സ്വതന്ത്ര എം.എല്‍.എ ആര്‍. ശങ്കറിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമെന്നു ആദ്യമറിയിച്ച ശങ്കര്‍ പിന്നീടു നിലപാടു മാറ്റിയിരുന്നു. ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസിനൊപ്പമെന്ന നിലപാടാണ് പുലര്‍ത്തുന്നത്.


Read Also : ‘റിസോര്‍ട്ട് മാനേജര്‍മാര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചിട്ടുണ്ട്’; കര്‍ണ്ണാടകയിലെ നാടകീയ സംഭവങ്ങളെ ‘ട്രോളി’ പ്രകാശ് രാജ്


അതേസമയം യെദ്യൂരപ്പ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെങ്കിലും കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയ കത്ത് നാളെ രാവിലെ സുപ്രീംകോടതി പരിഗണിക്കാനിരിക്കുയാണ്. സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ കൈവശമുള്ള എം.എല്‍.എമാരെ നഷ്ടപ്പെടുത്താതിരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ജെ.ഡി.എസും.

വിധാന്‍സൗധയിലെ പ്രതിഷേധത്തിന് ശേഷം കോണ്‍ഗ്രസ് എം.എല്‍.എമാരെ തിരികെ റിസോര്‍ട്ടകളിലേക്ക് മാറ്റിയിട്ടുണ്ട്. എം.എല്‍.എമാരെ “സുരക്ഷിതരായി” റിസോര്‍ട്ടുകളിലെത്തിക്കാന്‍ കോണ്‍ഗ്രസും ജെ.ഡി.എസും ആശ്രയിച്ചത് ഒരു പ്രത്യേകസ്ഥാപനത്തിന്റെ ബസുകളാണ്. ശര്‍മ ട്രാവല്‍സ് എന്നാണ് സ്ഥാപനത്തിന്റെ പേര്. ഇതിന് മുമ്പും റിസോര്‍ട്ട് രാഷ്ട്രീയം കര്‍ണാടകത്തില്‍ അരങ്ങേറിയപ്പോഴും ഈ ബസിലായിരുന്നു അങ്ങോട്ടുമിങ്ങോട്ടുമുള്ള എം.എല്‍.എമാരുടെ യാത്ര.

We use cookies to give you the best possible experience. Learn more