| Wednesday, 20th August 2025, 8:18 am

ശൈശവ വിവാഹ നിരോധന ഭേദഗതി ബില്ലും ദേവദാസി ബില്ലും പാസാക്കി കര്‍ണാടക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ശൈശവ വിവാഹ നിരോധന ഭേദഗതി ബില്‍, ദേവദാസി ബില്‍ എന്നിവ പാസാക്കി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ ദേവദാസി സമ്പ്രദായത്തെ പൂര്‍ണമായും തടയുകയും പുനരധിവാസം സാധ്യമാക്കുകയും ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ് ദേവദാസി ബില്‍.

ഇന്നലെ (ചൊവ്വ) നിയമസഭാ സമ്മേളനത്തില്‍ വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറാണ് ഇരു ബില്ലുകളും അവതരിപ്പിച്ചത്.

ബാല വിവാഹത്തിനായുള്ള ഏതൊരു ശ്രമത്തെയും നിയമപരമായി നേരിടാന്‍ ലക്ഷ്യമിട്ടുള്ളതാണ് ശൈശവ വിവാഹ ഭേദഗതി ബില്‍. കുട്ടികളുടെ വിവാഹ നിശ്ചയം നടത്തുന്നതും ഇനിമുതല്‍ രണ്ട് വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമടക്കം ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാകും.

ദേവദാസികളായി സ്ത്രീകളെ സമര്‍പ്പിക്കുന്ന രീതിയെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുക, അടിച്ചമര്‍ത്തപ്പെട്ട ദേവദാസി സ്ത്രീകളെ എല്ലാത്തരം ചൂഷണങ്ങളില്‍ നിന്നും അവരുടെ കുട്ടികളെ സാമൂഹിക വിലക്കുകളില്‍ നിന്നും ശാക്തീകരിക്കുക എന്നിവയാണ് കര്‍ണാടക ദേവദാസി (പ്രതിരോധം, നിരോധനം, ആശ്വാസം, പുനരധിവാസം) ബില്ലിന്റെ ലക്ഷ്യം. എല്ലാവിധ ചൂഷണങ്ങളില്‍ നിന്നും ദേവദാസികളെ മോചിപ്പിക്കുകയും മക്കള്‍ക്കായി ശാക്തീകരണ പദ്ധതി നടപ്പാക്കുകയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ദേവദാസി ബില്‍ അനുസരിച്ച് ദേവദാസികളായ സ്ത്രീകളുടെ മക്കളുടെ ബിയോളജിക്കല്‍ പിതാവിനും കുട്ടികളുടെ കാര്യത്തില്‍ ഉത്തരവാദിത്തം ഉണ്ടാകും. പിതൃത്വം തെളിഞ്ഞാല്‍ പിതാവ് ഇനിമുതല്‍ മക്കളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ട കാര്യങ്ങള്‍ ചെയ്യണം. ഈ ബില്ലിലൂടെ സംസ്ഥാനം അതിജീവിതരുടെ ഫലപ്രദവും സമഗ്രവുമായ പുനരധിവാസം സാധ്യമാക്കുകയും കര്‍ണാടകയില്‍ ദേവദാസി സമ്പ്രദായം പൂര്‍ണമായും നിര്‍ത്തലാക്കുന്നതിനുള്ള നടപടികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ശൈശവ വിവാഹ നിരോധന ഭേദഗതി ബില്‍, ദേവദാസി ബില്‍ എന്നിവ കൂടാതെ ഫയര്‍ഫോഴ്സ്, ടൂറിസം, സഹകരണം എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകളും നിമയമസഭ ഇന്നലെ പാസാക്കി.

Content Highlight: Karnataka passes Child Marriage Prohibition Amendment Bill and Devadasi Bill

We use cookies to give you the best possible experience. Learn more