| Wednesday, 15th October 2025, 10:31 am

തിരുവസ്ത്രമണിഞ്ഞ് പുറത്തിറങ്ങാന്‍ പറ്റുന്നില്ല: ഉത്തരേന്ത്യ പോലെയാണ് കര്‍ണാടകയും; നടപടി വേണമെന്ന് പാംപ്ലാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ഉത്തരേന്ത്യയിലെ സാഹചര്യത്തിന് സമാനമായി കര്‍ണാടകയിലും തിരുവസ്ത്രമണിഞ്ഞ് ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് പുറത്തിറങ്ങാനും സ്വതന്ത്രമായി യാത്ര ചെയ്യാനും സാധിക്കുന്നില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. മതപരിവര്‍ത്തന നിയമപരിഷ്‌കരണം വിശ്വാസികളെ ശ്വാസംമുട്ടിക്കുന്നതാണെന്നും പാംപ്ലാനി പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തിലും ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് തിരുവസ്ത്രമണിഞ്ഞ് യാത്ര ചെയ്യാനും കന്യാസ്ത്രീകള്‍ക്ക് പുറത്തിറങ്ങാനും സാധിക്കുന്നില്ല.

ഇതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്ക കോണ്‍ഗ്രസ് നടത്തുന്ന അവകാശ സംരക്ഷണയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം വിമര്‍ശിച്ചു.

ക്രിസ്തുമത വിശ്വാസികളെ ശ്വാസം മുട്ടിക്കുന്ന സംഘപരിവാര്‍ സമീപനം ഉത്തരേന്ത്യയില്‍ നിന്ന് കര്‍ണാടകത്തിലേക്ക് വ്യാപിക്കുകയാണെന്നും സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും മാര്‍ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ യാത്ര കാസര്‍ഗോഡ് പാണത്തൂരിലാണ് ആരംഭിച്ചത്.

അധ്യാപകരുടെ കാര്യത്തില്‍ സഭയടക്കമുള്ളവരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചെന്നും വിഷയത്തില്‍ പിണറായി സര്‍ക്കാരിനോട് നന്ദി പറയേണ്ടതുണ്ടെന്നും പാംപ്ലാനി പറഞ്ഞു. പലരും ബഹളം വെച്ചിട്ടും മന്ത്രിയടക്കം എതിര്‍ത്തിട്ടും മുഖ്യമന്ത്രി നിലപാടില്‍ ഉറച്ചുനിന്നെന്ന് അദ്ദേഹം വിശദമാക്കി.

വന്യജീവി നിയമം പരിഷ്‌കരിച്ച വിഷയത്തിലും പാംപ്ലാനി സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചു. മുഖ്യമന്ത്രി ചെയ്തത് നല്ലകാര്യമാണെന്നായിരുന്നു പ്രശംസ. കര്‍ഷകരുടെയും മലയോര ജനതയുടെയും സാധാരണക്കാരുടെയും അവകാശ സംരക്ഷണത്തിനായി വേണ്ടി വന്നാല്‍ ജയില്‍വാസത്തിന് വരെ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കത്തോലിക്ക കോണ്‍ഗ്രസ് രാഷ്ട്രീയ പാര്‍ട്ടിയല്ലെങ്കിലും രാഷ്ട്രീയ ശക്തിയെന്ന നിലയില്‍ പലകാര്യങ്ങളിലും മറുപടി പറയാന്‍ തങ്ങള്‍ക്കറിയാമെന്ന് കത്തോലിക്ക പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പന്‍ ചടങ്ങില്‍ പറഞ്ഞു.

മുനമ്പം വിഷയത്തില്‍ ജനങ്ങളുടെ റവന്യൂ അവകാശങ്ങള്‍ അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് ആവശ്യപ്പെട്ടു.

Content Highlight: Karnataka is like North India says Mar Jose Pamplany

We use cookies to give you the best possible experience. Learn more