| Monday, 22nd December 2025, 3:16 pm

നിങ്ങളെ ലക്ഷ്യം വെച്ചല്ല, വിദ്വേഷ പ്രസംഗം നടത്തുന്നവരെ ലക്ഷ്യം വെച്ചാണ് ബില്‍ പാസാക്കിയത്; ബി.ജെ.പിയോട് കര്‍ണാടക ആഭ്യന്തര മന്ത്രി

അനിത സി

ബെംഗളൂരു: വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്ന ബില്‍ പാസാക്കിയതിനെതിരെ വിമര്‍ശനമുന്നയിച്ച ബി.ജെ.പിക്ക് മറുപടിയുമായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. ബി.ജെ.പി വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണ്. ഈ ബില്‍ ഏതെങ്കിലും വ്യക്തിയെ ലക്ഷ്യം വെച്ചിട്ടുള്ളതല്ലെന്ന് മന്ത്രി വിശദീകരിച്ചു.

ബി.ജെ.പി രാഷ്ട്രീയംകളിക്കുകയാണ്. ഹേറ്റ് സ്പീച്ച് ആന്‍ഡ് ഹേറ്റ് ക്രൈംസ് പ്രിവന്‍ഷന്‍ ബില്‍ 2025 നിയമസഭാ സമ്മേളനത്തില്‍ പാസാക്കി. ഉടനെ ഗവര്‍ണര്‍ക്ക് അയക്കും. ഗവര്‍ണര്‍ ചോദിച്ചാല്‍ വിശദീകരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ബി.ജെ.പിയെ ലക്ഷ്യംവെച്ചല്ല ബില്‍ കൊണ്ടുവന്നത്. വിദ്വേഷപ്രസംഗം നടത്തുന്നവരെ ലക്ഷ്യം വെച്ചാണ്. വിദ്വേഷപ്രചാരണം നടത്തുന്ന ആര്‍ക്കും ഈ നിയമം ബാധകമാകും. പ്രത്യേകം വ്യക്തിയെയും മനസില്‍ വെച്ചല്ല ബില്‍ അവതരിപ്പിച്ചത്. നിയമം എല്ലാവരും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സുപ്രീംകോടതി തന്നെ വിദ്വേഷ പ്രസംഗം നിയന്ത്രിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്, അവയെല്ലാം അവസാനിക്കണം, ബി.ജെ.പിയെ മനസില്‍ കണ്ടല്ല ഈ നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

വ്യാഴാഴ്ചയാണ് കര്‍ണാടക നിയമസഭാ സമ്മേളനത്തില്‍ വെച്ച് ദി ഹൈയ്റ്റ് സ്പീച്ച് ആന്‍ഡ് ഹൈയ്റ്റ് ക്രൈംസ് പ്രിവന്‍ഷന്‍ ബില്‍ പാസാക്കിയത്. വിദ്വേഷ പ്രസംഗവും വിദ്വേഷ കുറ്റകൃത്യങ്ങളും തടയാനുളള ബില്‍ പ്രകാരം ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും ശിക്ഷയും 50,000 രൂപ വരെ പിഴയും ചുമത്തും.

കുറ്റം ആവര്‍ത്തിച്ചാല്‍ 2 വര്‍ഷത്തില്‍ കുറയാത്ത ഏഴ് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കും. വാമൊഴിയായോ അച്ചടിയായോ ഓണ്‍ലൈനായോ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളും പ്രസംഗങ്ങളും തടയുകയാണ് ബില്ലിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

വിഷയം നിയമസഭയില്‍ ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ തന്നെ പ്രതിപക്ഷമായ ബി.ജെ.പി എതിര്‍പ്പുന്നയിച്ചിരുന്നു. എതിര്‍സ്വരങ്ങളെ തടയാനുള്ള ഉപകരണമായി നിയമത്തെ ദുരുപയോഗം ചെയ്യുമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

ഈ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഹനിക്കുന്നുവെന്നും ബില്ലിലെ എല്ലാ നിര്‍ദേശങ്ങളും ഭാരതീയ നിയമസംഹിതയില്‍ ഉള്‍പ്പെടുന്നവയാണെന്നും പ്രതിപക്ഷ നേതാവ് ആര്‍. അശോക പറഞ്ഞിരുന്നു. ഈ ബില്ല് ലക്ഷ്യം വെക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികളേയും മാധ്യമങ്ങളെയും മാത്രമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Content Highlight: The bill was passed not to target you, but to target those who make hate speeches; Karnataka Home Minister to BJP

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more