| Thursday, 11th September 2025, 2:41 pm

എ.ബി.വി.പിയുടെ രഥയാത്ര ഉദ്ഘാടനം ചെയ്ത് കര്‍ണാടക ആഭ്യന്തരമന്ത്രി; മൃദു ഹിന്ദുത്വമെന്ന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സംഘപരിവാര്‍ അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തി (എ.ബി.വി.പി) ന്റെ രഥയാത്ര ഉദ്ഘാടനം ചെയ്ത് വിവാദത്തിലായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ആഭ്യന്തരമന്ത്രിയുമായ ജി. പരമേശ്വര.

തുംകുരു ജില്ലയിലെ തിപ്തുരിലെ എ.ബി.വി.പി പ്രവര്‍ത്തകരാണ് സ്വാതന്ത്ര്യസമര സേനാനി റാണി അബക്കയുടെ ഓര്‍മദിനത്തില്‍ രഥയാത്ര നടത്തിയത്. വിദേശ ശക്തികളായ പോര്‍ച്ചുഗീസുകാരുടെ അധിനിവേശത്തിനെതിരെ സായുധ പോരാട്ടം നടത്തിയ റാണി അബക്കയെ രാജ്യത്തെ ആദ്യ സ്വാതന്ത്ര്യ സമര പോരാളിയെന്നാണ് എ.ബി.വി.പി വിശേഷിപ്പിക്കുന്നത്.

അതേസമയം, ബി.ജെ.പിയുടെ ശക്തമായ പിന്തുണയുണ്ടായിരുന്ന രഥയാത്രയില്‍ പങ്കെടുത്തതോടെ മന്ത്രിയുടെ മൃദു ഹിന്ദുത്വമാണ് വ്യക്തമായതെന്ന് വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു.

ഇതോടെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തി. താന്‍ എ.ബി.വി.പി സംഘടിപ്പിച്ച രഥയാത്രയിലല്ല പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എ.ബി.വി.പിയുടെ പരിപാടിയിലല്ല പങ്കെടുത്തത്. ആദ്യ സ്വാതന്ത്ര്യസമര സേനാനികളില്‍ ഒരാളായ റാണി അബക്കയ്ക്ക് ആദരവ് അര്‍പ്പിക്കാനാണ് അവിടെ എത്തിയത്’, എന്നാണ് മന്ത്രിയുടെ വിശദീകരണം.

‘ഒരു യോഗത്തില്‍ പങ്കെടുക്കാനായി തിപ്തൂരില്‍ പോയപ്പോഴാണ് ഘോഷയാത്ര കടന്നുപോകുന്നതായി കണ്ടത്. റാണി അബക്കയുടെ ഘോഷയാത്രയായിരുന്നെന്ന് കണ്ടപ്പോള്‍ ഉടനെ തന്നെ അവിടെ ഇറങ്ങി റാണി അബക്കയ്ക്ക് ആദരവര്‍പ്പിക്കുകയായിരുന്നു.

അതൊരു എ.ബി.വി.പി പരിപാടിയായിരുന്നെന്നോ സംഘാടകര് ആരാണെന്നോ അറിയില്ലായിരുന്നു. പ്രാദേശിക എം.എല്‍.എയും കൂടെയുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനായി പോരാടിയവരെ ബഹുമാനിക്കുന്നു’, പരമേശ്വര പറഞ്ഞു.

35 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്, താന്‍ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനാണെന്നും മരിക്കും വരെ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും ജി. പരമേശ്വര പറഞ്ഞു.

‘എനിക്ക് കൂടുതല്‍ ഒന്നും തെളിയിക്കാനില്ല. കോണ്‍ഗ്രസിനോടുള്ള എന്റെ പ്രതിബദ്ധത ചോദ്യം ചെയ്യാനാകില്ല. അതിനും മുകളില്‍ ആരെങ്കിലും വിവാദം സൃഷ്ടിക്കുകയാണെങ്കില്‍, അവരങ്ങനെ ചെയ്യട്ടെ’, ജി. പരമേശ്വര പറഞ്ഞു.

നേരത്തെ, നിയമസഭയില്‍ ആര്‍.എസ്.എസിന്റെ ഗണഗീതം ചൊല്ലി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും വിവാദത്തിലായിരുന്നു.

Content Highlight: Karnataka Home Minister inaugurates ABVP’s Rath Yatra; Criticized for soft Hindutva

We use cookies to give you the best possible experience. Learn more