| Thursday, 22nd May 2025, 10:31 pm

വ്യാജ വാര്‍ത്ത നല്‍കി: അമിത് മാളവ്യയ്ക്കും അര്‍ണബ് ഗോസ്വാമിക്കുമെതിരായ എഫ്.ഐ.ആര്‍ സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇസ്താംബുള്‍ മെട്രോപൊളിറ്റന്‍ മുനിസിപ്പാലിറ്റിയുടെ കെട്ടിടം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഓഫീസാണെന്ന് വ്യാജ വാര്‍ത്ത നല്‍കിയതിന് ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ സെല്‍ മേധാവി അമിത് മാളവ്യയ്ക്കും റിപ്പബ്ലിക് ടി.വിയുടെ എഡിറ്റര്‍-ഇന്‍-ചീഫ് അര്‍ണാബ് ഗോസ്വാമിക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐര്‍ ആര്‍ സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി.

ജസ്റ്റിസ് എസ്.രാച്ചയ്യുടെ അവധിക്കാല ബെഞ്ചാണ് കേസിലെ എല്ലാ എഫ്.ഐ.ആറുകളും സ്റ്റേ ചെയ്തത്. അമിത് മാളവ്യയും അര്‍ണബ് ഗോസ്വാമിയും സമര്‍പ്പിച്ച ഇരുഹരജികളിലുമാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളുടെ നിയമസാധുത ചോദ്യം ചെയ്തായിരുന്നു ഹരജി. രണ്ട് കേസുകളിലും വാദം കേള്‍ക്കുന്നത് വരെയാണ് കോടതി എഫ്..ഐ.ആര്‍ സ്റ്റേ ചെയ്തത്.

മെയ് 15 നായിരുന്നു റിപ്പബ്ലിക് ടി.വി വാര്‍ത്താ വിഭാഗത്തില്‍ ഇസ്താംബുളിലെ ഒരു കെട്ടിടം കാണിച്ച് അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സെന്ററാണെന്ന് അവകാശപ്പെട്ടത്. എന്നാല്‍ അത് ഇസ്താംബുള്‍ മെട്രോപൊളിറ്റന്‍ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള ഒരു കണ്‍വെന്‍ഷന്‍ വേദിയാണിതെന്ന്  ഫാക്ട് ചെക്കിങ് പോര്‍ട്ടലായ ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ മനപൂര്‍വമല്ലാത്ത പ്രകോപനം സൃഷ്ടിച്ചതിനും സമാധാനം തകര്‍ക്കാനുള്ള ഉദ്ദേശത്തോടെ മനപൂര്‍വം അപമാനിച്ചതിനും ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരം ഇരുവര്‍ക്കുമെതിരെ കേസ് എടുക്കുകയായിരുന്നു. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ലീഗല്‍ സെല്‍ മേധാവി ശ്രീകാന്ത് സ്വരൂപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാളവ്യയ്ക്കും ഗോസ്വാമിക്കുമെതിരെ കേസ് ഫയല്‍ ചെയ്തത്.

അതേസമയം സാങ്കേതിക പിഴവ് കാരണം ഡിജിറ്റല്‍ ഡെസ്‌കിലെ ഒരു വീഡിയോ എഡിറ്റര്‍ ചിത്രം തെറ്റായി ഉപയോഗിച്ചതാണെന്ന വാദവുമായി റിപ്പബ്ലിക് ടി.വി എത്തിയിരുന്നു.

‘ലൈവ് ഷോ അവസാനിച്ചതിന് ശേഷമാണ് അബദ്ധത്തില്‍ ഈ പിഴവ് സംഭവിച്ചത്. അത് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിച്ചു. ഇത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട നിമിഷം തന്നെ ഉടനടി അത് തിരുത്തി. പിഴവില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായും നിരുപാധികമായും ഖേദിക്കുന്നു,’ റിപ്പബ്ലിക് ടി.വി പറഞ്ഞിരുന്നു.

ഇന്ത്യന്‍ ജനങ്ങളെ കബളിപ്പിക്കുക, ഒരു പ്രധാന രാഷ്ട്രീയ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുക, ദേശീയ വികാരങ്ങള്‍ ദുരുപയോഗം ചെയ്യുക, പൊതു അശാന്തി ഉണര്‍ത്തുക, ദേശീയ സുരക്ഷയെയും ജനാധിപത്യ സമഗ്രതയെയും ദുര്‍ബലപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇരുവരും ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നതെന്ന് പരാതിക്കാരന്‍ വിമര്‍ശിച്ചിരുന്നു.

ഓപ്പറേഷന്‍ സിന്ദൂരിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചപ്പോള്‍ തുര്‍ക്കി പാകിസ്ഥാനെ പിന്തുണച്ചിരുന്നു. ഇതോടെ ഇന്ത്യ -തുര്‍ക്കി ബന്ധം വഷളാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തുര്‍ക്കിയിലെ ഒരു പ്രധാന നഗരമായ ഇസ്താംബുളില്‍ കോണ്‍ഗ്രസ് സെന്റര് ഉണ്ടെന്ന് ആരോപിക്കുന്നത് കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താനും വിദ്വേഷം ഉണ്ടാക്കാനുമാണെന്ന് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയുടെ ഭരണഘടനാ പദവിയെ അപകീര്‍ത്തിപ്പെടുത്താന്‍ അമിത് മാളവ്യയും അര്‍ണാബ് ഗോസ്വാമിയും ശ്രമിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് എക്സിലെ ഒരു പോസ്റ്റില്‍ ആരോപിച്ചു.

2019 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇസ്താംബൂളില്‍ ഒരു വിദേശ ഓഫീസ് തുറക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുകയും അതിന് നേതൃത്വം നല്‍കാന്‍ മുഹമ്മദ് യൂസഫ് ഖാനെ നിയമിക്കുകയും ചെയ്തിരുന്നുവെങ്കിലും അതിനുശേഷം ഒരു അപ്ഡേറ്റും ഉണ്ടായിട്ടില്ലെന്ന് ആള്‍ട്ട് ന്യൂസ് പറഞ്ഞു. കൂടാതെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വെബ്സൈറ്റില്‍ തുര്‍ക്കി ലിസ്റ്റ് ചെയ്തിട്ടില്ലെന്നും ആള്‍ട്ട് ന്യൂസ് ചൂണ്ടിക്കാട്ടി.

Content Highlight: Karnataka High Court stays FIR against Amit Malviya and Arnab Goswami

Latest Stories

We use cookies to give you the best possible experience. Learn more