| Saturday, 5th July 2025, 12:22 pm

ഡി.കെ. ശിവകുമാറിനും സംസ്ഥാന കോൺഗ്രസിനുമെതിരെയുള്ള മാനനഷ്ട കേസ് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും സംസ്ഥാന കോൺഗ്രസിനുമെതിരെ ബി.ജെ.പി നൽകിയ മാനനഷ്ട കേസ് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. ജസ്റ്റിസ് എസ്.ആർ. കൃഷ്ണ കുമാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് സ്റ്റേ ചെയ്തത്. കേസിൽ പ്രാഥമിക വാദം കേട്ടതിന് ശേഷമായിരുന്നു കോടതിയുടെ നടപടി.

കേസ് അടുത്ത തവണ പരിഗണിക്കുന്നത് വരെയാണ് ഹൈക്കോടതി നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് ജഡ്ജി ബി.ജെ.പിയ്ക്ക് നോട്ടീസ് അയച്ചതായും ജൂലൈ 29ലേയ്ക്ക് കേസിന്റെ വാദം കേൾക്കൽ മാറ്റി വെച്ചതായും ദി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

കർണാടകയിലെ മുൻ ബി.ജെ.പി സർക്കാരിനെതിരെ കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്. ബി.ജെ.പി സർക്കാർ കോൺട്രാക്ടർമാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.

പൊതുമരാമത്ത് ഏറ്റെടുക്കുന്നതിന് സർക്കാർ 40% കമ്മീഷനോ കരാറുകാരിൽ നിന്ന് കൈക്കൂലിയോ ഈടാക്കുന്നുണ്ടെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ഇത്തരം അഴിമതികളിലൂടെ മുൻ സർക്കാർ 1500 കോടി രൂപ കൊള്ളയടിച്ചുവെന്നും കർണാടക കോൺഗ്രസ് ആരോപണം ഉയർത്തിയിരുന്നു.

കൂടാതെ, സർക്കാർ ജോലി ഉറപ്പാക്കുന്നതിനായി കൈക്കൂലി വാങ്ങാൻ റേറ്റ് കാർഡുകൾ ഏർപ്പെടുത്തിട്ടുണ്ടെന്നും ആരോപിച്ചിരുന്നു. 2023 സംസ്ഥാന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്ര പരസ്യങ്ങളിലൂടെ ആയിരുന്നു കോൺഗ്രസിന്റെ ആരോപണം.

തുടർന്ന്, കോൺഗ്രസിനും പാർട്ടി ദേശീയ നേതാവ് രാഹുൽ ഗാന്ധിക്കും ഡി.കെ. ശിവകുമാറിനുമെതിരെ ബി.ജെ.പി മാനനഷ്ട കേസ് ഫയൽ ചെയ്യുകയായിരുന്നു. 2019നും 2023നുമിടയിൽ മുൻ സർക്കാരിനെ കുറിച്ച് അപകീർത്തികരമായ ആരോപണങ്ങളോടെ പത്ര പരസ്യങ്ങൾ നൽകിയെന്ന് ആരോപിച്ചായിരുന്നു കേസ്.
അന്നത്തെ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയുൾപ്പെട്ടവർക്കെതിരെ കോൺഗ്രസ് തെറ്റായ അവകാശ വാദങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.

കേസിൽ രാഹുൽ ഗാന്ധിക്കെതിരായ നടപടികൾ ജനുവരി 17ന് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

Content Highlight: Karnataka High Court stays BJP defamation case against Deputy CM DK Shivakumar and State Congress

We use cookies to give you the best possible experience. Learn more