| Thursday, 20th November 2025, 9:35 am

തെരുവുനായ കടിച്ചാല്‍ 3500 രൂപ, മരണമോ പേവിഷബാധയോ സംഭവിച്ചാല്‍ 5 ലക്ഷം; നഷ്ടപരിഹാരം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: തെരുവുനായ ആക്രമണങ്ങളില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് 3500 രൂപ വീതം നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു.

പേവിഷബാധ ഏല്‍ക്കുകയോ മരിക്കുകയോ ചെയ്താല്‍ നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

നഗര മേഖലകളില്‍ തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കുന്നതിന് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ തെരുവുനായകളുടെ ആവാസവ്യവസ്ഥ നിലനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇടയ്ക്കിടെ പരിശോധനകള്‍ നടത്തണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.

പുതിയ ഉത്തരവ് അനുസരിച്ച്, ഗ്രേറ്റര്‍ ബെംഗളൂരു മുനിസിപ്പല്‍ പരിധിയില്‍ തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് 5,000 രൂപ ധനസഹായം ലഭിക്കും.

അതേസമയം കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് ബെംഗളൂരു മുന്‍സിപ്പില്‍ പരിധിയില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടില്ലെന്നും വിമർശനമുണ്ട്.

പാമ്പുകടിയേല്‍ക്കുന്നവര്‍ക്ക് ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കുമെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ആയുഷ് ഭാരതിന് കീഴിലാണ് കര്‍ണാടക സര്‍ക്കാര്‍ സൗജന്യ ചികിത്സ പ്രഖ്യാപിച്ചത്.

നേരത്തെ തെരുവുനായ ശല്യം മിതപ്പെടുത്താന്‍ ബെംഗളൂരുവിലെ തദ്ദേശ സ്ഥാപനങ്ങൾ ഒന്നിലധികം പദ്ധതികള്‍ക്ക് രൂപം നല്‍കിയിരുന്നു. നായകള്‍ അക്രമാസക്തരാകാതിരിക്കാന്‍ 2.88 കോടിയുടെ പദ്ധതിയാണ് ബെംഗളൂരു കോര്‍പറേഷന്‍ അവതരിപ്പിച്ചത്.

തെരുവുനായകള്‍ക്ക് ദിവസവും ചോറും ചിക്കനും നല്‍കാനായിരുന്നു കോര്‍പറേഷന്റെ തീരുമാനം. 5000 തെരുവുനായകളെ ലക്ഷ്യമിട്ടായിരുന്നു പദ്ധതി.

ഇതിന്റെ ഭാഗമായി ഒരു നായക്ക് 22 രൂപ വീതം ചെലവഴിക്കാനാണ് കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നത്. ഒരു നായക്ക് ദിവസവും 367 ഗ്രാം ചിക്കന്‍ റൈസ് നല്‍കുന്നതായിരുന്നു പദ്ധതി.

Content Highlight: Karnataka govt announces compensation of Rs 3500 for stray dog ​​bite, Rs 5 lakh for death or rabies

We use cookies to give you the best possible experience. Learn more