| Friday, 26th December 2025, 4:56 pm

കര്‍ണാടക സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജ്; പ്രശ്‌നബാധിത പ്രദേശം സന്ദര്‍ശിച്ച് സി.പി.ഐ.എം നേതാക്കള്‍

രാഗേന്ദു. പി.ആര്‍

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിന്റെ ബുള്‍ഡോസര്‍ രാജിനിരയായ വസീം ലേഔട്ടും ഫക്കീര്‍ കോളനിയും സന്ദര്‍ശിച്ച് സി.പി.ഐ.എം നേതാക്കള്‍. സി.പി.ഐ.എം ബെംഗളൂരു നോര്‍ത്ത് ജില്ലാ കമ്മിറ്റി അംഗം ഹനുമന്തറാവു ഹവല്‍ദാറും സംസ്ഥാനത്തെ മറ്റു മുതിര്‍ന്ന നേതാക്കളുമാണ് പ്രശ്‌നബാധിത പ്രദേശം സന്ദര്‍ശിച്ചത്.

കര്‍ണാടക സര്‍ക്കാര്‍ നടത്തിയ പൊളിച്ചുമാറ്റല്‍ നടപടിയില്‍ ഏകദേശം 400 കുടുംബങ്ങളണ് ഭവനരഹിതരായത്. ഡിസംബര്‍ 20ന് പുലര്‍ച്ചെ 4.15ഓടെ യാതൊരു മുന്നറിയിപ്പും കൂടാതെ എത്തിയ തൊഴിലാളികള്‍, താമസക്കാരെ ഭീഷണിപ്പെടുത്തി ഉടന്‍ ഒഴിഞ്ഞുപോകാന്‍ ഉത്തരവിടുകയായിരുന്നുവെന്ന് സി.പി.ഐ.എം ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടി.

വളരെ പെട്ടെന്നാണ് വീടുകളെല്ലാം പൊളിച്ചുമാറ്റിയത്. അപ്രതീക്ഷിതമായ നടപടിക്കിടെ ആളുകള്‍ക്ക് അവരുടെ രേഖകളും വസ്തുക്കളും എടുക്കാന്‍ പോലും കഴിഞ്ഞില്ല. 30 വര്‍ഷത്തിലധികമായി ഒരേ സെറ്റില്‍മെന്റില്‍ താമസിക്കുന്നവര്‍ പുനരധിവാസ വാഗ്ദാനങ്ങള്‍ ലഭിക്കാതെ തുറസായ സ്ഥലങ്ങളില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായെന്നും സി.പി.ഐ.എം പറഞ്ഞു.

വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നു Photo: CPIM, Facebook.com

ദുരന്തബാധിതര്‍ക്ക് പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സി.പി.ഐ.എം അറിയിച്ചു. ഇടതു പാര്‍ട്ടികളുടെയും പുരോഗമന സംഘടനകളുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് കര്‍ണാടക സര്‍ക്കാരിനെതിരായ സമരം ഏകോപിപ്പിക്കാന്‍ ‘കൊഗിലു ലേഔട്ട് ചേരി പൊളിക്കല്‍ വിരുദ്ധ സമിതി’ രൂപീകരിക്കാന്‍ തീരുമാനിച്ചതായും സി.പി.ഐ.എം പറഞ്ഞു.

നിലവില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പൊളിച്ചുമാറ്റല്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കേരളത്തിലെ ഇടത് നേതാക്കള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രംഗത്തുണ്ട്.

ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ബുള്‍ഡോസര്‍ രാജ് നടക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടകയിലെ പൊളിക്കല്‍ നടപടി. ഇക്കാര്യം ചൂണ്ടികാട്ടിയയാണ് ഇടത് നേതാക്കളുടെ വിമര്‍ശനം.

അഞ്ച് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിന് വേണ്ടിയാണ് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയാണ് (ജി.ബി.എ) കൊഗിലു ഫക്കീര്‍ കോളനിയിലെയും വസീം ലേഔട്ടിലെയും 400ഓളം വീടുകള്‍ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്.

2500ലധികം ആളുകൾ ഇതോടെ പ്രതിസന്ധിയിലായി. ഖരമാലിന്യ സംസ്‌കരണത്തിനുള്ള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (ബി.എസ്.ഡബ്ല്യു.എം.എല്‍) ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് വീടുകള്‍ പൊളിച്ചത്.

Content Highlight: Karnataka government’s bulldozer raj; CPIM leaders visit problem-hit areas

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more