| Sunday, 19th October 2025, 9:56 pm

ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിന് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചു; അനുമതി തേടി ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ പൊതു ഇടങ്ങളില്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ശക്തമായ നടപടികളുമായി സര്‍ക്കാര്‍. ചിറ്റാപൂരില്‍ നടത്താനിരുന്ന ആര്‍.എസ്.എസിന്റെ റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചു. പിന്നാലെ അനുമതി തേടി ആര്‍.എസ്.എസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അടിയന്തിരമായി നടപടിയെടുക്കാന്‍ കോടതി തയ്യാറായില്ല.

പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട ഹൈക്കോടതി ആര്‍.എസ്.എസിന്റെ കേസ് പരിഗണിക്കുന്നതിന് പ്രത്യേക ബെഞ്ചിനെ ചുമതലപ്പെടുത്തി. ഒക്ടോബര്‍ 19ന് നടത്താനിരുന്ന റൂട്ട് മാര്‍ച്ചിന് പ്രാദേശിക അധികൃതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നവംബര്‍ 2ന് പരിപാടി നടത്താന്‍ അനുമതി തേടിയാണ് ആര്‍.എസ്.എസ് ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ, തഹസില്‍ദാര്‍ നാഗയ്യ ഹിരേമത്ത് ഞായറാഴ്ചയിലെ റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഉത്തരവിടുകയായിരുന്നു. ഗ്രാമ വികസന – പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക ഖാര്‍ഗെയുടെ മണ്ഡലത്തിലെ ചിറ്റാപൂരിലാണ് സംഭവം.

കലബുറഗി ജില്ലയിലെ ചിറ്റാപൂരിലെ പട്ടണത്തില്‍ ഞായറാഴ്ച റൂട്ട് മാര്‍ച്ച് നടത്താനായിരുന്നു ആര്‍.എസ്.എസ് അനുമതി തേടിയിരുന്നത്. ഇതേദിവസം തന്നെ ഭീം ആര്‍മിയും ദളിത് പാന്തേഴ്‌സും റോഡ് ഷോ നടത്താന്‍ അനുമതി തേടിയിരുന്നു. ഈ സംഘടനകള്‍ക്കും അനുമതി നിഷേധിച്ചിട്ടുണ്ട്.

ക്രമസമാധാന നില തകരാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിച്ച് ആര്‍.എസ്.എസ് നേതാവ് പ്രഹ്‌ലാദ വിശ്വകര്‍മയ്ക്ക് തഹസില്‍ദാര്‍ കത്ത് കൈമാറിയത്. അനിഷ്ടസംഭവങ്ങള്‍ തടയാനും പ്രദേശത്ത് സമാധാനവും ക്രമസമാധാനവും സംരക്ഷിക്കാനുമാണ് തീരുമാനമെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു.

റാലിക്ക് അനുമതി നല്‍കരുതെന്ന് പൊലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച രാത്രി എസ്.പി. അദ്ദൂര്‍ ശ്രീനിവാസുലു ചിറ്റാപൂര്‍ സന്ദര്‍ശിച്ച് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.

അതേസമയം, റൂട്ട് മാര്‍ച്ചിനായി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ചിറ്റാപൂര്‍ പട്ടണത്തില്‍ ആര്‍.എസ്.എസ് പതാകയും ബാനറുകളും പോസ്റ്ററുകളുമെല്ലാം സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇവ സ്ഥാപിക്കുന്നതിനും അനുമതി നല്‍കിയിട്ടില്ലെന്ന് കാണിച്ച് മുന്‍സിപ്പാലിറ്റി അധികൃതര്‍ ഒരുക്കങ്ങള്‍ നീക്കം ചെയ്തിരുന്നു.

മന്ത്രി പ്രിയങ്ക ഖാര്‍ഗെ തന്റെ സ്വന്തം മണ്ഡലത്തെ ‘റിപ്പബ്ലിക് ഓഫ് ചിറ്റാപൂര്‍’ ആക്കാന്‍ ശ്രമിക്കുന്നെന്ന് ബി.ജെ.പി വിഷയത്തില്‍ പ്രതികരിച്ചു.

കഴിഞ്ഞദിവസം ആര്‍.എസ്.എസിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്തതിന് പഞ്ചായത്ത് ഒഫീസറെ കര്‍ണാടക സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു. റായ്ച്ചൂര്‍ ജില്ലയിലെ സിര്‍വാര്‍ താലൂക്കിലെ പഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫീസറായിരുന്ന പ്രവീണ്‍ കുമാര്‍ കെ.പി എന്നയാളെയാണ് സസ്‌പെന്റ് ചെയ്തത്.

നേരത്തെ, ആര്‍.എസ്.എസിനെ പോലുള്ള സംഘടനകള്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതും പരസ്യമായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും തടയുന്ന ഉത്തരവ് പുറപ്പെടുവിക്കാന്‍ കര്‍ണാടക മന്ത്രിസഭ തീരുമാനിച്ചിരുന്നു. കര്‍ണാടക പാര്‍ലമെന്ററികാര്യ, നിയമ മന്ത്രി എച്ച്.കെ പാട്ടീലാണ് ഇക്കാര്യം അറിച്ചിരുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളില്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പ്രിയങ്ക ഖാര്‍ഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

Content  Highlight: Karnataka government denies permission for RSS route march; seeks permission in High Court

We use cookies to give you the best possible experience. Learn more