ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന നിര്‍ണായകമായ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം നേടി ബി.ജെ.പി. തെരഞ്ഞെടുപ്പ് നടന്ന 222 മണ്ഡലങ്ങളില്‍ 116 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. കനത്ത തിരിച്ചടി നേരിട്ട ഭരണകക്ഷിയായ കോണ്‍ഗ്രസ് 66 സീറ്റില്‍ ഒതുങ്ങി. അതേസമയം, ജനതാദള്‍ എസ് 39 സീറ്റുമായി ശക്തി തെളിയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 50ലധികം സീറ്റുകളാണ് കോണ്‍ഗ്രസിന് കുറവുണ്ടായത്.
രാവിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബി.ജെപിയും കോണ്‍ഗ്രസും കാഴ്ചവച്ചത്. ഒരവസരത്തില്‍ കോണ്‍ഗ്രസ് മുന്നേറിയെങ്കിലും തീരേദേശ, മദ്ധ്യ മേഖലകളടക്കം അഞ്ച് മേഖലകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ ബി.ജെ.പിയുടെ ലീഡ് കുതിച്ചു. കര്‍ണാടകയുടെ പ്രബല സമുദായമായ ലിംഗായത്തുകളും കോണ്‍ഗ്രസിനെ കൈവിട്ട് ബി.ജെ.പിയെ തുണച്ചു. ശിക്കാരിപുരയില്‍ നിന്ന് മത്സരിച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദിയൂരപ്പയുടെ പ്രഭാവം സമുദായ വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമായി ഏകീകരിക്കുന്നതിന് ഇടയാക്കി.
തങ്ങള്‍ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞെന്നും ദക്ഷിണേന്ത്യയിലെ ബി.ജെ.പി മുന്നേറ്റത്തിന് തുടക്കമാണ് ഈ തെരഞ്ഞെടുപ്പുഫലമെന്നും ബി.ജെ.പി നേതാവ് സദാനന്ദ ഗൗഡ പറഞ്ഞു. ജെ.ഡി.എസുമായി സഖ്യമുണ്ടാകുമോ എന്ന ചോദ്യത്തിന് പോലും ഇനി പ്രസക്തിയില്ലെന്നും ഗൗഡ വ്യക്തമാക്കി.
അതേസമയം കര്‍ണാടക തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജനതാ ദള്‍ ബി.ജെ.പിയുടെ ബി ടീമാണെന്ന കോണ്‍ഗ്രസ് ആശങ്കയ്ക്ക് ബലമേറുന്നു. സിദ്ധരാമയ്യയുടെതുള്‍പ്പെടെ പരാജയം ഉറപ്പുവരുത്തുന്നതില്‍ ബി.ജെ.പിയ്ക്കും ജെ.ഡി.എസിനുമിടയില്‍ രഹസ്യ ധാരണയുണ്ട് എന്നായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു വേളയില്‍ ഉന്നയിച്ച പ്രധാന ആരോപണം.
രഹസ്യ ധാരണ അത്ര വലിയ രഹസ്യമല്ല എന്നാണ് കര്‍ണാടക കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു പറഞ്ഞത്. ” അവര്‍ ചര്‍ച്ച നടത്തിയതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഈ രണ്ടു സീറ്റുകളില്‍ (സിദ്ധരാമയ്യയുടെയും മകന്റെയും) മാത്രമല്ല വിജയം ഉറപ്പാക്കാന്‍ മറ്റു പല സീറ്റുകളിലും ഇത്തരം ധാരണയുണ്ട്.” എന്നായിരുന്നു കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഉന്നയിച്ച ആരോപണം