| Sunday, 20th May 2018, 9:29 am

മന്ത്രിസഭാ രൂപീകരണം; കോണ്‍ഗ്രസിന് 20, ജെ.ഡിഎസിന് 13 ഉം മന്ത്രിമാരെന്ന് സൂചന; ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ജെ.ഡി.എസുമായി ധാരണയായതായി സൂചന. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസിന് 20ഉം ജെ.ഡിഎസിന് 13 ഉം മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് നിലവിലുള്ള സൂചന.

ധനകാര്യവകുപ്പ് കുമാരസ്വാമി കൈകാര്യം ചെയ്യുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസിന്റെ ജി. പരമേശ്വര ഉപമുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡി.കെ. ശിവകുമാറിനെ കെപിസിസി പ്രസിഡന്റായി നിയമിക്കുമെന്നും സൂചനയുണ്ട്.

ഇന്നലെ രാജ്ഭവനിലെത്തിയ കുമാരസ്വാമി ഗവര്‍ണര്‍ വാജുഭായ് വാലയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സത്യപ്രതിജ്ഞ തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു.


Dont Miss കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കില്ല; കുതിരക്കച്ചവടം നടത്തിയിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു; തിരിച്ചടി നല്‍കിയിരിക്കുമെന്നും അമിത് ഷാ


ഭൂരിപക്ഷം തെളിയിക്കാന്‍ കുമാരസ്വാമിയ്ക്ക് ഗവര്‍ണര്‍ 15 ദിവസത്തെ സാവകാശം അനുവദിച്ചു. അതേസമയം സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ചരമവാര്‍ഷിക ദിനമായതിനാലാണ് തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞ മാറ്റിയത്. സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എം.കെ സ്റ്റാലിന്‍, മായാവതി, മമത ബാനര്‍ജി, ചന്ദ്രശേഖര റാവു, അഖിലേഷ് യാദവ് തുടങ്ങിയവരെ കുമാരസ്വാമി സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ.

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ വിവരം പുറത്തുവന്നയുടന്‍ ബി.എസ്. യെദ്യൂരപ്പ എച്ച്.ഡി. ദേവഗൗഡയെയും കോണ്‍ഗ്രസ് നേതാക്കളെയും നേരിട്ട് ആശംസ അറിയിച്ചിരുന്നു.

കേവലഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ബി.എസ്. യെദ്യൂരപ്പ രാജിവച്ചതോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധ്യത തെളിഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more