ബെംഗലൂരു: കര്‍ണാടകയില്‍ ഇന്നും വിശ്വാസവോട്ടില്ല. നിയമ സഭ തിങ്കളാഴ്ചവരെ പിരിഞ്ഞു. വോട്ടെടുപ്പ് ഇന്ന് വൈകീട്ട് ആറുമണിക്കുള്ളില്‍ നടത്തണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. രണ്ടാമത്തെ തവണയാണ് വിശ്വാസ വോട്ടെടുപ്പിന് ഗവര്‍ണര്‍ സമയം അനുവദിക്കുന്നത്. എന്നാല്‍ രണ്ടാം തവണയും വോട്ടെടുപ്പ് നടന്നില്ല.
ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വോട്ടെടുപ്പ് നടത്താമെന്നാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് നിലപാട്. ചര്‍ച്ച തിങ്കളാഴ്ചയേ അവസാനിക്കൂ എന്ന് കുമാരസ്വാമിയും വ്യക്തമാക്കി.
കുമാരസ്വാമിയുടെ ആവശ്യത്തെത്തുടര്‍ന്ന് വിശ്വാസവോട്ട് ഇന്ന് തന്നെ നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം സ്പീക്കര്‍ തള്ളികയായിരുന്നു. ഇനിയും എത്ര പേര്‍ക്കാണ് സംസാരിക്കാനുള്ളതെന്നും എത്ര സമയം വേണമെന്നും സ്പീക്കര്‍ ചോദിച്ചിരുന്നു. എല്ലാ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കണമെന്നും എല്ലാ എം.എല്‍.എമാര്‍ക്കും സ്വന്തം മണ്‍ലത്തില്‍ പോയി വരണമെന്നുമായിരുന്നു കുമാരസ്വാമിയുടെ മറുപടി. തിങ്കളാഴ്ചയേ സെഷന്‍ അവസാനിപ്പിക്കാനാവൂ എന്നും കുമാരസ്വാമി പറഞ്ഞു.
ഗവര്‍ണറുടെ രണ്ടാം അന്ത്യശാസനത്തിനെതിരെ കുമാരസ്വാമി സഭയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ‘ഗവര്‍ണറുടെ രണ്ടാമത്തെ ‘ലവ് ലെറ്റര്‍’ എന്നെ വളരെയധികം വേദനിപ്പിച്ചു. പത്ത് ദിവസമായി ഇവിടെ അരങ്ങേറുന്ന കുതിരക്കച്ചവടത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നാണോ?’ യെദ്യൂരിയപ്പയും പാ സന്തോഷും സ്വതന്ത്ര എം.എല്‍.എ എച്ച് നാഗേഷുമായി നില്‍ക്കുന്ന ഫോട്ടോ സഭയില്‍ ഉയര്‍ത്തിക്കാട്ടി കുമാരസ്വാമി പറഞ്ഞു.